Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുഡ് പായ്ക്കറ്റുകൾ നിങ്ങളെ കാൻസർ രോഗിയാക്കുമോ?

538445975

ഭക്ഷണം ആകർഷകമായ കവറുകളിൽ പൊതിഞ്ഞിരിക്കുന്നതു കാണുമ്പോഴെ വാങ്ങി കഴിക്കാൻ തോന്നും എന്നാൽ ഈ ഫുഡ് പായ്ക്കറ്റുകളിൽ മാരക വിഷം അടങ്ങിയിട്ടുണ്ട് എന്നറിഞ്ഞാലോ?

ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ദോഷകരമാണെന്നു നമുക്കറിയാം. എന്നാൽ ഇവയുടെ പായ്ക്കറ്റുകളും അപകടം വിതയ്ക്കുന്നു എന്ന് ഒരു യു. എസ് പഠനം മുന്നറിയിപ്പു നൽകുന്നു.

ഫ്രഞ്ച് ഫ്രൈഡ്, പിസ, ബർഗർ ഇവയെല്ലാം പൊതിയുന്ന കവറില്‍ ഫ്ലൂറിനേറ്റഡ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിൽ വളർച്ചാവൈകല്യം ഉണ്ടാക്കുന്നതോടൊപ്പം വന്ധ്യത, അർബുദം ഇവയ്ക്കും കാരണമാകും.

മൂന്നിൽ രണ്ടു ഫാസ്റ്റ് ഫുഡ് പായ്ക്കറ്റുകളിലും പി. എഫ്. എസ് പോളിഫ്ലൂറോ ആൽക്കൈൽ ആൻഡ് പെർഫ്ലൂറോ ആൽക്കൈൽ പദാർത്ഥങ്ങള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുവാണ് ഭക്ഷണത്തിൽ നിന്നും ജലാംശത്തെ അകറ്റി ഒട്ടിപ്പിടിക്കാതെ അവയെ സംരക്ഷിക്കുന്നത്.

ഈ രാസവസ്തു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചിലയിനം കാൻസറുകൾ, ഹോർമോൺ വ്യതിയാനം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, രോഗപ്രതിരോധ ശക്തി ഇല്ലാതാക്കൽ ഇവയ്ക്കു കാരണമാകുന്നു. കുട്ടികളുടെ ശരീരം വിഷഹാരികളായ രാസവസ്തുക്കളോട് വളരെ വേഗം പ്രതികരിക്കും എന്നതിനാൽ കുട്ടികളിലാണ് രോഗസാധ്യത കൂടുതൽ.

യു എസിലെ സൈലന്റ് സ്പ്രിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻവയൺമെന്റൽ കെമിസ്റ്റ് ആയ ലോറൽ ഷെയ്ഡറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പഠനത്തിനായി ഷെയ്ഡറും കൂട്ടരും നാനൂറിലധികം സാമ്പിളുകള്‍ ഉപയോഗിച്ചു. ഭക്ഷണ പായ്ക്കറ്റുകൾ, പേപ്പർ ബോര്‍ഡ്, പാനീയങ്ങളുടെ കവറുകൾ തുടങ്ങിയവ പരിശോധിച്ചു.

പഠനസാമ്പിളുകളിലെ പി. എഫ് എസിന്റെ സൂചകമായ ഫ്ലൂറിനെ അനലൈസ് ചെയ്യാൻ പാർട്ടിക്കിൾ ഇന്റഡ്യൂസ്ഡ് ഗാമാ റേ എമിഷൻ (PIGE) എന്ന പുതിയ രീതി ഉപയോഗിച്ചു.

46% പൊതികളിലും പി. എഫ് എസ് അടങ്ങിയിരുന്നു. ഇതിൽ 38% സാൻഡ്‌വിച്ചിന്റെയും ബർഗറിന്റെയും പൊതിയും 56% ബ്രഡിന്റെയും ഐസ്ക്രീമിന്റെയും പൊതിയും ആയിരുന്നു. പാനീയങ്ങളുടെ കവറുകളിലും പി എഫ് എസ് അടങ്ങിയിട്ടുണ്ടെന്നും കണ്ടു.

കൂടാതെ എന്തു തരം PFAS ആണ് അടങ്ങിയിട്ടുള്ളത് എന്നറിയാൻ 20 സാമ്പിളുകൾ വീണ്ടും പരിശോധിച്ചു. ഇതിൽ ആറെണ്ണത്തിൽ പെർഫ്ലൂറോ ഒക്ടാനിക് ആസിഡ് (PPOA) അട‌ങ്ങിയിട്ടുണ്ടെന്നു കണ്ടു. ഇത് ആരോ‌ഗ്യ സുരക്ഷയെക്കരുതി 2011 ൽ യു എസിൽ നിരോധിച്ചതാണ്.

ഭക്ഷണപ്പൊതികൾ കൂടാതെ നോൺസ്റ്റിക് പാത്രങ്ങൾ, വാട്ടർ പ്രൂഫ് ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങളുടെ കോട്ടിങ്ങ് മുതലായവയിലും ഈ രാസവസ്തു അടങ്ങിയിട്ടുണ്ട്. ശ്വസിക്കുമ്പോഴും കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ഈ രാസവസ്തു മനുഷ്യ ശരീരവുമായി സമ്പർക്കത്തിലാകുന്നു.

ഫാസ്റ്റ് ഫുഡുകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് പഠനസംഘം നിർദേശിക്കുന്നു. ചൂടോടെയും എണ്ണ ചേർത്തതുമായ ഭക്ഷണം ഈ പായ്ക്കറ്റുകളിൽ നിറയ്ക്കുന്നത് ഒഴിവാക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ആകർഷകമായി പായ്ക്കു ചെയ്ത് രുചിയൂറുന്ന ഫാസ്റ്റ് ഫുഡ് കുട്ടികൾക്ക് വാങ്ങിക്കൊടുക്കും മുൻപ് ഒന്നു കൂടി ചിന്തിക്കൂ. ഇത് വാങ്ങുക വഴി രോഗങ്ങൾ കൂടിയാണ് നിങ്ങൾ വിലയ്ക്കു വാങ്ങുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.