Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ ശരീരത്തിൽ കണ്ട ക്ളോർപിറിഫോസ് അപകടകാരിയാകുന്നതെങ്ങനെ?

blood-test

കലാഭവൻ മണിയുടെ മരണത്തിനു കാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് രാസപരിശോധനാ ഫലം പുറത്തു വന്നിരിക്കുന്നു. രക്തത്തിൽ ക്ളോർപിറിഫോസ് എന്ന കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഏതെല്ലാം വിധത്തിൽ കീടനാശിനി ശരീരത്തിൽ പ്രവേശിക്കാമെന്നും അതുകൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിസിൻ പ്രഫസർ ഡോ. ബി. പത്മകുമാർ വ്യക്തമാക്കുന്നു.

ക്ളോർപിറിഫോസ് എന്നത് ഓർഗനോ ഫോസ്ഫറസ് സംയുക്തമാണ്. ഇത് വളരെ ശക്തിയേറിയ ഒരു കീടനാശിനിയാണ്. പാടത്തും പറമ്പിലും കളകളെ നശിപ്പിക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്.

നാഡീ ഞരമ്പുകളിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരത്തെ ഇതു തടയുന്നു. അങ്ങനെ സംഭവിക്കുമ്പോൾ പേശികൾക്ക് തളർച്ച അനുഭവപ്പെടുകയും ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. ചെറിയ അളവിലാണ് ഈ കീടനാശിനി ഉള്ളിൽ ചെല്ലുന്നതെങ്കിൽ ഛർദ്ദി, കണ്ണിൽ നിന്നും വായിൽ നിന്നും വെള്ളം വരിക, വയറിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം. പക്ഷേ കൂടുതൽ അളവിൽ രക്തത്തിൽ കലരുകയാണെങ്കിൽ കൈകാലുകൾക്ക് തളർച്ച, ശ്വാസതടസം, അപസ്മാര ലക്ഷണങ്ങൾ, അബോധാവസ്ഥ തുടർന്നു മരണം വരെ സംഭവിക്കുന്നു.

മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശവും; രാസപരിശോധന ഫലം പുറത്ത്

മദ്യത്തിൽ എങ്ങനെ ഈ കീടനാശിനി കലർന്നു എന്നതിനെക്കുറിച്ച് അറിവില്ല. ചിലപ്പോൾ മദ്യത്തിന് വീര്യം കൂട്ടാനും കൂടുതൽ ലഹരി കിട്ടാനുമൊക്കെ മുൻപ് ഇത്തരത്തിലുള്ള കീടനാശിനികൾ ചേർത്തതായ സൂചനകളുണ്ട്. ഇത്തരത്തിലുള്ള രാസവസ്തുക്കൾ ശരീരത്തിൽ ചെന്നു കഴിഞ്ഞാൽ അവയെ വിഘടിച്ച് നിർവീര്യമാക്കുന്നത് കരളാണ്. മണിയുടെ കരളിന്റെ പ്രവർത്തനം വളരെ മോശവുമായിരുന്നു. ഇങ്ങനെയുള്ള വ്യക്തികളിൽ ചെറിയ അളവിൽ പോലും കീടനാശിനികളോ മറ്റു രാസവസ്തുക്കളോ ഉള്ളിൽ ചെന്നാൽ പോലും കൂടുതൽ മാരകമായ അവസ്ഥയിലേക്ക് എത്താമെന്നും ഡോ. പത്മകുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.

Your Rating: