Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സ്: കരുതലിന്റെ മറു പേര്

nurse

കണ്ണീരുണങ്ങാത്ത മുഖങ്ങൾക്കരികിലേക്ക് സാന്ത്വനവുമായെത്തുന്ന മാലാഖമാർ കടലാഴം കണ്ണീരിലാണെന്ന സത്യം കേരളം തിരിച്ചറിഞ്ഞത്, ശാന്തമായി തുടങ്ങി പടർന്നുകയറിയ സമരത്തിൽ നിന്നായിരുന്നു. കേരളം അന്ന് ഇവരെ ചേർത്തുപിടിച്ചപ്പോൾ ശമ്പളത്തിൽ ഏകീകരണംവരുത്തി സർക്കാരും ഇവർക്കൊപ്പം ചേർന്നു. എങ്കിലും ചില സ്ഥലങ്ങളിൽ ഇപ്പോഴും തുച്ഛമായ ശമ്പളത്തിൽ ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടവരുണ്ട്.

ലക്ഷങ്ങൾ മുടക്കി നഴ്സിങ് പഠിക്കാൻ പോകുന്ന എല്ലാവരും കരുതുന്നത് തനിക്കൊരു ജോലി കിട്ടിയാൽ കുടുംബത്തിന് താങ്ങാകാമെന്നാണ്. വിദേശരാജ്യങ്ങളിലെ വമ്പൻ ശമ്പളം സ്വപ്നം കാണുമ്പോൾ അവിടെ വരെയെത്തുന്നതിന് കടക്കേണ്ട കടമ്പകളെപ്പറ്റി അറിയുമ്പോൾ സ്വപ്നങ്ങൾ പൊലിയുന്നു. പഠനം പൂർത്തിയാക്കുന്നതിന് എടുക്കുന്ന വിദ്യാഭ്യാസ ലോൺ തിരിച്ചടയ്ക്കാൻ പലപ്പോഴും ലഭിക്കുന്ന ശമ്പളം തികയാത്ത അവസ്ഥ.

ആശുപത്രിയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെപ്പറ്റി ഡൽഹിയിൽ ജോലി ചെയ്യുന്ന മഞ്ജു പറയുന്നതിങ്ങനെ: 'നാട്ടിൽ ലഭിക്കുന്നതിലും കൂടുതൽ ശമ്പളം പ്രതീക്ഷിച്ചാണ് ഇവിടെയെത്തിയത്. എന്നാൽ പല ദിവസങ്ങളിലും രണ്ടിലധികം ഷിഫ്റ്റുകൾ ഒരുമിച്ച് ചെയ്യേണ്ട അവസ്ഥയാണ്. ആളില്ലാത്ത സമയമാണെങ്കിൽ രാവിലെ ഏഴിന് കയറിയാൽ രാത്രി ഒൻപതാകാതെ ഇറങ്ങാൻ കഴിയില്ല. ഐസിയുവിലാണ് ജോലിയെങ്കിലും പലപ്പോഴും വാർഡിലും ഇടാറുണ്ട്. ഹെഡ്നഴ്സ് പറയുന്നതെല്ലാം ചെയ്താൽ പോലും ചീത്ത വിളിക്കു കുറവുണ്ടാകാറില്ലെന്നതാണ് സത്യം'.

നാട്ടിലെ അവസ്ഥ ഇതിലും ഭീതികരമാണെന്ന് പറയുന്നു എറണാകുളത്ത് ജോലി ചെയ്യുന്ന അനു. 'കിടക്കളൊന്നും ഓട്ടോമാറ്റിക് അല്ലാത്തതിനാൽ രോഗികളെ എടുത്തുയർത്തേണ്ടി വരും. ദിവസവും എട്ടും ഒൻപതും പേരെ ഇതുപോലെ എടുത്തുയർത്തുമ്പോഴേക്കും നടുവിന് വേദന ശക്തമാകും. പിന്നെ വീട്ടിൽ ചെന്നാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പോരാത്തതിന് ഡോക്ടർമാരുടെയും സീനിയർ നഴ്സുമാരുടെയും ശകാരം. പലപ്പോഴും സമയത്ത് ആഹാരം കഴിക്കാൻ പോലും സാധിക്കാറില്ല. പഠിക്കുന്ന സമയത്തെടുത്ത ലോൺ കൂടിക്കൂടി താങ്ങാൻ സാധിക്കാത്ത സ്ഥിതിയിലേക്ക് മാറുകയും ചെയ്തു.'

എത്ര കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിച്ചാലും രോഗികളുടെ മുന്നിൽ നഴ്സുമാർ എന്നും മാലാഖമാരെപ്പോലെയാണ്. അതികഠിന വേദനയ്ക്കിടയിലും ആ മുഖത്ത് തെളിയുന്ന പുഞ്ചിരി നൽകുന്നത് ആശ്വാസവും.

Your Rating: