Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈല്‍ ഫോൺ അർബുദത്തിനു കാരണമോ?

mobile

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ബ്രെയിൻ ട്യൂമറുണ്ടാകുമെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ എന്താണ് സത്യം?. ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് മൊബൈൽഫോൺ ഉപയോഗവും തലച്ചോറിലെ അര്‍ബുദവും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ്.

യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയാണ് കാൻസർ എപ്പിഡമോളജി ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1987-2012 വരെയുള്ള ദേശീയ മൊബൈൽ ഉപയോഗ വിവരങ്ങളും 1982-2012 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രെയിൻ കാൻസറുള്ളവരുടെയും വിവരങ്ങൾ പഠിച്ചശേഷമാണ് ഈ നിഗമനത്തിൽ ഗവേഷകരെത്തിച്ചേർന്നിരിക്കുന്നത്.

1987ലാണ് ഓസ്ട്രേലിയയിൽ മൊബൈൽഫോൺ ഉപയോഗം തുടങ്ങിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി 90ശതമാനം വർധന ഉണ്ടാവുകയും ചെയ്തു. മൊബൈൽ ഫോൺ ഉപയോഗം കൂടിയെങ്കിലും ബ്രെയിൻ ട്യൂമർ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവൊന്നും ഉണ്ടായിട്ടില്ല.

70 വയസിനുമുകളിലുള്ളവർക്കാണ് ഈ കാലയളവിൽ ബ്രെയിൻ ട്യൂമർ ബാധിക്കുന്നതിൽ വർധന കണ്ടത്. ആ കാലയളവിലുള്ളവർ മൊബൈൽഫോൺ അത്രയധികം ഉപയോഗിച്ചിട്ടുമില്ല.

19858 പുരുഷന്‍മാരെയും 14,222 സ്ത്രീകളെയുമാണ് ഈ കാലയളവിൽ പരിശോധിച്ചത്. പുരുഷൻമാരിൽ സ്ത്രീകളെ അപേക്ഷിച്ച് ട്യൂമർ ബാധിക്കുന്നതിൽ നേരീയ വർധന കണ്ടു. ജീവിത സാഹചര്യങ്ങൾ മാറിയതും ഇതിന് ഒരു കാരണമായി പറയുന്നുണ്ട്.

നോൺ അയണൈസിങ്ങ് റേഡിയേഷനാണ് മൊബൈൽ പുറത്തുവിടുന്നതെന്നും ചെറിയ എനര്‍ജി മാത്രമുള്ളതിനാൽ കോശങ്ങളെ ഉത്തേജിപ്പിക്കാനേ കഴിയൂ ചൂടുപിടിപ്പിക്കാനാവില്ലെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ സൈമൺ ചാപ്മാൻ പറയുന്നു. ഏതായാലും മൊബൈൽഫോണുപയോഗിക്കുന്നതിന്റെ ശരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്.