Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതുകും രോഗങ്ങളും

mosquito-disease

കൊതുകു കടിയേൽക്കാത്തവർ ചുരുങ്ങും. മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാർ മാത്രമല്ല അവർ, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമർഥരാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു രോഗമുണ്ടാക്കുകയും ചെയ്യുന്നു. ഒന്നു മുതൽ മൂന്നാഴ്ച വരെ ഈ രോഗാണുക്കളെ കൊതുകിന്റെ കൊതുകിന്റെ ഉമിനീർഗ്രന്ഥിയിൽ കണ്ടെത്താം.

കൊതുകുകൾ വെള്ളത്തിലാണു മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ലാർവ, പ്യൂപ്പ എന്നീ ദശകളിലൂടെ വളർന്ന് കൊതുകുകളാവുന്നു. മഴക്കാലത്തു കൊതുകിനു പെരുകാനുള്ള സാഹചര്യം കൂടുതൽ കാണപ്പെടുന്നു. വിവിധയിനം കൊതുകുകൾ വ്യത്യസ്ത സ്വഭാവക്കാരാണ്— മുട്ടയിടുന്നയിടത്തിന്റെ പ്രത്യേകതകളിലും മനുഷ്യരെ കടിക്കുന്നതിലും മറ്റും. പെൺകൊതുകുകൾ മാത്രമേ മനുഷ്യരെ കടിക്കൂ.

പലതരം കൊതുകുകൾ

നമ്മുടെ നാട്ടിൽ രോഗാണുവാഹകരായ നാലിനം കൊതുകുകൾ ഉണ്ട്: ക്യൂലക്സ്, എയ്ഡിസ്, അനോഫിലസ്, മാൻസോണി എന്നിവ. ക്യൂലക്സ് ആണ് ഏറ്റവും കൂടുതൽ. ഇവ അഴുക്കുവെള്ളത്തിലാണ് പെരുകുന്നത്. മലിനജലം കെട്ടിനിൽക്കുന്ന ഇടങ്ങളിലെല്ലാം അവയ്ക്കു പെരുകാനുള്ള വേദിയൊരുക്കുന്നു. രാത്രികാലങ്ങളിൽ വീട്ടിൽ കടന്നാണ് ഇവ മനുഷ്യരെ കടിക്കുന്നത്.

ഈഡിസ് എന്ന ഇനം കറുത്ത ശരീരത്തിൽ വലിയ വരകളുള്ള ഒരുതരം കൊതുകാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്ന ഈ കൊതുകുകൾ പകൽസമയം പറന്നു നടന്ന് വീടിനു പുറത്തുവച്ചു മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്. മഴ വെള്ളം കെട്ടിനിൽക്കുന്ന ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ഫ്ളവർവേസുകൾ തുടങ്ങി പൂച്ചട്ടികളിൽ വരെ അവ പെരുകുന്നു.

മലിനജലത്തിലും ശുദ്ധജലത്തിലും ഒരുപോലെ മുട്ടയിട്ടു വളരുന്ന അനോഫിലസ് കൊതുകുകൾ രാത്രി സമയം പറന്നു നടന്നു വീട്ടിനുള്ളിലും പുറത്തും മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്.

മാൻസോണി ആണ് ഏറ്റവും കൂടുതൽ വലിപ്പമുള്ളവ. കേരളത്തിൽ വളരെ സാധാരണയായി കാണപ്പെടുന്നു. പ്രത്യേകിച്ചും തൊണ്ടു ചീകാനിടുന്ന കുളങ്ങളിൽ ഇവ സമൃദ്ധമായി പെരുകുന്നു. ചില പ്രത്യേകതരം ജലസസ്യങ്ങൾ ഈ കൊതുകിന്റെ വളർച്ചയെ സഹായിക്കുന്നു.

കൊതുകിനെ നിയന്ത്രിക്കാം

മന്ത്, ചിക്കുൻഗുനിയ എന്നീ രോഗങ്ങളെല്ലാം തന്നെ കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരിൽ നിന്നു മറ്റുള്ളവരിലേക്കു നേരിട്ടു പകരുന്നില്ല. അതിനാൽ കൊതുകുകളെ നിയന്ത്രണാധീനമാക്കാൻ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ നടപടി രോഗകാരികളായ കൊതുകുകളെ നിയന്ത്രിക്കുകയെന്നതാണ്.

അതിനുള്ള മാർഗനിർദേശങ്ങൾ:

  1. കൊതുകുകൾ മുട്ടയിട്ടു വളരാൻ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി ഡി റ്റി, പൈറിത്രം, പാരീസ് ഗ്രീൻ പോലുള്ള രാസപദാർഥങ്ങൾ തളിക്കുകയോ ചെയ്യാം (ഫോഗിങ്). ഇതു സർക്കാർ തലത്തിൽ വ്യാപകമായി ചെയ്യാവുന്നതാണ്.

  2. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം.

  3. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ (ഉദാ: തൊണ്ടു ചീയ്ക്കാനും മറ്റും ഉപയോഗിക്കുന്നവ) കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. മണ്ണെണ്ണ ജലോപരിതലത്തിൽ പൊങ്ങിക്കിടന്നു കൊതുകിന്റെ ലാർവയ്ക്കും പ്യൂപ്പയ്ക്കും അന്തരീക്ഷവായുമായുള്ള സമ്പർക്കം തടഞ്ഞ് അവയെ നശിപ്പിക്കുന്നു. ആഴ്ചയിലൊരിക്കൽ ഇത് ആവർത്തിക്കേണ്ടി വരും.

  4. കൊതുകു ലാർവകളെ ഭക്ഷിക്കുന്ന ഗാംബൂസിയ പോലുള്ള മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തി കൊതുകു പെരുകുന്നതു തടയാം. കുളങ്ങളിലെ ജലസസ്യങ്ങളെ ചില രാസപദാർഥങ്ങളുപയോഗിച്ചു നശിപ്പിക്കുന്നതു മാൻസോണി കൊതുകിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

  5. കൊതുകുവലകൾ ഉപയോഗിച്ചു വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം.

  6. വീടിനു പുറത്തു കിടന്നുറങ്ങരുത്.

  7. കാലിത്തൊഴുത്തും ചാണകക്കുഴികളും വീട്ടിൽ നിന്നും തെല്ലകലെ സ്ഥാപിക്കുക.

  8. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി, കൊതുകു തിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ഡൈഈതൈൽ ടൊളുവാമെഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.

കൊതുകും ആസ്മയും

കൊതുകുകളെ തുരത്താൻ എടുക്കുന്ന പല മുൻകരുതലുകളും ആസ്മ അലർജി രോഗികൾക്കു രോഗം കടുക്കാനിടയാക്കുന്നു. പരിസരങ്ങളിലെ ചപ്പുചവറുകൾ കൂട്ടി പുകയിടുക, സാമ്പ്രാണി പുകയ്ക്കുക, പ്രത്യേക കീടനാശിനികളുപയോഗിച്ചു നടത്തുന്ന ഫോഗിങ്, കിടപ്പറയിൽ കത്തിക്കുന്ന കൊതുകുതിരി, ആൾഔട്ട്, ഗുഡ്നൈറ്റ് ഇവയെല്ലാം രോഗം നിയന്ത്രണാതീതമാക്കും.

മുറിയിൽ രാസവസ്തുക്കൾ പുകയ്ക്കുന്നതിനു പകരം കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റുപയോഗിക്കുക എന്നിവ മാത്രമാണ് ആസ്മ അലർജി രോഗികൾക്കു സുരക്ഷിതം.

കൊതുകു പരത്തും രോഗങ്ങൾ

കൊതുകുകൾ വിവിധരോഗങ്ങൾ പരത്തുന്നു. ക്യൂലക്സ് കൊതുകാണു മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോഫീവർ എന്നീ രോഗങ്ങൾ പരത്തുന്നു. അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ)യുടെ രോഗവാഹി. മാൻസോണി എന്ന ഏറ്റവും വലിപ്പമുള്ള കൊതുകാണു മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്.