Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലി മാത്രമല്ല; ഉപേക്ഷിക്കേണ്ടത് കൊഴുപ്പുകൂടിയ ഭക്ഷണ രീതിയും

smoke-cancer

കേരളത്തിൽ അർബുദം പടരുന്നതിനു പിന്നിൽ പുകവലി മാത്രമല്ല, ഭക്ഷണത്തിനും ജീവിത രീതിക്കും അതിലൊരു പങ്കുണ്ട്. പുകയിലയുടെ ഉപയോഗം കുറഞ്ഞിട്ടും കാൻസർ വ്യാപകമാകുന്നതിനു കാരണമിതാണെന്നു പ്രശസ്‌ത അർബുദ ശസ്‌ത്രക്രിയാ വിദഗ്‌ധനും പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂർ സ്വദേശിയുമായ ഡോ. തോമസ് വർഗീസ്. പുകവലി ഉപേക്ഷിച്ചാൽ കാൻസർ വരാനുള്ള സാധ്യത 30 ശതമാനം കണ്ടു കുറയും. അർബുദത്തെ ഭയപ്പെടേണ്ടതില്ല. നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും ചികിൽസിച്ചു ഭേദമാക്കാവുന്ന രോഗമാണിത്. അർബുദത്തിൽ നിന്നുള്ള മരണനിരക്ക് നിയന്ത്രണവിധേയമായി വരികയാണെന്നും ഡോ തോമസ് പറയുന്നു.

ഒന്നും കഴിക്കരുതെന്നല്ല. മലയാളികളുടെ പല ഭക്ഷണ രീതി മാറണം. നാരടങ്ങിയ പച്ചക്കറി വേവിച്ചും വേവിക്കാതെയും കഴിക്കണം. ഒരു ദിവസം എട്ടു ഗ്ലാസ് വെള്ളം പതിവാക്കണം. യൂറോപ്പ്യൻമാരെ നോക്കൂ– ഇറച്ചിയും പാലും കഴിക്കുന്നതിനൊപ്പം ജൈവരീതിയിൽ വിളയിച്ച പച്ചക്കറികളും അവർ ധാരാളം കഴിക്കും. ഏതു വിദേശ ഹോട്ടലിൽ ചെന്നാലും ആദ്യം നൽകുക കുറെ ഇലകളും കായ്‌കളും നിറമുള്ള പഴവർഗങ്ങളുമായിരിക്കും. ഇസ്രയേലിലെ ഹോട്ടലിൽ കിട്ടുന്ന പ്രധാന ആഹാരം ഒലിവിന്റെ സംസ്‌കരിച്ച കായയാണ്. ഈ സാലഡ് സംസ്‌കാരം മലയാളികളുടെ മേശപ്പുറത്തും എത്തണം.

തമിഴ്‌നാട്ടിൽ നിന്നുള്ളവയാണെങ്കിൽ ഉപ്പുവെള്ളത്തിലോ വിനാഗിരി വെള്ളത്തിലോ ഇട്ട് നന്നായി കഴുകി കീടനാശിനി നിർവീര്യമാക്കി വേണം പച്ചക്കറി തയ്യാറാക്കാൻ. സ്വന്തം മുറ്റത്തോ ടെറസിലോ പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യണം. ഇതു മലയാളിയുടെ ജീവിത സംസ്‌കാരമായി മാറിയില്ലെങ്കിൽ നമ്മുടെ ഭാവി അപകടത്തിലാണ്. കൊഴുപ്പുകൂടിയ ഭക്ഷണരീതി ഒഴിവാക്കുക. ശസ്‌ത്രക്രിയയ്‌ക്കായി തുറക്കുമ്പോൾ പല അർബുദ രോഗികളുടെയും വയറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പു കണ്ട് ഞെട്ടിയിട്ടുണ്ടെന്നു ഡോ. തോമസ്. വ്യായാമം കുറവുള്ള ജീവിതരീതിയാണ് കൊഴുപ്പടിയലിനു പിന്നിൽ. ഇത് അർബുദത്തിലേക്കു നയിക്കാം.

