Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവയവദാനം: സ്വാതിയും മനുവും ബഷീറും പറയുന്നു

അവയവമാറ്റ ശസ്ത്രക്രിയയിലൂടെ വാർത്തകളിൽ ഇടംപിടിച്ച മൂന്നു പേർ. ആദ്യമായി കൈ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായ മനു, ഒരു നാടിന്റെ സ്നേഹമേറ്റു വാങ്ങിയ സ്വാതി കൃഷ്ണ, കോട്ടയം മെഡിക്കൽ കോളജിൽ ഹൃദമയാറ്റ ശസ്ത്രക്രിയക്കു വിധേയനായ ബഷീർ. ഇവരോടു വർത്തമാനം പറഞ്ഞൊരു യാത്ര.....

വർഷങ്ങൾക്കു മുൻപ് ഒരു കുട്ടി പറഞ്ഞു, എനിക്കു ചാർട്ടേഡ് അക്കൗണ്ടന്റാകണം. കഴിഞ്ഞ മാസം ആ കുട്ടി സിഎ കോഴ്സ് പരിശീലനത്തിനായി ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. രാവിലെ ഏഴു മണിക്കു വട്ടപ്പാറയിൽ നിന്നു കടവന്ത്രയിൽ ബസിറങ്ങി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു ബാഗും തൂക്കി പോകുന്ന കുട്ടിയെ നമ്മൾ അറിയും. സ്വാതി കൃഷ്ണ. എടയ്ക്കാട്ടുവയൽ എന്ന ഗ്രാമവും സ്വാതി കൃഷ്ണയെന്ന പേരും കരുണയുള്ള മലയാളി ഹൃദയങ്ങളുടെ മനസിൽ മായാത്ത വാക്കുകളാണ്. അമ്മയുടെ സഹോദരി റെയ്നി ജോയി പകുത്തു നൽകിയ കരളുമായി സ്വാതി കൃഷ്ണയുടെ ജീവിതം മുന്നോട്ടോടാൻ തുടങ്ങിയട്ട് നാലു വർഷത്തോളമായി. ഇതിനിടെ പ്ലസ് ടു, ബികോം പരീക്ഷകളിൽ ഉന്നത വിജയം നേടി തന്റെ ഏറ്റവും വലിയ ആഗ്രഹമായ കോഴ്സിനു ചേർന്നിരിക്കുകയാണ് ഈ മിടുക്കിക്കുട്ടി. ജൂലൈയിലാണു ബികോം ഫലം വന്നത്. എപ്ലസ് ഗ്രേഡ് നേടി ഉയർന്ന വിജയം. അതിനു ശേഷമാണു സിഎയ്ക്കു പരിശീലനത്തിനായി ചേർന്നത്.

∙ ഇന്നലെകളിലെ സ്വാതി
എടയ്ക്കാട്ടുവയൽ വട്ടപ്പാറ മങ്ങാട്ടുമൂഴിയിൽ കൃഷ്ണൻകുട്ടിയുടെയും രാജിയുടേയും മകളായ സ്വാതി പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണു രോഗക്കിടക്കയിലായത്. മഞ്ഞപ്പിത്ത ബാധയെത്തുടർന്നു കരളിന്റെ പ്രവർത്തനം നിലച്ചു പോയ സ്വാതിയെ ജീവിതത്തിലേക്കു തിരികെയെത്തിച്ചതു ഒരുപാടു പേരുടെ പ്രാർഥനയും പ്രവർത്തനവും. കരൾ പ്രവർത്തനം നിലച്ചു അബോധാവസ്ഥയിലേക്കു പോയ സ്വാതിക്കു കരൾ പകുത്തു നൽകിയതു അമ്മയുടെ സഹോദരി റെയ്നി ജോയി. ശസ്ത്രക്രിയക്കും ചികിൽസയ്ക്കും വേണ്ടി വന്ന ചിലവു കണ്ടെത്താൻ എടയ്ക്കാട്ടുവയൽ എന്ന ഗ്രാമം ഒരുമിച്ചിറങ്ങിയപ്പോള്‍ പിരിഞ്ഞു കിട്ടിയതു ലക്ഷങ്ങൾ. മെഡിക്കൽ ബോർഡിന്റെ അനുമതിയിൽ കുടുങ്ങി അവസാന നിമിഷം വരെ നിലനിന്നിരുന്ന ആശങ്കകള്‍ മാറി അമൃത ആശുപത്രിയിൽ ഡോ.എസ്.സുധീന്ദ്രന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയായതോടെ സ്വാതി വീണ്ടും ജീവിതത്തിലേക്കു തിരിച്ചെത്തി.

