Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണൽ തരുന്ന സങ്കടമരങ്ങൾ

old-age-day

വെളിയിലതാ ചന്ദനവിരഹിയായ കാറ്റ്

കാറ്റടിച്ചും ഇലകൾ

കൊഴിയാനില്ലാത്ത

ഉണക്കമരക്കൊമ്പുകളിതാ

വാതം കോച്ചുന്ന നമ്മുടെ വിരലുകളിതാ...

വിയർപ്പും വിറയലുമായി

നീ എന്റെ മുൻപിലിരിക്ക്

നിന്നെ ഞാൻ സ്വപ്‌നം കാണട്ടെ...

കടവാവലുകളും കറുത്തവാവുകളും ചേക്കേറിയൊരു നാലുകെട്ടിന്റെ മിണ്ടാത്തളത്തിലിരുന്ന് മൂത്തേടത്ത് അനന്തൻ പിള്ള ഗാന്ധാരിയമ്മയ്‌ക്ക് പാടിക്കൊടുക്കുന്ന വരികൾ... ആളൊഴിഞ്ഞ തറവാട്ടിൽ പരസ്‌പരം മുഖത്തോടു മുഖം നോക്കിയിരുന്ന് കാലം കഴിക്കുന്ന ആ വൃദ്ധദമ്പതികൾക്ക് ഓർമയും പ്രണയവും ജീവിതം തന്നെയും കാലം അനുവദിച്ചുകൊടുത്ത വീട്ടാക്കടങ്ങൾ മാത്രം. വരണ്ട കാറ്റിന്റെ മർമരങ്ങളിൽ പോലും സംഗീതം കേട്ട്, ഒരില പോലും ബാക്കിയില്ലാ ഉണക്കച്ചുള്ളികളിൽ പൊയ്‌പോയ വസന്തങ്ങൾ വാസനിച്ച്, വാതം കോച്ചിവലിയുന്ന വിരൽത്തുമ്പിൽ പ്രണയത്തിന്റെ കയ്യൊപ്പുകൾ തിരഞ്ഞ് കാലത്തോടും മരണത്തോടും ജീവിച്ചു തീർത്ത ഇന്നലെകളോടും, ചിലപ്പോൾ ഈശ്വരനോടും അജ്‌ഞാതഭാഷയിൽ മിണ്ടിപ്പറഞ്ഞിരിക്കുന്ന രണ്ടുപേർ. ‘മൂത്തേടത്ത് അനന്തൻപിള്ളയ്‌ക്ക് എഴുത്തുവരുന്ന ദിവസം’ എന്ന കവിതയിലൂടെ ഡി. വിനയചന്ദ്രൻ നമ്മെ പരിചയപ്പെടുത്തിയ ഇവർ രണ്ടുപേരെ നാം പിന്നീട് എത്രയോവട്ടം കണ്ടുമുട്ടി. പല പേരുകളിൽ, പല നാടുകളിൽ, പല വീട്ടകങ്ങളുടെ ഇരുൾത്തണുപ്പിൽ... പക്ഷേ എല്ലാവർക്കും പറയാനും പറയാതിരിക്കാനുമുണ്ടായിരുന്നത് ഒരേ ഏകാന്തതയുടെ ഏതേതോ സങ്കടം.

നിറപ്പകിട്ടില്ലെങ്കിലും അവരെ ഓർമിച്ചുകൂടെ?

തിരക്കിനിടയിൽ എപ്പോഴെങ്കിലും ഇങ്ങനെ ചിലരെ ഓർമിക്കാറുണ്ടോ? മറവിയിലേക്കു മാഞ്ഞുമാഞ്ഞുപോകുന്ന ചില ഓർമച്ചിത്രങ്ങളിൽ അവരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് പുഞ്ചിരി വായിച്ചെടുക്കാറുണ്ടോ? നാട്ടിലെ തറവാട്ടുവീടിന്റെ കുമ്മായച്ചുമരിൽ അവരുടെ പല്ലില്ലാമോണകാട്ടിച്ചിരി ഫ്രെയിം ചെയ്‌തുവച്ച ചിത്രങ്ങൾ ചിലപ്പോൾ ഇന്നുമുണ്ടായിരിക്കും. ഒരായുസ്സു മുഴുവൻ ഒപ്പമുണ്ടായിരുന്നവർ, ഒരേ വഴി കൂട്ടുവന്നവർ, നിലാവായി ഉദിച്ചവർ, തണലായി പടർന്നവർ, ഒടുവിലൊരു നിഴലായി പിന്നിൽ നടന്നവർ..പിന്നീട് എന്നുമുതൽക്കാണ് നാം അവരെ ഒപ്പമിരുത്താതെയായത്? മൂത്തുനരച്ചവരെന്ന് പരിഹസിച്ച് മൂലയ്‌ക്കലിരുത്തി തുടങ്ങിയത്? അവർക്കു തിരിയാത്ത ഭാഷയിൽ മിണ്ടിപ്പറഞ്ഞുതുടങ്ങിയത്? ഒരേ മേൽക്കൂരക്കീഴിൽ രണ്ടു ഭൂഖണ്ഡങ്ങളായി മുഖം തിരിച്ചിരുന്നു തുടങ്ങിയത്? എന്നു മുതൽക്കാണ് നമുക്കിടയിൽ മൗനത്തിന്റെ കടലിരമ്പം മുഴങ്ങിക്കേട്ടു തുടങ്ങിയത്?

ഈ ദിനം അവർക്കുവേണ്ടിയാണ്. നമ്മുടെ മുത്തശ്ശീ മുത്തശ്ശന്മാർക്കു വേണ്ടി. അവരെ കാതോർക്കാൻ, അവരെച്ചെന്നു കാണാൻ, ആ വിരൽത്തുമ്പിലൊന്നു തൊട്ടു വിശേഷം തിരക്കാൻ, ആ വാൽസല്യക്കൈകളൊന്നു കോരിയെടുക്കാൻ, ആ ചുടുനെറ്റിത്തടത്തിലൊരു കുളിരുമ്മ നൽകാൻ, ഏതുകാലദൂരങ്ങളിൽ നിന്നും അവരെയൊന്നോർമിക്കാൻ, ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു ഇപ്പോഴും എന്ന് ഉറക്കെയുറക്കെ പറയാൻ...

ആ കണ്ണടയ്‌ക്കു പിന്നിലുണ്ട് അവരൊളിപ്പിച്ച കണ്ണുനീർ

ഓർമകളുടെ ഗൃഹാതുരമുറ്റത്ത് ഇന്നും അവർ കണ്ണുംനട്ട് കാത്തിരിപ്പുണ്ട്, മറുനാട്ടിലെവിടെയോ ദൂരദിക്കിലേക്കു വണ്ടികയറിയ മക്കളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച്. ഒരുമിച്ചുണ്ടായിരുന്നൊരു നല്ലകാലത്തിന്റെ കുടുംബചിത്രം വെള്ളെഴുത്തു വന്ന കണ്ണുകളിൽ ഇന്നും അവർ തെളിച്ചം കെടാതെ മിനുക്കിസൂക്ഷിക്കുന്നുമുണ്ട്. വെള്ളാരംകണ്ണടയ്‌ക്കു പിന്നിൽ അവരൊളിപ്പിച്ച കണ്ണുനീർ എന്നിട്ടും എന്തേ നമ്മൾ കാണാതെ പോയി? തുടക്കത്തിലൊക്കെ നാട്ടിലേക്കു മുടങ്ങാതെ അയയ്‌ക്കുമായിരുന്ന കത്തുകൾ പിന്നീട് തിരക്കിനിടയിൽ ഒന്നുരണ്ടുവരിയിലേക്കു ചുരുങ്ങിയപ്പോൾ അവരുടെ സന്തോഷത്തിനു ചുളിവുവീഴുന്നത് നമ്മൾ അറിഞ്ഞുകാണില്ല. കാരണം, നമുക്കുമുന്നിൽ പുതിയ ലോകങ്ങൾ തുറന്നുകൊണ്ടേയിരുന്നു കാലം. പ്രായം ചെന്ന അച്‌ഛനും അമ്മയ്‌ക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊക്കെ മുന്നിൽ ഓരോരോ വാതിലുകളായി കൊട്ടിയടഞ്ഞുകൊണ്ടുമിരുന്നു. അവരുടെ ലോകം നമ്മൾ മാത്രമായിരുന്നു. അതുകൊണ്ടല്ലേ, ഉണർവിലും ഉറക്കത്തിലും അവർ നമ്മെ മാത്രം ഓർമിച്ചുകൊണ്ടേയിരുന്നത്. തൊടിയിലെ മൂവാണ്ടൻ മാവിൽ കണ്ണിമാങ്ങകൾ വിരിഞ്ഞപ്പോഴും മുറ്റത്തെ തേൻനുള്ളിവരിക്കയിൽ ചക്കകൾ മൂത്തുവിളഞ്ഞപ്പോഴും നമ്മോടു നാട്ടിലേക്കൊന്നുവന്നുപോകാൻ അവർ പലവട്ടം പറഞ്ഞത്. തേങ്ങയും ശർക്കരയും വിളയിച്ച ഇലയട വെന്തുപാകമായി അപ്പച്ചെമ്പിൽ നിന്ന് ആവി പറന്നപ്പോഴും, ചുട്ടരച്ച ചമ്മന്തിയുടെയും തിളച്ച വെളിച്ചെണ്ണയിൽ വറുത്തുകോരിയ കായുപ്പേരിയുടെയും കൊതിമണം അടുക്കളക്കാറ്റിൽ പടർന്നപ്പോഴും മക്കൾ അടുത്തുണ്ടായിരുന്നെങ്കിൽ എന്നോർത്ത് പരിഭവിച്ചത്. നമുക്ക് നാട്ടിലേക്കു പോകാൻ കഴിയാതിരുന്നൊരു തിരുവോണത്തിനും വിഷുവിനും നാക്കിലത്തുമ്പിൽ നാലുകൂട്ടം പായസവും വിളമ്പി അവർ നമ്മെ വെറുതെ കാത്തിരുന്നത്. തിരക്കിനിടയിൽ നാം പോലും മറക്കുന്ന നമ്മുടെ പിറന്നാൾദിവസം അതിരാവിലെയുണർന്ന് അമ്പലത്തിൽ പോയി അവർ നമുക്ക് വേണ്ടി പുഷ്‌പാഞ്‌ജലി കഴിച്ചത്. നാട്ടിലെ ഉൽസവവും പെരുന്നാളും മുതൽ നന്ദിനിപ്പയ്യിന്റെ വിശേഷങ്ങൾ വരെ നീട്ടിപ്പരത്തി കത്തെഴുതി മുഷിപ്പിച്ചത്.

