Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ വരുന്നു... സിറിഞ്ചും വേദനയുമില്ലാത്ത വാക്സിനേഷൻ

mucojet

‘അയ്യേ, മോശം കുട്ടികളല്ലേ ഇങ്ങനെ കരയുക? ഇതിന് ദാ ഒരുറുമ്പ് കടിക്കുന്ന വേദനയേ കാണൂ...ഇനി വേദനയെടുക്കുകയാണെങ്കിൽ നഴ്സമ്മ ഈ മിഠായിയും തരാം...’ ഇത്തരത്തിൽ എന്തൊക്കെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകിയാലാണ് ഒരു വാക്സിനേഷൻ ഇൻജക്‌ഷൻ എടുക്കാൻ സാധിക്കുക! പിള്ളേരാണെങ്കിൽ സിറിഞ്ച് കാണുമ്പോഴേക്കും വലിയവായിൽ നിലവിളിയും തുടങ്ങും. നവജാതശിശുക്കളാണെങ്കിൽ പറയുകയും വേണ്ട. സിറിഞ്ച് വഴിയുള്ള വാക്സിനേഷൻ പ്രയോഗം കുട്ടികളിലാണ് ഏറെയും. അതിനെല്ലാം അധികംവൈകാതെ പരിഹാരമാകുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ പ്രതീക്ഷ.

സൂചിയോ കുത്തിവയ്പോ ഇല്ലാതെ ‘സ്പ്രേ’ ഉപയോഗിച്ചുള്ള പ്രതിരോധമരുന്ന് വിതരണമാണ് പരീക്ഷണഘട്ടത്തിലുള്ളത്. ബെർക്ക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഇതിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. ഒരു ഗുളികയോളം പോന്നതാണ് ‘മ്യൂകോജെറ്റ്’ എന്നറിയപ്പെടുന്ന ഈ വാക്സിൻ സ്പ്രേ. വായിലൂടെയാണ് ഇതുവഴിയുള്ള വാക്സിനേഷൻ നൽകുക. കുട്ടികൾ അതിനും തയാറായില്ലെങ്കിൽ മിഠായി വഴിയും നൽകാം. ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെ തന്നെ ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്.

Capsule-outside-mouth

ദൂരപ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കുമ്പോൾ പലപ്പോഴും കാലാവസ്ഥാമാറ്റം കാരണം മരുന്ന് ഉപയോഗശൂന്യമായിപ്പോകാനിടയുണ്ട്. അത്തരം അവസരങ്ങളിലും ഈ സ്പ്രേ ഗുണകരമാകും. കാരണം, പൊടിയുടെ രൂപത്തിലാണ് ഇതിൽ വാക്സിൽ സൂക്ഷിക്കുക. 3ഡി പ്രിന്റിങ്ങിലൂടെയാണ് മ്യൂക്കോജെറ്റ് തയാറാക്കിയെടുത്തത്. വാട്ടർ റെസിസ്റ്റന്റാണു സംഗതി. ഏതാനും മില്ലിമീറ്ററേയുള്ളൂ നീളം. പ്രവർത്തനം വളരെ ലളിതം. കുത്തിവയ്ക്കുന്നതിനു പകരം ഈ വാക്സിൻ വായ്ക്കകത്തേക്കു സ്പ്രേ ചെയ്യും. ഇതിനായി മ്യൂക്കോജെറ്റിൽ ശക്തമായി അമർത്തണം. അതുവഴിയുണ്ടാകുന്ന സമ്മർദ്ദമാണ് വാക്സിനെ പുറത്തേക്കു ചലിപ്പിക്കുന്നത്. ഒരു ചെറിയ ദ്വാരം വഴിയായിരിക്കും വരവ്. പരമാവധി ശക്തിയിൽ വാക്സിന്‍ പുറത്തേക്കു തെറിക്കാവുന്ന വിധത്തിലാണ് രൂപകൽപന. പത്തുസെക്കൻഡോളം കവിളിലേക്കായിരിക്കും അതീവശക്തിയിൽ ഈ സ്പ്രേയിങ്. വാക്സിൻ കവിളിലെ സംയുക്തകോശങ്ങൾ വഴി ശരീരത്തിലേക്കു കടക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷിയുള്ള കോശങ്ങൾ ഏറെയുള്ള ഭാഗം കൂടിയാണ് കവിളിലുള്ളത്.

മ്യൂകോജെറ്റ് ഉപയോഗിച്ച് ചെറുജീവികളിൽ നടത്തിയ വാക്സിൻ പരീക്ഷണം വിജയകരമായിരുന്നു. അടുത്തതായി പന്നികളിലും കുരങ്ങുകളിലുമായിരിക്കും പരീക്ഷണം. 5–10 വർഷത്തിനകം മ്യൂക്കോജെറ്റ് വിപണിയിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച പഠനം ‘സയൻസ് ട്രാൻസ്‌ലേഷനൽ മെഡിസിൻ’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.