കേരളത്തിലെ അവയവമാറ്റ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള അധ്യായമായി നിലനിൽക്കുന്ന പേരുകളാണു സ്വാതികൃഷ്ണയുടേയും റെയ്നിയുടേയും. കൂടെ എടയ്ക്കാട്ടുവയൽ എന്ന ഗ്രാമവും അവിടുത്തെ ജയകേരള കലാസമിതിയും സ്വാതിയുടെ വിദ്യാലയമായിരുന്ന പിറവം എംകെഎം എച്ച്എസ്എസും. 2012 ജൂലൈ 13നാണു സ്വാതി കൃഷ്ണയുടെ കരൾ മാറ്റിവയ്ക്കുന്നത്.

∙ ഇന്നത്തെ സ്വാതികൃഷ്ണ
ബികോമിനു ഉന്നത വിജയം നേടിയപ്പോൾ നാട്ടുകാർ സ്വാതിക്ക് ഒരു സ്വീകരണം സംഘടിപ്പിച്ചു. അതിന്റെ വിശേഷം പറഞ്ഞറിയിക്കാൻ സ്വാതിക്കു വാക്കുകളില്ല. സ്വന്തം കുട്ടിയായി ഇപ്പോഴും ആ നാട്ടുകാർ തന്നെ കാണുന്നതെന്ന തിരിച്ചറിവു നൽകുന്ന സന്തോഷത്തിലും വലുതെന്താണ്. അന്നു നാട്ടുകാർ എനിക്കു വേണ്ടി ഓടിനടന്നതൊന്നും ഓർമയില്ല. സ്വാതി പറയുന്നു. പിന്നീട് വീട്ടുകാരും സ്കൂളിലെ അധ്യാപകരും എല്ലാം പറഞ്ഞു മനസിലാക്കി. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അന്നാണു മനസിലായത്. അന്നത്തെ ടെൻഷനൊക്കെ വീട്ടുകാർക്കായിരുന്നു.

ഇപ്പോൾ ആറു മാസത്തിലൊരിക്കൽ ചെക്കപ്പിന് ആശുപത്രിയിൽ പോകാറുണ്ട്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ബസിലാണു യാത്ര െചയ്യുന്നത്. ആദ്യത്തെ ആറു മാസത്തോളം അണുബാധ സൂക്ഷിച്ചു മാസ്കൊക്കെ ധരിച്ചിരുന്നു. പിന്നീട് ഘട്ടംഘട്ടമായി മാറ്റി. മരുന്നുകളുണ്ട്. ആശുപത്രിയിൽ പോകുമ്പോൾ ഒരുപാടു പേരെ കാണാറുണ്ട്. മോശം അവസ്ഥയിൽ അവയവങ്ങൾ മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയവർ. ഞാനും അവരിലൊരാളാണെന്നറിയുമ്പോൾ‍ ഒരുപാടു ചോദ്യങ്ങൾ ചോദിക്കും. പലർക്കും ഇതു മാറ്റിവച്ചു കഴിഞ്ഞാലുള്ള പ്രശ്നങ്ങളാണ് അറിയേണ്ടത്. എനിക്കു പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിയിക്കുമ്പോൾ പലർക്കും പ്രതീക്ഷയുടെ തിളക്കം കണ്ണുകളിൽ‍ തെളിയുന്നതു കാണാം. കുറെ വേദികളിൽ ഞാൻ‍ പോയിട്ടുണ്ട്. അവിടയൊക്കെ അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയാറുണ്ട്.– സ്വാതി കൃഷ്ണ പറയുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ജൂലൈയ്ക്കു ശേഷം അടുത്ത മാർച്ചിൽ പ്ലസ്ടു പരീക്ഷ എഴുതിയ സ്വാതി ഉയർന്ന മാർക്കോടെയാണു പാസായത്. തുടർന്നു തേവര എസ്എച്ച് കോളജിൽ ബികോമിനു ചേർന്നു. രണ്ടാം വർഷത്തിൽ എംജി സർവകലാശാല സെനറ്റ് അംഗവുമായിരുന്നു.

അമൃത ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ മനു കൈ മുറുകെ പിടിച്ചിരുന്നു. ഒന്നര വർഷത്തോളമായി കൂട്ടു ചേർന്ന ആ കൈ ഇപ്പോൾ മനുവിന്റെ സ്വന്തമാണ്. മനുവിന്റെ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കമുണ്ട്. സൗമ്യമെങ്കിലും ഉറച്ച ശബ്ദത്തിൽ മനു സംസാരിക്കുന്നതു ഒരു പാടു രോഗികൾക്കു സാന്ത്വനമേകാനാണ്. തൊടുപുഴ തൊമ്മൻകുത്ത് സ്വദേശിയായ മനുവിനെ ഇടയ്ക്കൊക്കെ വാർത്തകളിൽ നമ്മൾ കണ്ടിട്ടുണ്ട്. രാജ്യത്തെ ആദ്യ കൈമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായ ടി.ആർ. മനു. തൊമ്മൻകുത്ത് തെങ്ങനാല്‍ വീട്ടിൽ രാജഗോപാല പിള്ളയുടെയും ഇന്ദിരയുടേയും മകനായ മനു 2015 ജനുവരിയിലാണു കൈമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായത്. ഈ മാർച്ചിൽ മനു പുതിയൊരു ജോലി സ്വീകരിച്ചു. അമൃത ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കൗൺസിലിങ് അസിസ്റ്റന്റ്. അവയവ മാറ്റത്തിനു വിധേയരാകുന്നവരേയും അവയവമാറ്റത്തിനു കാത്തിരിക്കുന്നവരേയും അടക്കം കൗൺ‍സിലിങിനു വിധേയനാക്കുക. അവരെ കൈപിടിച്ചു ജീവിതത്തിലേക്കു നടത്തുമ്പോൾ മനുവിന്റെ മാറ്റിവയ്ക്കപ്പെട്ടെ കൈകൾ യഥാർഥ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

∙ ഇന്നലെകളിലെ മനു
തൊമ്മൻകുത്തെന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന മനു പഠന ശേഷം ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിൽ ചേർന്നു. ജീവിതം നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണു മനുവിന്റെ ജീവിതം മാറി മറിഞ്ഞത്. 2013 മാർച്ചിൽ ട്രെയിനിൽ നിന്നു തള്ളിയിട്ടതിനെ തുടർന്നു മനുവിന്റെ കൈപ്പത്തി നഷ്ടപ്പെടുന്നത്. നാലു മാസത്തോളം തൃശൂർ മെഡിക്കൽ കോളജിൽ‍ ചികിൽസയിൽ കഴിഞ്ഞതിനു ശേഷമാണു മനു മടങ്ങുന്നത്. പിന്നീടുള്ള ജീവിതം നിരാശയുടേതാണെന്നു മനു ഇപ്പോൾ ഓർമിക്കുന്നു. ഒരു ടിവി പരിപാടിയിൽ നിന്നാണ് കൈമാറ്റി വയ്ക്കൽ ശസ്ത്രക്രിയ സാധ്യമാണെന്നു മനു അറിയുന്നത്. തുടർന്നു അമൃത ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ അടുത്ത് മനു എത്തുന്നത്. ചർച്ചകൾക്കും കൗൺസിലിങ്ങിനുമൊടുവിൽ മനുവിനെ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു ഡോ. സുബ്രഹ്മണ്യ അയ്യർ തയാറാക്കിയെടുത്തു. വരാപ്പുഴ സ്വദേശി ബിനോയിയുടെ കൈകൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചതോടെ ആദ്യ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു; 2015 ജനുവരി 13ന്.

∙ ഇന്നത്തെ മനു
വെറും തിരിച്ചു വരവല്ല മനു ജീവിതത്തിലേക്കു നടത്തിയത്. കൈമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായ ആൾ അവയവദാനം പ്രോൽസാഹിപ്പിക്കാനായി ജോലി നോക്കുന്നു. ഒട്ടെറെപ്പേരെ കൗൺസിലിങ്ങിനു വിധേയമാക്കുന്നു. അവയവദാനം പ്രോൽസാഹിപ്പിക്കുന്നതിന്റെ സന്ദേശം പേറുന്നു. ഇതൊക്കെയാണ് ഇന്നത്തെ മനു. മരുന്നു മാത്രമല്ല, മാനസികമായ പിന്തുണയും അവയവദാനത്തിലും തുടർന്ന് ആ അവയവം കൊണ്ടു ജീവിക്കുന്നതിലും വേണ്ടി വരുമെന്നു മനു പറഞ്ഞു. ആ അവസ്ഥയിലൂടെ കടന്നു പോയ ആൾ എന്ന നിലയിൽ തനിക്ക് കൂടുതൽ നന്നായി കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ സാധിക്കും എന്നതിനാലാണ് ഈ ജോലി തന്നെ സ്വീകരിക്കാൻ തീരുമാനിച്ചത്. മനസിനെ പരുവപ്പെടുത്തുന്നതു വലിയ കാര്യമാണ്. അതു സാധിച്ചയാൾ വിശദീകരിക്കുമ്പോൾ കൂടുതൽ ഫലപ്രദമാകുന്നു. ആന്തരാവയവങ്ങൾ ദാനം ചെയ്യാൻ ഇപ്പോൾ കൂടുതൽ ആളുകളുണ്ടെങ്കിലും കൈകൾ ദാനം ചെയ്യാൻ പലരും മടിക്കുന്നു. ബിനോയിയുടെ കുടുംബം എടുത്ത ധീരമായ തീരുമാനമാണു ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. ഒട്ടേറെപ്പേർ അവയവങ്ങൾക്കായി കാത്തിരിക്കുന്നു എന്നതു നമ്മുടെ ഓർമയിൽ ഉണ്ടാകണം– മനു പറയുന്നു.


ഒരു നാടിന്റെയും ചെറിയൊരു വീടിന്റെയും പ്രാർഥനകളെ സാഫല്യത്തിലേക്കെത്തിച്ചു പുതിയ ഹൃദയതാളവുമായി ഇപ്പോൾ ബഷീർ ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നു. എടവനക്കാട് കൂട്ടുങ്കൽച്ചിറ രായമ്മരക്കാർ വീട്ടിലെ ഈ സാധാരണക്കാരന് ഇപ്പോഴും സംഭവിച്ചതൊന്നും വിശ്വസിക്കാനാവുന്നില്ല.ശരിക്കും അത്ഭുതമായിരുന്നു ഈ രണ്ടാംജന്മമെന്ന് ഇദ്ദേഹം പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള വാടകവീടിന്റെ ഇടനാഴികളിൽ നടക്കുമ്പോൾ ബഷീറിന് ഇപ്പോൾ പഴയ കിതപ്പും ശ്വാസം മുട്ടലുമില്ല. ഭക്ഷണം നന്നായി കഴിക്കാനാണു ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. തൂക്കം വർധിക്കേണ്ടതുണ്ട്.

∙ ഇന്നലെകളിലെ ബഷീർ
രണ്ടു ദശകത്തിലേറെയായി ഗുരുതരമായ ഹൃദ്രോഗത്തിനടിമയായിരുന്നു ബഷീർ .അടുപ്പിന്റെ ചൂടത്തു പാചകജോലികൾ ചെയ്താണു കുടുംബം പോറ്റിയിരുന്നത്. രോഗത്തിന്റെ കാഠിന്യത്തെത്തുടർന്നു ജോലിക്കുപോകുന്നതു ഡോക്ടർമാർ വിലക്കിയിരുന്നുവെങ്കിലും വീട്ടിലെ പട്ടിണി അതിന് അനുവദിക്കുമായിരുന്നില്ല അപ്പോഴേക്കും ഹൃദയം മാറ്റിവെയ്ക്കാതെ കഴിയില്ലെന്ന അവസ്ഥയിലെത്തിയിരുന്നു. അങ്ങനെയാണു കോട്ടയം മെഡിക്കൽ കോളജിൽ ബഷീറിന്റെ ഹൃദയം മാറ്റി വയ്ക്കുന്നത്. സർക്കാർ ആശുപത്രികളിൽ നടക്കുന്ന രണ്ടാമത്തെ ഹൃദയമാറ്റി വയ്ക്കൽ ശസ്ത്രക്രിയ. കഴിഞ്ഞ ഏപ്രിൽ 26നാണു ബഷീറിന്റെ ശസ്ത്രക്രിയ നടത്തിയത്.

∙ ഇന്നത്തെ ബഷീർ
കാറ്റിലുലഞ്ഞ വഞ്ചി പോലെയായിരുന്ന ജീവിതമെന്നു ബഷീർ പറയുന്നു. ഇപ്പോൾ വ്യക്തമായ ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്നു. അതിനു ബഷീർ നന്ദി പറയുന്നത് തനിക്കുവേണ്ടി പ്രാർഥിച്ചവരോടും കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകൾ പോലും കൂട്ടിവെച്ചുകൊണ്ടുവന്നെത്തിച്ച സുമനസുകളോടും പിന്നെ എന്നും അടിയുറച്ചു വിശ്വസിച്ച പരമമായ കാരുണ്യത്തോടുമാണ്.

ആ സന്തോഷത്തിനൊപ്പം ബഷീർ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു.അവയവമാറ്റത്തിനു വിധേയനാവുന്ന ഒരു സാധാരണക്കാരന്റെയും കുടുംബത്തിന്റെയും പോരാട്ടം വിജയകരമായ ശസ്ത്രക്രിയയോടെ അവസാനിക്കുന്നില്ല. അതിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത് ശസ്ത്രകിയക്കു ശേഷമാണ്. ജീനിതം മുന്നോട്ടുകൊണ്ടുപോവാൻ വിലപിടിപ്പുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ട്. അണുബാധയുണ്ടാവുന്ന സാഹചര്യം കർശനമായും ഒഴിവാക്കണം. സുഖമായിട്ടും , ചെമ്മീൻപാടത്തോടു ചേർന്നുള്ള സ്വന്തം വീട്ടിലേക്കു മടങ്ങാൻ കഴിയാത്തതും അതുകൊണ്ടുതന്നെ.കോട്ടയത്തു വാടകയ്ക്കു താമസിക്കുന്നതിനു വേണ്ടിവരുന്ന ചെലവും കയ്യിൽ നിന്നും കണ്ടെത്തണം.താങ്ങും തുണയുമില്ലാതെ ഇനിയും പലതും സാധ്യമല്ല