Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർക്കുക, ഇന്നല്ലെങ്കിൽ നാളെ നമ്മളും വയോജനങ്ങളാണ്

oldage

ഒക്ടോബർ 1: വീണ്ടു ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി. ഇതു കാണുമ്പോൾ നാമൊക്കെ മനസിൽ ഓർത്തേക്കാം. ഇത് പ്രായമായവർക്കു വേണ്ടിയുള്ള ദിനാചരണമല്ലേ എന്ന്. പക്ഷേ മറക്കാതിരിക്കുക നാമെല്ലാം വയസായിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ നമുക്കും ബാധകമാണ്

ലോക ജനസംഖ്യയിൽ 600 ദശലക്ഷത്തിലധികം ആളുകൾ അറുപത് വയസിനു മേൽ പ്രായമായവരാണെന്നാണ് കണക്ക്. 2025ൽ ഈ സംഖ്യ ഇരട്ടിയാകും. 2050ൽ മൂന്നിരട്ടിയിലേറെയാകും. അതുകൊണ്ടു തന്നെ പ്രായമേറിയവരെ ആരോഗ്യ സാമൂഹിക പ്രശ്നങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്നങ്ങളത്രെ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക അല്ലാത്ത പക്ഷം അത് ലഘൂകരിക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. മറിച്ച് അതൊരു ഔദാര്യമല്ല എന്ന് നാം എല്ലാം തിരിച്ചറിയേണ്ടതുണ്ട്.

ജീവിതത്തിന്റെ വസ‌ന്തകാലത്ത് കുടുംബത്തിനും, സമൂഹത്തിനും വേണ്ടി ഏറെ വിയർപ്പൊഴുക്കിയവരാണ് നമ്മുടെ വയോജനങ്ങൾ. അവരോട് നാം തിരിച്ച് കാണിക്കുന്ന സമീപനം ആശ്വാസമാണോ എന്ന വീണ്ടുവിചാരത്തിന് സമയം അതിക്രമിച്ചു കഴിഞ്ഞു. വൃദ്ധരോടുള്ള അവഗണനയും, ക്രൂരമായ പെരുമാറ്റങ്ങളും ഇന്നൊരു വാർത്ത പോലും അല്ലാതായി കഴിഞ്ഞു. താനധ്വാനിച്ചുണ്ടാക്കിയ വീട്ടിൽ നിന്നു പോലും പുറന്തള്ളപ്പെടുന്ന സാഹചര്യങ്ങളിലാണ് ഇന്ന് പല വയോജനങ്ങളും ജീവിക്കുന്നത്. വർധിച്ചു വരുന്ന ഉപഭോഗ സംസ്ക്കാരവും, അണുകുടംബ ജീവിത രീതിയുമൊക്കെ വയോജനങ്ങളെ കൂടുതൽ കൂടുതൽ പാർശ്വവൽക്കരിക്കപ്പെടാനാണ് ഇടയ്ക്കിയിട്ടുള്ളത്. ഇതിനോടൊക്കെ നിസ്സംഗമായി മുഖം തിരിക്കുമ്പോൾ മറക്കേണ്ട. ഈ വിധിയാണ് നമ്മളേയും കാത്തിരിക്കുന്നത്.

വൃദ്ധജനങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും, സമൂഹത്തിൽ അവരുടെ പ്രാധാന്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനുമാണ് അന്താരാഷ്ട്ര വയോജന ദിനം ലക്ഷ്യം വയ്ക്കുന്നത്. 1991മുതൽ യുണൈറ്റഡ് നേഷൻസിന്റെ ആഭിമുഖ്യത്തിലാണ് ദിനാചരണം. 2015ഒക്ടോബർ 1 ന് ഈ ദിനാചരണത്തിന്റെ 25ാം വാർഷികമാണ്. നഗര സാഹചര്യത്തിൽ വയോജനങ്ങളുടെ ജീവിത നിലവാരംഎന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുഖ്യ പ്രമേയം.

വാർധക്യകാല ശ്വാസകോശ പ്രശ്നങ്ങൾ

ജനനം മുതൽ മരണം വരെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന അവയവങ്ങളാണ് ശ്വാസകോശങ്ങൾ. മറ്റവയവങ്ങളുടെ കാര്യം പോലെ ശ്വാസകോശങ്ങളും ദിനം പ്രതി വയസായി കൊണ്ടിരിക്കുകയാണ്. ഒരർഥത്തിൽ ഈ വയസ്സാവൽ ജനനം മുതലേ തുടങ്ങുന്നു.

25 വയസുമുതൽ തന്നെ ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയിൽ ചെറിയ കുറവ് കണ്ടു തുടങ്ങുന്നു. പുകവലിക്കാരിൽ നാലിരട്ടി വേഗത്തിലാണീ കുറവ് സംഭവിക്കുന്നത്. ഇതിനു പുറമേ ശ്വാസകോശത്തിന്റെ ഘടനയിലും മാറ്റങ്ങൾ പ്രായമേറുന്നതിന്റെ ഫലമായി ഉണ്ടാകുന്നു. ശ്വാസോച്ഛാസത്തിൽ ശ്വനകോശങ്ങളെ സഹായിക്കുന്ന പേശികളുടെ ശക്തിക്കുറവ്, നെഞ്ചിൻകൂടിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ, ശ്വാസനാളി ഭിത്തികളിൽ കാൽസിയം അടിയുക, വായു അറകളുടെ വലിപ്പം കൂടുക തുടങ്ങിയവയെല്ലാം ഈ മാറ്റങ്ങളിൽപ്പെടുന്നു.

ശരീരത്തിന്റെ പ്രതിരോധ ശേഷി പ്രായമാകുമ്പോൾ കുറഞ്ഞുവരിക സ്വാഭാവികമാണല്ലോ. കഫം പുറത്തേക്കു കളയാൻ സഹായിക്കുന്ന സീലിയകളുടെ പ്രവർത്തനവും അണുബാധകളെ ‌തടുക്കുന്ന നിരവധി പ്രതിരോധ ഘടകങ്ങളുടെ പ്രവർത്തനവും വൃദ്ധജനങ്ങളിൽ മന്ദഗതിയിലാകുന്നു.

ഇതെല്ലാം ഒരു ദിവസം കൊണ്ടു സംഭവിക്കുന്നതല്ല. ജീവിത സാഹചര്യങ്ങൾ, തൊഴിൽ ചെയ്തിരുന്ന മേഖലകളിലെ അന്തരീക്ഷം, ചെറുപ്പകാലത്തുണ്ടായിട്ടുള്ള ശ്വാസകോശ പ്രശ്നങ്ങൾ, പുകവലി, വായു മലിനീകരണത്തിന്റെ തോത് തുടങ്ങി നിരവധി ഘടകങ്ങൾ ഇത്തരം മാറ്റങ്ങളെ സ്വാധീനിക്കുന്നു

ആരോഗ്യപ്രശ്നങ്ങൾ

ന്യുമോണിയ: പ്രായമായവരിൽ ഈ രോഗത്തിന്റെ നിരക്കും കാഠിന്യവും കൂടുതലാണ്. വൃദ്ധജനങ്ങളിലെ മരണകാരണത്തിൽ മുഖ്യ പങ്കു വഹിക്കുന്നതും ന്യൂമോണിയ തന്നെ,ശാരീരികമായ അസ്വസ്ഥതകളിൽ നിന്നും വയോവൃദ്ധരെ എന്നെന്നേക്കുമായി രക്ഷിക്കുന്നു എന്ന അർഥത്തിൽ പ്രായമായവരെ കൂട്ടുകാരൻ എന്ന് വിളിപ്പേരുള്ള രോഗാവസ്ഥയാണിത്.

സാധാരണ ന്യൂമോണിയ ലക്ഷണങ്ങളൊന്നും പ്രായമേറിയവരിൽ കണ്ടെന്നു വരില്ല. ചെറിയ അസ്വസ്ഥതകളോ, കടുത്ത ശരീരക്ഷീണമോ പറയുന്നവരിൽ വിശദ പരിശോധന നടത്തുമ്പോഴായിരിക്കും പലപ്പോഴും രോഗം കണ്ടെത്തുക. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്നതിനു പിന്നിൽ ഇതു നേരത്തേയുള്ള രോഗനിർണയത്തിനും, ശരിയായ ചികിത്സ കൊടുക്കുന്നതിനും തടസമാകാറുണ്ട്. മരുന്നുകൾ കൊടുത്താൽ തന്നെ അവ ഫലപ്രാപ്തിയിലെത്താൻ താമസം നേരിടുന്നതും വൃദ്ധജനങ്ങളിലെ പ്രശ്നമാണ്. എന്നിരുന്നാലും പ്രായമേറിയവരിലും ന്യുമോണിയ ചികിത്സിച്ചു മാറ്റാനാകും. ശാരീരിക സ്ഥിതിയിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്കു പോലും ശ്രദ്ധയും അടിയന്തിര പരിഗണനയും നൽകണമെന്നു മാത്രം.

ക്ഷയം: ആബാലവൃദ്ധം ആളുകളേയും ബാധിക്കുന്ന ഒന്നാണിത്. മൈക്കോ ബാക്ടീരിയം എന്ന സൂഷ്മാണുവാണ് രോഗകാരണം. രോഗാണു ശരീരത്തിലെത്തിയാൽ ഉടൻ അസുഖം ഉണ്ടാകാറില്ല. നമ്മുടെ പ്രതിരോധ ശേഷി കാരണം തൊണ്ണൂറുശതമാനം കേസുകളിലും ഇങ്ങനെ അണുബാധയേറ്റാലും അസുഖം വരാറില്ല.

പ്രായമായവരിലെ പ്രതിരോധ ശേഷി കുറവായിരിക്കുമല്ലോ. ഇവരിൽ പലർക്കും പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയവയും കാണും. ഇതു പ്രതിരോധ ശക്തി വീണ്ടും കുറയ്ക്കുന്നു. ഈ സാഹചര്യത്തിൽ ക്ഷയരോഗാണുക്കൾ സജീവമായി അസുഖമുണ്ടാക്കാൻ സാധ്യതയേറുന്നു. ന്യുമോണിയകളുടെ കാര്യത്തിലെന്ന പോലെ സാധാരണ രോഗലക്ഷണങ്ങൾ ഇത്തരം കേസുകളിലും കണ്ടെന്നു വരില്ല.

ശരീരത്തിലാകമാനം പടരുന്ന ക്രിപ്റ്റിക് മിലയറി ക്ഷയം, ഡിസൈമിനേറ്റഡ് ക്ഷയം നടത്തിയ പ്രായമേറിയവരിൽ കൂടുതലാണ്. ക്ഷയരോഗ ചികിത്സ വൃദ്ധജനങ്ങളിലെ പൂർണ ഫലം നൽകുമെങ്കിലും മരുന്നുകളുടെ പാർശ്വഫലങ്ങൾ അവരിൽ താരതമ്യേന കൂടുതലാണ്. അതിനാൽ ചികിത്സ കാലയളവിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്

ദീർഘകാല ശ്വാസതടസ രോഗങ്ങൾ: പുകവലിയെ തുടർന്നുള്ള ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങൾ മധ്യവയസിലാണ് തുടങ്ങാറ്. പ്രായമേറും തോറും രോഗതീവ്രതയുമേറും. ഇതിനെ തുടർന്ന് ശ്വാസകോശരോഗത്തിനും പ്രായമേറിയവിൽ സാധ്യത ഏറെയാണ്.

ശ്വാസകോശ അർബുദം : അർബുദങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മാരകമാണിത്. പുകവലിതന്നെ മുഖ്യകാരണം. നാൽപതു വയസു മുതൽ തന്നെ രോഗാവസ്ഥ കണ്ടുവരാറുണ്ടെങ്കിലും വൃദ്ധജനങ്ങളിൽ ഇതിന്റെ നിരക്ക് ഏറെ കൂടുതലാണ്. രോഗലക്ഷണങ്ങൾ പ്രായമായതിന്റെയോ പുകവലിയെ തുടർന്നുള്ള ചുമയായോ തെറ്റിദ്ധരിക്കുന്നത് അസുഖം കണ്ടുപിടിക്കുന്നത് വൈകാനിടയാക്കാറുണ്ട്. അതുകൊണ്ടു തന്നെ ചികിത്സ നല്ല ഫലം നൽകാറുമില്ല

ശ്വാസകോശ ചുരുക്കം: ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമത പടിപടിയായി കുറഞ്ഞ് ശ്വാസ കോശങ്ങൾ ചുരുങ്ങുന്ന അവസ്ഥ പല രോഗങ്ങളുടേയും ഭാഗമായി കണ്ടുവരാറുണ്ട്. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ അഥവാ അവ കണ്ടുപിടിക്കാനാകാതെയുള്ള ഇത്തരം അവസ്ഥകളെ ഇഡിയോപതിക് ശ്വാസകോശ ചുരുക്കം എന്നാണ് വിളിക്കുന്നത്. ഇത്തരം അസുഖങ്ങൾ പ്രായമായവരിലാണ് കൂടുതൽ കണ്ടുവരുന്നത്

ഇതിനു പുറമെ നിരവധി ശ്വാസകോശ രോഗങ്ങൾ പ്രായമുള്ളവരിൽ കൂടുതലായി കണ്ടുവരുന്നത്. കാലിലെയും ഇടുപ്പിലേയും സിരകളിൽ നിന്നും കട്ടപിചിടിച്ച രക്തം ശ്വാസകോശ ധമിനികളിലെത്തി അവയ്ക്കു രക്തഓട്ടത്തിനു തടസമുണ്ടാക്കുന്ന പൾമണറി എംബോളിസം ഒരു ഉദാഹരണം മാത്രം.

പ്രായമാകുന്തോറും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുന്നത് രോഗങ്ങൾ തടയാൻ ഏറെ സഹായിക്കും. ശ്വസന വ്യായാമങ്ങൾ, മറ്റു വ്യായാമങ്ങൾ തുടങ്ങിയവ ശ്വാസകോശ പ്രവർത്തനക്ഷമത ഒരു പരിധിവരെ പിടിച്ചു നിർത്താൻ ഉപകാരപ്രദമത്രെ. പോഷകങ്ങൾ നിറഞ്ഞ സമീകൃതാഹാരവും പ്രധാനം. അസുഖാവസ്ഥകളിൽ സാധാരണ രോഗലക്ഷണങ്ങൾ കണ്ടെന്നു വരാറില്ലാത്തിനാൽ പ്രായമായവരുടെ ചെറിയ പനിയോ ശ്വാസംമുട്ടലോ പോലും ഗൗരവത്തോടെകണ്ട് വേണ്ട പരിശോധനകളും ചികിത്സകളും നടത്താൻ അമാന്തിച്ചു കൂടാ..

ഡോ. പി. എസ്. ഷാജഹാൻ

അസോസിയേറ്റ് പ്രൊഫസർ

പൾമനറി മെഡിസിൻ

മെഡിക്കൽ കോളജ്, ആലപ്പുഴ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.