Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമേറിയവർ അറിയാൻ എട്ടു കാര്യങ്ങൾ!

ഡോ.മാത്യു പി.തോമസ്
oldage-osteoporosis

വീഴ്ചകൾ അസ്ഥികൾക്കു ക്ഷതമോ ഒടിവോ സമ്മാനിക്കാം. പ്രായമേറിയവരിൽ സംഭവിക്കുന്ന ഒടിവുകൾ ഒരുപക്ഷേ ജീവിതത്തിനു പൂർണവിരാമം തന്നെ സമ്മാനിച്ചേക്കാം. പ്രായമേറിയവരുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ, വീഴ്ചകളിലൂടെ അസ്ഥികൾക്കു സാരമായി പരിക്കേൽക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. പ്രായമേറിയവരെ സംബന്ധിച്ചിടത്തോളും പൊതു നിരത്തുകൾ പോലെതന്നെ വീടും അത്ര സുരക്ഷിതമല്ല.

കുളിമുറിയിലും വീട്ടുമുറ്റത്തും വീണുള്ള ഒടിവുകളും വാർധക്യം ദുരിതപൂർണമാക്കും. അസ്ഥിയുടെ ബലവും സാന്ദ്രതയും ക്ഷയിക്കുന്നത് ചെറിയ വീഴ്ചയിൽതന്നെ സങ്കീർണ്ണമായ ഒടിവുകൾ സംഭവിക്കാനിടയാകുന്നു. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് ഒടിവു സംഭവിച്ചാൽ സുഷുമ്നാനാഡിക്കു പരുക്കേൽക്കാനും ശരീരം ഭാഗികമായോ പൂർണമായോ തളർന്നു പോകാനുമിടയുണ്ട്. സങ്കീർണമായ ശസ്ത്രക്രിയകൾ ഫലവത്തായാൽപോലും ദീർഘകാല ആശുപത്രിവാസം മാനസികമായും രോഗിയെ തളർത്തും. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്നവർ വീഴ്ചകളെ വളരെ സൂക്ഷിക്കണം. പ്രായമേറുന്നത് തടുക്കുവാനാവില്ലെങ്കിലും താഴെപ്പറയുന്ന മുൻകരുതലുകളിലൂടെ ഒടിവുകളുടെ സാധ്യത കുറയ്ക്കാൻ കഴിയും.

1. അസ്ഥിയുടെ സാന്ദ്രതയും ബലവും കൂട്ടാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം കഴിക്കുക
2. ഓരോരുത്തരുടെയും ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പച്ചിലവർഗങ്ങളും അടങ്ങുന്ന സമീകൃതാഹാരം മാത്രം കഴിക്കുക.
3. ഓരോ ചുവടുവയ്പ്പും ശ്രദ്ധയോടെ വേണമെന്ന് പ്രായമായവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും സാവധാനം നടക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക.
4. പ്രായമേറിയവരുടെ സഹായത്തിനായി ഒരാളെ ഏർപ്പെടുത്തുന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുകയും വീഴ്ചയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
5. കാഴ്ചക്കുറവും തലകറക്കവും പ്രായമേറിയവരിൽ വീഴ്ചയ്ക്ക് വഴിയൊരുക്കുന്നതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.
6.. ശരീരത്തിന് അനുയോജ്യമായ വ്യായാമമുറകൾ ഡോക്ടർമാരുടെ നിർദേശപ്രകാരം ചെയ്യുന്നത് പേശികൾക്ക് ബലവും അയവും നൽകും.
7. പുകവലി മദ്യപാനം എന്നിവ അസ്ഥികളുടെ ആരോഗ്യം കവർന്നെടുക്കുന്നതിനാൽ പൂർണമായും വർജിക്കണം.
8. വേദനസംഹാരികളുടെ അമിതോപയോഗം അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പല രോഗലക്ഷണങ്ങളും അറിയാതെ പോകുവാനുമിടയുണ്ട്.

ഡോ.മാത്യു പി.തോമസ്
അസിസ്റ്റന്റ് പ്രഫസർ
അൽ അസർ മെഡിക്കൽ കോളജ്
തൊടുപുഴ

Your Rating: