Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിലേക്കു നയിക്കുന്ന 9 ശീലങ്ങൾ

cancer-habits

ദിനംപ്രതി കാൻസർ രോഗികളുടെ എണ്ണം കൂടിവരുന്നു. കാൻസർ എന്നു കേൾക്കുമ്പോൾ തന്നെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നവർ ഇപ്പോഴും കുറവല്ല താനും. ഇത്രയും ഭീതിയോടെ കാൻസറിനെ സമീപിച്ചിട്ടും എന്തുകൊണ്ട് എണ്ണം കുറയ്ക്കാൻ സാധിക്കുന്നില്ല എന്ന മറുചോദ്യം അവശേഷിക്കുകയാണ്.

ജീവിതരീതിയിൽ വന്ന വ്യത്യാസങ്ങൾ തന്നെയാണ് പല പുതിയ രോഗങ്ങളുടെയും ഉത്ഭവത്തിനു കാരണമെന്ന് എല്ലാവരും അടിവരയിട്ട് സമ്മതിക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് വീണ്ടും ഇതേ രീതിതന്നെ ആവർത്തിക്കുന്നുവെന്നു ചോദിച്ചാൽ ഉത്തരമില്ലതാനും. കാൻസർ സാധ്യത വർധിപ്പിക്കുന്ന നമ്മുടെ ശീലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

1. പുകവലി

പുരുഷൻമാരിൽ കാണപ്പെടുന്ന കാൻസറിന്റെ പ്രധാന കാരണക്കാരൻ പുകവലിയാണെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം വായ്ക്കകത്തെ കാൻസറിനു പുറമേ തൊണ്ട, ബ്ലാഡർ, പാൻക്രിയാസ്, കിഡ്നി, ലങ്സ് എന്നിവിടങ്ങളിലും കാൻസർ ഉണ്ടാക്കുന്നുണ്ട്.

2. പാസീവ് സ്മോക്കിങ്

നമ്മൾ അറിയാതെ നമ്മളെ കീഴ്പ്പെടുത്തുന്ന ഒന്നാണ് പാസീവ് സ്മോക്കിങ്. നിങ്ങൾക്ക് പുകവലിക്കുന്ന ശീലം ഉണ്ടായിരിക്കില്ല, പക്ഷേ നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലുമോ അല്ലെങ്കിൽ കൂട്ടുകാരോ പുകവലിക്കുന്നവരാണെങ്കിൽ അവരോടൊപ്പമുള്ള സഹവാസം നിങ്ങളെയും രോഗിയാക്കിയേക്കാം.

3. മദ്യത്തിന്റെ അമിതോപയോഗം

കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് ദോഷകരമല്ലെന്ന് അഭിപ്രായം ഉണ്ടെങ്കിലും അമിത ഉപയോഗം കാൻസറിനു മാത്രമല്ല മാരകമായ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. കടുത്ത മദ്യപാനികളിൽ വായ്, തൊണ്ട, അന്നനാളം, കരൾ, ബ്രെസ്റ്റ്, വൻകുടൽ എന്നീ ഭാഗങ്ങളിൽ കാൻസർ കണ്ടുവരുന്നുണ്ട്.

4. ഷുഗറി ബിവറേജസ്

സോഡകൾ, കൃത്രിമ പഴച്ചാറുകൾ, മധുര പാനീയങ്ങൾ എന്നിവ കാൻസറിലേക്കു തള്ളിവിടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. മധുരത്തിനും രുചിക്കുംവേണ്ടി ഇവയിൽ ചേർക്കുന്ന പഞ്ചസാര ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് കൂട്ടാനേ ഉപകരിക്കൂ. ഇൻസുലിന്റെ അളവ് കൂടുന്നതു കാൻസർ രൂപപ്പെടുത്തും.

5. വ്യായാമമില്ലായ്മ

ശരീരം അനങ്ങാതെ പണിയെടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിൽ കൂടുതലും. ഹൃദയത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും ശരീരവടിവിനും വ്യായാമം കൂടിയേ തീരൂ. യാതൊരുവിധ വ്യായാമ പ്രവർത്തനങ്ങളിലും ഏർപ്പെടാത്തവർക്ക് കാൻസർ സാധ്യത കൂടുതലാണെന്നു പഠനങ്ങൾ കാണിക്കുന്നു.

6. അമിതവണ്ണം

കാലറി കൂടുതലടങ്ങിയ ആഹാരം ധാരാളം കഴിക്കും, അത് എരിച്ചു കളയാനുള്ള അത്രയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമില്ല. ഇത് പൊണ്ണത്തടി പോലുള്ള പല രോഗാവസ്ഥയിലേക്കും കൊണ്ടെത്തിക്കുന്നു. പാൻക്രിയാറ്റിക്, ഗോൾ ബ്ലാഡർ, കിഡ്നി, ഒവേറിയൻ തുടങ്ങിയ കാൻസറുകളിലെ പ്രധാന വില്ലൻ അമിതവണ്ണമാണ്.

7. അനാരോഗ്യ ഡയറ്റ്

കാൻസറിൽ നിന്നു രക്ഷ നേടുന്നതിൽ നമ്മൾ എന്തു കഴിക്കുന്നു എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരങ്ങളും പ്രോസസ്ഡ് ഫുഡുകളും കാൻസർ സാധ്യത വർധിപ്പിക്കുന്നുണ്ട്. പഴങ്ങളിലുള്ള ആന്റിഓക്സിഡന്റുകളും പച്ചക്കറികളിലുള്ള ഫൈബറുകളും കാൻസർ സാധ്യത കുറയ്ക്കുന്നവയാണ്.

8. അണുബാധ

ശക്തമായ ഒരു രോഗപ്രതിരോധവ്യൂഹവും ആരോഗ്യകരമായ ആഹാരക്രമവും നിങ്ങളെ കാൻസറിൽ നിന്നു മോചിപ്പിക്കും. കാരണം ഇവ നിങ്ങളെ എല്ലാത്തരം അണുബാധകളിൽ നിന്നും സംരക്ഷിച്ചു നിർത്തും. ചില കാൻസറുകൾക്ക് കാരണക്കാരാകുന്നത് ബാക്ടീരിയ, വൈറസ് തുടങ്ങിയ അണുബാധകളാണ്.

9. അർധരാത്രിയിലെ ജോലി

അർധരാത്രിയിലും തുടരുന്ന ജോലി നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നു. ഇതാകട്ടെ മാനസികമായും ശാരീരികമായും ബാധിക്കുകയും ഉറക്കമില്ലായ്മയിലേക്കു നയിക്കുകയും ചെയ്യുന്നു. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ ബ്രെസ്റ്റ് കാൻസർ സാധ്യത കൂടുതലാണെന്നു പഠനങ്ങൾ വന്നിട്ടുണ്ട്. ഹോർമാണിന്റെ ഇൻബാലൻസാണ് ഇതിനു കാരണമായി കണ്ടെത്തിയിരുന്നത്.

മുകളിൽ പറഞ്ഞിരുക്കുന്ന ദുശീലങ്ങൾ ഒഴിവാക്കി കാൻസർ സാധ്യതയോടു ഗുഡ്ബൈ പറയാൻ തയാറായിക്കോളൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.