Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുമ്മലിനു സ്പ്രേ വേണോ?

sneeze Image Courtesy : The Week Smartlife Magazine

ഒന്നു തുമ്മാത്തതായി ആരുണ്ട്? പക്ഷേ, ആ തുമ്മൽ പത്തും ഇരുപതും മുപ്പതും പ്രാവശ്യം തുടരുകയും ദിവസവും ആവർത്തിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും ബുദ്ധിമുട്ടാണ്. ഇങ്ങനെ അലർജി കാരണം മൂക്കിനുള്ളിൽ ചൊറിച്ചിൽ വന്നു തുമ്മുന്നതിനെ അലർജിക് റൈനൈറ്റിസ് എന്നാണു പറയുന്നത്. ദീർഘകാലം നിലനിന്നാൽ ആസ്മ, വയറിനുള്ളിൽ സമ്മർദ്ദം കൂടുന്നതു കാരണമുള്ള ഹെർണിയ എന്നിവ വരെ ഉണ്ടാകാം.

അലർജിക് റൈനൈറ്റിസ് ചികിത്സിക്കുവാൻ ആന്റിഹിസ്റ്റമിൻ ഗുളികകളെക്കാൾ പ്രയോജനകരമായി പഠനങ്ങളിൽ കാണുന്നത് സ്റ്റീറോയിഡ് കലർന്ന നേസൽ സ്പ്രേകളാണ്. മൂക്കിനുള്ളിലേക്ക് അടിക്കുന്ന സ്പ്രേ രൂപത്തിലുള്ള ഔഷധങ്ങൾ. ഇവ മൂക്കിനുള്ളിൽ തുമ്മലിനു കാരണമാകുന്ന രാസപ്രവർത്തനങ്ങളെ തടയും.

സ്റ്റിറോയിഡോ?

സ്റ്റിറോയിഡ് എന്നു കേൾക്കുമ്പോൾ പാർശ്വഫലങ്ങളെക്കുറിച്ച് അറിവുള്ളവരെല്ലാം നെറ്റിചുളിക്കും. എന്നാൽ, ഇഞ്ചക്ഷനായും ഗുളികയായും കൊടുക്കുന്നതിനെ അപേക്ഷിച്ചു മൂക്കിനകത്തേക്കു സ്പ്രേ രൂപത്തിൽ സ്റ്റിറോയിഡ് ഉപയോഗിക്കുമ്പോൾ സാധാരണ ഗതിയിൽ പാർശ്വഫലങ്ങൾ ഉണ്ടാവില്ല. ഡോക്ടർ നിർദേശിക്കുന്ന ഡോസ് പറയുന്ന കാലയളവിൽ മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

ഔഷധങ്ങൾ

പല സ്റ്റിറോയിഡ് ഔഷധങ്ങളും മൂക്കിനുള്ളിൽ അടിക്കുന്ന സ്പ്രേ രൂപത്തിൽ ലഭ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഒരു നേരമോ, രാവിലെയും വൈകിട്ടുമായോ ഉപയോഗിക്കാം. ദിവസങ്ങളോളം ഉപയോഗിച്ച ശേഷം മാത്രമാണു പ്രതീക്ഷിക്കുന്ന ഫലം ലഭിച്ചുതുടങ്ങുക. രണ്ടു വയസു മുതലുള്ള കുഞ്ഞുങ്ങളിൽ സ്പ്രേ ഉപയോഗിക്കാമെങ്കിലും, ഔഷധങ്ങളുടെ പ്രത്യേകതകളും മറ്റു പാർശ്വഫലങ്ങളും പരിഗണിച്ചു കൊണ്ട് ഒരു വിദഗ്ധന്റെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ദിവസം രണ്ടു പ്രാവശ്യത്തിൽ കൂടുതൽ സ്പ്രേ ചെയ്യാതിരിക്കുന്നതാണു നല്ലത്.

ഉപയോഗിക്കുന്നതിനു മുമ്പായി ശ്വാസം അകത്തേക്കും പുറത്തേക്കും മൂക്കിലൂടെ വിടുക. രണ്ടു മൂക്കും തുറന്നു വായു സുഗമമായി പ്രവേശിക്കുന്നു എന്നു ഉറപ്പാക്കിയേക്കണം. തല ഉയർത്തിപ്പിടിച്ചു ശരിയായ വിധത്തിലായിരിക്കണം ഉപകരണം മൂക്കിനുള്ളിലേക്കു കടത്തിവയ്ക്കാൻ. ഓരോ മൂക്കിലേക്കും സ്പ്രേ അടിക്കുമ്പോൾ മറ്റേ മൂക്ക് വിരൽ കൊണ്ട് അടച്ചു പിടിക്കണം. മൂക്കിലേക്ക് അടിക്കുന്ന സ്പ്രേ മൂക്കിനുള്ളിലൂടെ, വായിലേക്കു പ്രവേശിച്ചാൽ ഉപയോഗിക്കുന്ന വിധം ശരിയല്ല എന്ന് അനുമാനിക്കാം.

അലർജിക് റൈനൈറ്റിസ് ചികിത്സയ്ക്കുപയോഗിക്കുന്ന ഗുളികകൾക്കു പാർശ്വഫലങ്ങൾ നിരവധി ഉള്ളതിനാൽ സുരക്ഷിതവുമായ പ്രതിരോധ ചികിത്സ നേസൽ സ്പ്രേകൾ അല്ലെങ്കിൽ മൂക്കിനുള്ളിലേക്ക് അടിക്കുന്ന ദ്രാവകരൂപത്തിലുള്ള ഔഷധങ്ങളാണ്.

സ്്പ്രേ എപ്പോഴൊക്കെ പാടില്ല

മൊമെറ്റാസോൺ പോലുള്ള സ്പ്രേകൾ തുമ്മൽ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഔഷധങ്ങളിൽ ഒന്നാണ്. എന്നാൽ അതിശക്തമായ തുമ്മൽ ഉള്ള സമയത്തല്ല, ഇതു ഉപയോഗിച്ചു തുടങ്ങാൻ. തുമ്മിക്കൊണ്ടിരിക്കുന്ന വേളയിലോ, മൂക്കിനകത്ത് രക്തസ്രാവമുള്ള വേളയിലോ ഉപയോഗിക്കാൻ പാടില്ല. അത്തരം വേളകളിൽ ആന്റിഹിസ്റ്റമിനും മറ്റൗഷധങ്ങളും കഴിച്ചു തുമ്മൽ ചികിത്സിച്ചശേഷം അതു ഭാവിയിൽ വരാതിരിക്കുന്നതിനുവേണ്ടി പ്രതിരോധമായിട്ടു വേണം നേസൽ സ്പ്രേകൾ ഉപയോഗിക്കാൻ. തുമ്മലുള്ള പലർക്കും കണ്ണിൽ ചൊറിച്ചിലും കാണാറുണ്ട്. എന്നാൽ ഒരു കാരണവശാലും സ്പ്രേ കണ്ണിൽ ഉപയോഗിക്കരുത്.

ഡോ. ജ്യോതിദേവ് കേശവദേവ്, കൺസൽട്ടന്റ് ഇൻ ഡയബറ്റിസ് ആൻഡ് ജെറിയാട്രിക്സ്., ഡോ. ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റർ, തിരുവനന്തപുരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.