Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരസെറ്റാമോള്‍ കഴിക്കും മുന്‍പ് അറിയാൻ

paracetamol

ചെറിയൊരു തലവേദന വന്നാല്‍പോലും ഡോക്ടറോടു ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങിക്കഴിക്കുന്നവരാണു മലയാളികള്‍. ചിലര്‍ സ്ട്രിപ്പുകണക്കിനു വാങ്ങി ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും. മുന്‍പിന്‍ നോക്കാതെയുള്ള പാരസൈറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്.

പാരസെറ്റാമോള്‍ ഉപയോഗം ഉണ്ടാക്കിയേക്കാവുന്ന അഞ്ച്് അപകടങ്ങളെക്കുറിച്ച് നവിമുംബെയിലെ അക്ഷ്‌ജ്യോത് ക്ലിനിക്കിലെ ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. അക്ഷയ് ചലാനി പറയുന്നത് ശ്രദ്ധിക്കാതെ പോകരുത്.

1. കരളിനു ദോഷം: പാരസെറ്റാമോള്‍ ഗുളികകളുടെ കവറില്‍ത്തന്നെ അവ കരളിനു ദോഷകരമാണെന്ന് രേഖപ്പെടുത്താറുണ്ട്. മൂന്നുഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തിലെത്തിയാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അപകടം ഒഴിവാക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം അതും നിര്‍ദേശിച്ച ഡോസില്‍ മാത്രമേ പാരസെറ്റാമോള്‍ കഴിക്കാവു.

2. ആമാശയ വീക്കം: പാരസെറ്റാമോളിന്റെ അളവുകൂടിയാല്‍ ദഹനക്കുറവിനും വയറുവീര്‍ക്കുന്നതിനും കാരണമായേക്കാം. ഇങ്ങനെ തോന്നുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം.

3. അലര്‍ജി: ശരീരത്തില്‍ പലയിടത്തായി ചുവന്നു തുടുത്ത പാടുകളുണ്ടായേക്കാം.  

4. ഉറക്കംതൂങ്ങല്‍: കരള്‍ അമിതാധ്വാനം ചെയ്യേണ്ടി വരുന്നതുകൊണ്ടുണ്ടാകുന്ന ക്ഷീണാവസ്ഥ. മറവി, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

5. കരള്‍രോഗം: പാരസെറ്റാമോളിന്റെ അളവുവീണ്ടും കൂടിയാല്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതിവരാം. കരള്‍രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരുകാരണവശാലും പാരസെറ്റാമോള്‍ കഴിക്കരുത്. വൃക്കകളേയും തകറാറിലാക്കാന്‍ കൂടിയ അളവിലുള്ള പാരസെറ്റാമോളിനു കഴിയും.