ദൂരെ മാറിയൊഴുകുന്ന പാവം കാണാപ്പുഴകൾ

അവർക്കും നമുക്കും ഒരാശ്വാസമാകട്ടെ എന്നു കരുതിത്തന്നെയാണ് നമ്മളിൽ ചിലർ അച്‌ഛനെയും അമ്മയെയും ഈ നഗരത്തിലേക്കു ക്ഷണിച്ചത്. നഗരജീവിതത്തിൽ ആദ്യമാദ്യം തോന്നിയ കൗതുകങ്ങൾ മെല്ലെ മെല്ലെ അവർക്ക് നഷ്‌ടപ്പെട്ടത് നമ്മൾ അറിഞ്ഞിരുന്നോ? ഈ തിരക്ക് എത്രവേഗമാണ് അവരെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയത്. എങ്കിലും നമ്മൾ അതെല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. അച്‌ഛനും അമ്മയും വന്നതോടെ പറഞ്ഞുവിട്ട വീട്ടുവേലക്കാരിയെയും ആയയെയും തിരികെവിളിക്കാൻ മനസ്സ് അനുവദിച്ചില്ല. കുഞ്ഞുങ്ങളുടെ കുസൃതിത്തരങ്ങളോടു മല്ലിട്ടുമടുത്ത അമ്മയും വൈകുന്നേരങ്ങളിൽ പാലും പച്ചക്കറിയും പലചരക്കും വാങ്ങിക്കാൻ സഞ്ചിയും തൂക്കി നടന്നു തളർന്ന അച്‌ഛനും പക്ഷേ ഒരിക്കലും പരാതി പറഞ്ഞതുമില്ല. പരിഷ്‌കാരികളായ അതിഥികളൊക്കെ വരുമ്പോൾ മുറിക്കു പുറത്തേക്കിറങ്ങരുതെന്ന ശാസന കൊച്ചുകുട്ടികളെ പോലെ പാടെ അനുസരിച്ചു. കഷായത്തിന്റെ കയ്‌പുചൂരും കുഴമ്പിന്റെ എണ്ണമെഴുപ്പും ഉമ്മറത്തു മണത്തുതുടങ്ങിയപ്പോൾ അൽപം മുഖം കറുപ്പിക്കേണ്ടി വന്നു. പിന്നെ ഇടയ്‌ക്കിടയ്‌ക്കുള്ള ആ നീണ്ട വില്ലൻചുമയും കാർക്കിച്ചുതുപ്പലും. അതൊന്നും ഇവിടെ പറ്റില്ലെന്നു തീർത്തു പറഞ്ഞപ്പോഴും അവർ വായ്‌പൊത്തിമിണ്ടാതെ നിന്നു. അച്‌ഛന്റെ മുണ്ടിനും വേഷ്‌ടിക്കുമൊന്നും ഫാഷൻ പോരെന്നു പറഞ്ഞ് ബർമുഡയും ടീഷർട്ടും വാങ്ങിനൽകിയപ്പോൾ ആ മുഖത്ത് തീപാറിയത് കണ്ടില്ലെന്നു നടിച്ചു. പുളിയിലക്കര മുണ്ട് മടക്കി പെട്ടിയിലെടുത്തുവച്ച് നൈറ്റിയുടെ പോളിസ്‌റ്റർ ചൂടിൽ ശ്വാസംമുട്ടിയപ്പോഴും പാവം അമ്മ മാത്രം പരാതിയൊന്നും പറയാതെ മൗനം തുടർന്നു. കാരണവന്മാരുടെ അസ്‌ഥിത്തറയിൽ വിളക്കുവയ്‌ക്കലും വീട്ടിലെ നാമജപവും ഞായറാഴ്‌ചകളിലെ പാട്ടുകുർബാനകളും അയൽപക്കത്തെ ഞായംപറച്ചിലും ചുണ്ണാമ്പുകൂട്ടി മുറുക്കലും അങ്ങനെ ശീലങ്ങളൊരുപാടു മുടങ്ങിയിട്ടും എപ്പോഴെങ്കിലും അവർ പരാതി പറഞ്ഞതായി ഓർമിക്കുന്നേയില്ല. തിരിച്ചു നാട്ടിലേക്കു പോകണം എന്ന് അവർ പറയാതെ പറയുന്നതിനാകട്ടെ നമ്മൾ ഒരിക്കൽപോലും ചെവി കൊടുത്തുമില്ല.

അവരിലേക്കുള്ള മടക്കപ്പാത അത്ര ദൂരെയല്ല

ഈ ദിനം നമുക്ക് അവരിലേക്കൊന്നു മടങ്ങിപ്പോകാം. ഏതാനും കലണ്ടർകാതമകലെ നമ്മെയും കാത്തിരിക്കുന്ന വാർധക്യത്തിലേക്ക് നമുക്കൊരു നിമിഷം മുൻനടക്കാം. അപ്പോൾ നമ്മുടെ കൈവെള്ളയിൽ തിണർത്തുകാണാം, അവരുടെ ചെറുവിരൽത്തുമ്പിൽ തൂങ്ങിനടന്ന നാട്ടിടവഴികളുടെ ഭൂമിശാസ്‌ത്രം. കാതിൽ മെല്ലെ കേൾക്കാം, ചാരുകസേരയിൽ നമ്മെ മടിയിലിരുത്തി അവർ പറഞ്ഞുതന്ന പഴങ്കഥകളുടെ പാട്ടീണം. മാന്തോപ്പിലേക്കു മലർക്കെ തുറക്കുന്ന ജനാലകൾക്കരികിലിരുന്ന് രാമായണം വായിച്ചുകേൾപ്പിച്ച കർക്കടകങ്ങളുടെ കാർമുഴക്കം.

മൂത്തേടത്ത് അനന്തൻ പിള്ളയും ഗാന്ധാരിയും അവരുടെ മകന്റെ മടങ്ങിവരവിനു വേണ്ടി കാത്തിരുന്നതുപോലെ നമ്മുടെ വരവും കാത്തുകാത്തിരിപ്പില്ലേ നാട്ടിലൊരു പാവം മുത്തശ്ശിയുടെ നരച്ചുവിളറിയ കണ്ണുകൾ..

ആ കണ്ണുകളിലെ കാത്തിരിപ്പിന്റെ കൽവിളക്കുകൾ നമുക്ക് ഊതിക്കെടുത്താതെയിരിക്കാം. അതിലൊരിത്തിരി സ്‌നേഹം കൊളുത്തി നമുക്കവരെ വെളിച്ചത്തിലേക്കു തിരികെ നടത്താം...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.