അർബുദം വ്യാപിക്കുന്നതിനു കാരണമെന്താണ് ? അർബുദം പിടിപെടുന്നത് 60 ശതമാനവും ഭക്ഷണ രീതിയിൽ നിന്നാണ്. 10 ശതമാനം ബാക്‌ടീരിയ–വൈറസുമായും 30 ശതമാനം പുകവലിയുമായും ബന്ധപ്പെട്ടിരിക്കും. അന്തരീക്ഷ മലിനീകരണം, വാഹനങ്ങളിൽ നിന്നുള്ള പുക, രാസവളപ്രയോഗം, കീടനാശിനികൾ, ചിലതരം പെയിന്റുകൾ, നിറമുള്ള കളിപ്പാട്ടങ്ങൾ, പ്ലാസ്‌റ്റിക്കുകളുമായുള്ള നിരന്തര സമ്പർക്കം തുടങ്ങിയവ കാരണമാകാം. ജനിതക മാറ്റം മൂലം സ്‌തനാർബുദം പോലുള്ളവ വ്യാപിക്കുന്നു. കോശങ്ങളുടെ അനിയന്ത്രിതമായ പെറ്റുപെരുകലാണു കാൻസർ. ശരീരത്തിൽ മുഴകളുടെ രൂപത്തിൽ ഇതു പ്രത്യക്ഷപ്പെടും. രോഗം ബാധിച്ച (മാലിഗ്നന്റ്) കോശങ്ങൾ രക്‌തധമനികളിലൂടെയും ലിംഫ് ഗ്രന്ഥികളിലൂടെയും മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കും.

കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം ? കാൻസർ പ്രതിരോധ വാക്‌സിനുകൾ ഇന്നു ലഭ്യമാണ്. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് തുടങ്ങി കേരളത്തിൽ ലഭിക്കുന്ന പല കറിക്കൂട്ടുകളും അർബുദത്തെ തടയുന്നവയാണ്. മദ്യവും പുകയിലയും ഉപേക്ഷിക്കുക. വ്യായാമം ചെയ്യുക. പഴങ്ങളും പച്ചക്കറികളും കഴിക്കുക.

സ്‌തനാർബുദം വർധിച്ചുവരുന്നതിനെതിരെ എന്തു ചെയ്യണം ? നമ്മുടെ നാട്ടിൽ സ്‌തനാർബുദം വർധിച്ചുവരുന്നതിനു കാരണം നഗരവൽക്കരണവും ജീവിതശൈലിയിലുണ്ടായ മാറ്റവുമാണ്. ഉരരിൽ കുത്തരി പൊടിച്ച് അപ്പമുണ്ടാക്കുകയും തൊട്ടിയിട്ടു വെള്ളംകോരുകയും ചെയ്‌തിരുന്ന അമ്മമാരിൽ ഇതു കുറവായിരുന്നു. പായ്‌ക്കറ്റ് ഭക്ഷണം ശീലമാക്കിയതോടെ ഈസ്‌ട്രോജൻ എന്ന സ്‌ത്രൈണ ഹോർമോൺ ഉത്തേജിപ്പിക്കപ്പെടുന്നു. ഇതും ജനിതകമാറ്റവും കൂടി ചേരുമ്പോൾ അർബുദ സാധ്യത വർധിക്കും. 45 വയസിനു മുകളിലുള്ള സ്‌ത്രീകൾ ഒരു തവണയെങ്കിലും കാൻസർ പരിശോധന (മാമോഗ്രാം) നടത്തണം. 45 നു താഴെയുള്ളവർ അൾട്രാസൗണ്ട് ചെയ്‌താലും മതി.

കാൻസർ ബാധിത സ്‌തനത്തിന്റെ പൂർണ രൂപം നിലനിർത്തി പ്ലാസ്‌റ്റിക് സർജറി ചെയ്യാൻ ഇന്നു കഴിയും. ശസ്‌ത്രക്രിയ കഴിഞ്ഞ് രോഗിയെ 24 മണിക്കുറിനകം വീട്ടിൽ വിടാൻ കഴിയുന്ന സർജറിയും വികസിപ്പിക്കാൻ കഴിഞ്ഞു. തോമസ് ടെക്‌നിക് എന്നാണ് ഈ ചികിൽസ അറിയിപ്പെടുന്നത്.

കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം ? ആർക്കും വരാവുന്ന രോഗമാണിത്. തുടക്കത്തിൽ കണ്ടുപിടിച്ചാൽ പണനഷ്‌ടവും ആൾനഷ്‌ടവും ഒഴിവാക്കാം. ഇടയ്‌ക്ക് വൈദ്യപരിശോധന നടത്തുക. രോഗ ലക്ഷണങ്ങൾ തലപൊക്കുമ്പോൾ പരിശോധിക്കാൻ മടികാണിക്കരുത്. സർജറി, റേഡിയേഷൻ, കീമോ എന്നിവയിലൂടെ മിക്ക കാൻസറും ഇന്നു ചികിൽസിച്ചു ഭേദമാക്കാൻ കഴിയും. കാൻസർ ജീവിതത്തിന്റെ അവസാനമല്ല. ചികിൽസയുടെ ഫലപ്രാപ്‌തിയിൽ വിശ്വസിക്കുക. നിങ്ങൾ എത്രത്തോളം ശുഭാപ്‌തി വിശ്വാസിയാണോ അത്രത്തോളം ചികിൽസ വിജയകരമായിരിക്കും.

മലശോചന, ശബ്‌ദ ഇടർച്ച, രക്‌തംപോക്ക്, തടിപ്പ്, വിശപ്പില്ലായ്‌മ, പുളിച്ചുതികട്ടൽ, മറുകുകളിലെ മാറ്റം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ ഡോക്‌ടറെ കാണണം. തുടർച്ചയായ ചുമയും കഫവുമുള്ളവർ പരിശോധിക്കണം. ഭാരക്കുറവ്, ശബ്‌ദത്തിലെ ഇടർച്ച എന്നിവയും ലക്ഷണങ്ങളാണ്. പുകവലി പാടേ ഉപേക്ഷിക്കണം. മലിനമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്കു ഭാവിയിൽ ശ്വാസകോശാർബുദം വരാം. നേരത്തെ തിരിച്ചറിയാൻ ഏറ്റവും പ്രയാസമുള്ള കാൻസറാണിത്.

*കാൻസറും ഭക്ഷണവുമായി എന്തു ബന്ധം ? * പാൽ, പഞ്ചസാര, ഉപ്പ്, മൈദ, തവിടുകളഞ്ഞ വെള്ളഅരി എന്നീ 5 വെളുത്ത വസ്‌തുക്കൾ ഉപേക്ഷിച്ചാൽ കാൻസറിനെ ഒരു പരിധിവരെ ചെറുക്കാം. ചിക്കനിൽ ഈസ്‌ട്രജൻ കൂടുതലാണ്. സ്‌ത്രൈണ ഹോർമോണായ ഈസ്‌ട്രജൻ കലർന്ന പിണ്ണാക്കു കഴിച്ച് കന്നുകാലികളിൽ പോലും ഇന്നു കാൻസർ വ്യാപകമാണ്. ഈ ഹോർമോണിനു പുറമേ രാസവസ്‌തുക്കളും കലർത്തിയാണ് തമിഴ്‌നാട് പാൽ ഇവിടെ വിൽക്കുന്നത്. അതിനാൽ പാൽ ഒഴിവാക്കുന്നതിൽ തെറ്റില്ല. പകരം പയറുവർഗങ്ങളും വീട്ടിൽ വളർത്തുന്ന പച്ചക്കറികളും ധാരാളം കഴിക്കണം. ചൈനയിൽ ആരും പാലു കുടിക്കാറില്ല. നമ്മുടെ വീട്ടിലെ ഫ്രിഡ്‌ജിനുള്ളിൽ പോലും പാപ്പിലോമാ വൈറസ് ധാരാളമുണ്ട്. ഇവ കാൻസറിനു പ്രേരകമായേക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.