Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരപ്പരിപ്പില്‍ ആളെക്കൊല്ലും ഒതളങ്ങ

othalanga

കാളകൂടമെന്ന പേരു കേട്ടാല്‍ ഞെട്ടുന്ന മലയാളി ഒതളങ്ങയെന്ന പേരു കേട്ടാല്‍ അത്ര പേടിക്കില്ല. പേരില്‍ മാത്രമല്ല രൂപത്തിലും ഒതളങ്ങ ആളെ പറ്റിക്കും. പഴത്തിന്റെ പേരും മാങ്ങയുടെ രൂപവും ഒത്തിണങ്ങിയ നാടന്‍ വിഷക്കായ കഴിച്ച് കേരളത്തില്‍ പത്തു വര്‍ഷത്തിനിടെ മരിച്ചത് 500 പേരാണ്. തീര്‍ന്നില്ല, വിഷം ഉള്ളില്‍ ചെന്നുള്ള പത്തു മരണങ്ങളില്‍ ഒരെണ്ണം ഒതളങ്ങ മൂലമാണ്. ഒതളങ്ങ കഴിക്കുന്നവരില്‍ മുക്കാല്‍ ഭാഗവും സ്ത്രീകളാണ്.

ഫ്രാന്‍സിലെ ലാബറട്ടറി ഓഫ് അനലിറ്റിക്കല്‍ ടോക്സിക്കോളജിയിലെ യാന്‍ ഗൈലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 2004 ലാണ് കൊടുംവിഷമായ ഒതളങ്ങ സംബന്ധിച്ച പഠനം നടത്തിയത്. സായി തുഴച്ചില്‍ പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനികളില്‍ ഒതളങ്ങ കഴിച്ച സംഭവം വിവാദമായതോടെ പ്രമുഖ സാഹിത്യകാരന്‍ എന്‍.എസ്. മാധവനാണ് അന്വേഷണ റിപ്പോര്‍ട്ട് സാമൂഹിക മാധ്യമത്തില്‍ അവതരിപ്പിച്ചത്. നാടന്‍ വിഷമെന്ന് പറയുന്ന ഒതളങ്ങയുടെ പ്രഹരശേഷി രാജ്യാന്തര വിഷങ്ങളേക്കാള്‍ ഏറെയെന്ന് ശാസ്ത്രസംഘം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആത്മഹത്യാ മരം

കായലിന്റെയും പുഴകളുടെയും തോടുകളുടെയും വക്കില്‍ കൈത പോലെ വളരുന്ന ഒതളങ്ങ കുട്ടനാട്ടില്‍ യഥേഷ്ടമുണ്ട്. ആത്മഹത്യാ മരം എന്നാണ് വിദേശ സംഘം ഒതളങ്ങയെ വിളിക്കുന്നത് പോലും. ഇന്ത്യയിലും തെക്കു കിഴക്കേ ഏഷ്യയിലുമാണ് ഒതളങ്ങ ധാരാളമായി വളരുന്നത്. കുട്ടനാട്ടില്‍ ഒതളങ്ങയെ വീട്ടു പേരിന്റെ കൂട്ടത്തിലും ചേര്‍ത്തിരുന്നു. ഒതളങ്ങ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ വീടുകള്‍ക്ക് ഒതളംപറമ്പ് എന്നു വരെ പേരിട്ടിരുന്നു. എന്തിന് ഒതളംപറമ്പ് ബോട്ട് ജെട്ടിയും കുട്ടനാട്ടില്‍ ഒതളങ്ങയുടെ പേരില്‍ രൂപപ്പെട്ടു.

വിഷം മാരകം, ചികിത്സ ദുഷ്കരം

രോഗി പറഞ്ഞാലല്ലാതെ പലപ്പോഴും ഡോക്ടര്‍ക്ക് ഒതളങ്ങ വിഷം ഉള്ളില്‍ ചെന്ന വിവരം അറിയാന്‍ പറ്റാറില്ല. സെര്‍ബിറ ഒഡെല്ലം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഒതളങ്ങയുടെ പരിപ്പിലാണ് വിഷം കൂടുതല്‍. കായൊന്നിലുള്ള രണ്ട് പരിപ്പുകള്‍ കഴിച്ചാല്‍ മരണം നിശ്ചയം.

പരിപ്പിലുള്ള സെര്‍ബെറിന്‍, ഒഡൊലിന്‍, ഒഡൊലോടോക്സിന്‍ എന്നിവ നേരിട്ട് ഹൃദയത്തെ ബാധിക്കും. ഹൃദയ ഭിത്തികളിലെ കാല്‍സിയം വിഷം ഇല്ലാതാക്കുന്നതോടെ ഹൃദയതാളം തെറ്റുന്നു. ഇസിജി പരിശോധനയില്‍ മാത്രമെ രോഗ ലക്ഷണം കണ്ടെത്താന്‍ കഴിയൂ. രക്തത്തില്‍ കലര്‍ന്നാല്‍ ചികിത്സയും എളുപ്പമല്ല. മറ്റ് അവയവങ്ങളെ കാര്യമായി ബാധിക്കാത്തതിനാല്‍ രോഗി അപകടനില തരണം ചെയ്തുവെന്നു കരുതുമ്പോഴാകും അപകടം സംഭവിക്കുക. ഹൃദയത്തില്‍ പേസ് മേക്കര്‍ ഘടിപ്പിച്ചാണ ്ചികിത്സ നടത്തുന്നത്.