Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരികൾക്ക് സാന്ത്വന പരിചരണം ഉറപ്പാക്കാൻ ഡോ.ആർഷി കേരളത്തിൽ

arshi

പെല്ലറ്റ് പ്രയോഗത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായവർ, രോഗം കൂടി അവശരാകുമ്പോഴും ഭീകരാക്രമണവും സംഘർഷവും കർഫ്യുവും കാരണം ആശുപത്രി സന്ദർശനം അസാധ്യമായവർ - സാന്ത്വന പരിചരണത്തിൽ പരിശീലനം നേടണമെന്നും എന്റെ നാട്ടുകാർക്ക് ആ സേവനം ഉറപ്പാക്കണമെന്നും തീരുമാനിക്കാൻ എന്നെ പ്രേരിപ്പിച്ചത് ദിവസവും കാണുന്ന ഈ ദുരിതക്കാഴ്ചകളാണ്. പറയുന്നത് കശ്മീരിലെ ശ്രീനഗർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അനസ്തീസ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം അസി. പ്രഫസർ ഡോ. ആർഷി താജ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (ഐപിഎം) നടത്തുന്ന നാഷനൽ ഫെലോഷിപ്പ് ഇൻ പാലിയേറ്റീവ് മെഡിസിൻ (എൻഎഫ്പിഎം ) പരിശീലനത്തിൽ പങ്കെടുക്കാനെത്തിയതാണ് ഡോ. ആർഷി. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 17 ഡോക്ടർമാരിൽ ഒരാളാണ് ഡോ. ആർഷി.

‘‘നിങ്ങൾക്ക് സങ്കൽപിക്കാൻ കൂടിയാവില്ല എന്റെ നാടിന്റെ അവസ്ഥ. സംഘർഷത്തിൽ പരുക്കേറ്റ് കിടപ്പിലായവരേറെ. അവരിൽ നല്ലൊരു വിഭാഗവും ചികിൽസ ലഭിക്കാതെ യാതന അനുഭവിക്കുകയാണ്. അത്തരക്കാരെ സഹായിക്കാൻ സാന്ത്വന പരിചരണത്തിന് കഴിയുമെങ്കിലും അതു നൽകാനാവാത്ത അവസ്ഥ. രാജ്യത്ത് ഈ പരിചരണ രീതിക്കു തുടക്കമിട്ടിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും കശ്മീരിൽ ഇതേക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. അതുകൊണ്ടുതന്നെ ചികിൽസ നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. മറ്റൊരു പരിശീലന പരിപാടിയിൽനിന്നു കേട്ടറിഞ്ഞാണ് താൻ ഈ ഫെലോഷിപ്പിലേക്കെത്തുന്നത്’’– അവർ പറഞ്ഞു.

ഇന്ത്യയിൽ ഈ ചികിൽസാ രീതിക്ക് തുടക്കമിട്ട കോഴിക്കോട്ടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (ഐപിഎം) എന്നിവിടങ്ങളിൽനിന്നു വിദഗ്ധ പരിശീലനം നേടാൻ തീരുമാനിച്ചത് അങ്ങനെയാണ്. ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാവാത്ത പുരോഗതിയാണ് കേരളം സാന്ത്വന പരിചരണത്തിൽ നേടിയിരിക്കുന്നത്. അതിൽ മുൻനിരയിൽനിന്നു പ്രവർത്തിക്കുന്ന ഐപിഎമ്മിൽനിന്ന് പരിശീലനം നേടുക എന്നത് ഏറെക്കാലമായുള്ള തന്റെ ആഗ്രഹമായിരുന്നുവെന്നും ഡോ. ആർഷി പറഞ്ഞു.

ഇത്തവണ ഫെലോഷിപ്പിന് ഡൽഹി, ജാർഖണ്ഡ്, യുപി, ഗുജറാത്ത്, ആന്ധ്ര, പോണ്ടിച്ചേരി, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്. കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന ഈ ഫെലോഷിപ്പ് ഇന്ത്യയിൽത്തന്നെ ഡോക്ടർമാർക്കായുള്ള സുപ്രധാന സാന്ത്വന പരിചരണ പരിശീലന പദ്ധതിയാണ്. ഇതിനോടകം ഇരുനൂറിലേറെപ്പേർ പരിശീലനം നേടിക്കഴിഞ്ഞു.

ഒരു വർഷത്തെ പരിശീലനപരിപാടിയിൽ ആദ്യ 10 ദിവസം സാന്ത്വന പരിചരണത്തിലെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകും. തുടർന്ന് ഓൺലൈൻ പരിശീലനവും ക്ലിനിക്കൽ ട്രെയിനിങ്ങും. ഒരു വർഷം മുഴുവൻ തുടർച്ചയായ മൂല്യനിർണയത്തിലും അവസാന പരീക്ഷയിലും വിജയിക്കുന്നവർക്കാണ് ഫെലോഷിപ്പ് നൽകുക. എംബിബിഎസ് അല്ലെങ്കിൽ ബിഡിഎസ് ബിരുദമാണ് നാഷനൽ ഫെലോഷിപ്പ് പ്രോഗ്രാമിന് യോഗ്യത.

എൻഎഫ്പിഎം പരീശീലനം നേടിയ ഡോക്ടർമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതുതന്നെയാണ് ഈ പരിശീലന പരിപാടിയുെട വിജയവും. സാന്ത്വന പരിചരണം രാജ്യം മുഴുവൻ ലഭ്യമാക്കാനും പരിശീലന പരിപാടികൾ സഹായിക്കുന്നു. ഇവിടെനിന്ന് ഫെലോഷിപ്പ് നേടിയ ഡോ. സവിത ബട്ടൂളയുടെ നേതൃത്തിലാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ജലന്ധർ കേന്ദ്രത്തിൽ സാന്ത്വന പരിചരണ കേന്ദ്രവും പരിശീലന കേന്ദ്രവും തുടങ്ങിയത്. ഉത്തരാഖണ്ഡിൽ ഗംഗാപ്രേം ഹോസ്പൈസിൽ പ്രവർത്തിക്കുന്ന ഡോ. അദിതി, നാഗാലാൻഡിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടവരിലൊരാളായ ഡോ. നെപുണി അത്തിക്കോ എന്നിവരെല്ലാം ഈ പരിപാടിയിലൂടെ പരിശീലനം നേടിയവരാണ്.

ഇതേ പരിശീലനം നഴ്സുമാർക്ക് നൽകാനായി 2015ൽ നഴ്സുമാർക്കായി എൻഎഫ്പിഎൻ തുടങ്ങിയിട്ടുണ്ട്. 2016–17 ബാച്ചിൽ എൻഎഫ്പിഎൻ പ്രവേശനം നേടിയ നഴ്സുമാർക്ക് ആദ്യഘട്ട പരിശീലനവും ഇപ്പോൾ നടക്കുകയാണ്. ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം ആണ് അപേക്ഷിക്കാൻ യോഗ്യത. എൻഎഫ്പിഎം, എൻഎഫ്പിഎൻ പരിശീലനപരിപാടികൾ ലോകാരോഗ്യ സംഘടനയുടെ കൊളാബറേഷൻ കേന്ദ്രമായ കോഴിക്കോട് ഐപിഎമ്മും ന്യൂഡൽഹിയിലെ ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് നടപ്പാക്കുന്നത്. 

Your Rating: