Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കമില്ലായ്മയാണോ നിങ്ങളുടെ പ്രശ്നം?

ലോകത്തിൽ അഞ്ചിൽ ഒരാൾ വീതം ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നു

ലോകത്തിൽ അഞ്ചിൽ ഒരാൾ വീതം ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. മാറുന്ന ജീവിതരീതികളും രാത്രികാല ജോലിസമയവുമൊക്കെയാണ് ഉറക്കക്കുറവിനു കാരണമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക ഉറക്ക ദിനത്തോടനുബന്ധിച്ചു നടത്തിയ സർവേയിലാണ് ഉറക്കമില്ലായ്മയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശേഖരിച്ചത്. ഇന്ത്യയിലെ പ്രമുഖ ഡോക്ടർമാരുടെ സംഘടനയായ ക്യൂറോഫൈയാണ് ഇതിന് നേതൃത്വം നൽകിയത്.

ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരും നന്നായി ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കുന്നവരും ഏറെയാണ്. ഉറക്കമില്ലായ്മയെക്കുറിച്ചും ഉറക്കഗുളികകഴിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധമുണർത്തുകയാണ് സർവേയുടെ ലക്ഷ്യമെന്ന് ഡോ. പവൻ ഗുപ്ത പറഞ്ഞു.

മാനസിക സംഘർഷവും ജോലിയിലെ പിരിമുറുക്കവും ബന്ധങ്ങളുടെ തകർച്ചയുമെല്ലാം ഉറക്കക്കുറനിനു കാരണമാകുന്നു. ഉറക്കമില്ലായ്മ കാരണം ഡോക്ടർമാരെ കാണാനെത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണുണ്ടായിട്ടുള്ളത്. നല്ല ഉറക്കത്തിനായി ഉറക്കഗുളിക ചോദിച്ചുവാങ്ങുന്നവരും ഏറെയാണെന്ന് ഡോക്ടർമാർ പറയുന്നു. മറ്റു രോഗങ്ങളുമായെത്തുന്ന 20.3 ശതമാനം രോഗികളും ഉറക്കഗുളിക ആവശ്യപ്പെടുന്നവരാണ്.ഇതിനർത്ഥം അഞ്ചിൽ ഒരാൾ വീതം ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നുള്ളതാണ്.

മുൻ കാലങ്ങളിൽ രാത്രി സമയങ്ങളിൽ ജോലിചെയ്യുന്നവരിലാണ് ഉറക്കക്കുറവുമൂലമുള്ള പ്രശ്നങ്ങൾ കൂടുതലായി കാണപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എല്ലാവരിലും ഉറക്കക്കുറവ് കാണപ്പെടുന്നു. സാമൂഹികമാധ്യമങ്ങളുടെ കടന്നുവരവാണ് ഇപ്പോഴത്തെ പ്രധാന വില്ലൻ. രാത്രി വൈകിയും സോഷ്യൽ മീഡിയകളിൽ പരതി ഉറക്കം കളയുന്നവരാണേറെയും. ഇതും നല്ല ഉറക്കത്തെ തടസപ്പെടുത്താൻ കാരണമാകുന്നുവെന്ന് ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. അനൂപ് കോഹ്‌ലി പറയുന്നു. ഡോക്ടർമാരുടെയും രോഗികളുടെയും കഠിനമായ പരിശ്രമവും ആരോഗ്യകരമായ ജീവിതരീതികളും പിന്തുടർന്നാൽ ഒരു പരിധിവരെ ഉറക്കമില്ലായ്മ പരിഹരിക്കാനാകുമെന്നും ഡോ. ഗുപ്ത പറയുന്നു.

Your Rating: