Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടം ഒളിപ്പിച്ച് പെറ്റ് ബോട്ടിൽ മരുന്നുകൾ

pet-bottle-03112015

മരുന്നുകളിൽ അടങ്ങിയ രാസവസ്തുക്കളുമായി ഉയര്‍ന്ന താപനിലയില്‍ പ്രതിപ്രവർത്തിച്ച്, ബിസിഫിനോള്‍ എ (ബിപിഎ), ഡൈ ഇൗൈതർ ഹെക്സൈൽ താലേറ്റ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കളാണ് പെറ്റ് ബോട്ടിലുകള്‍ പുറന്തള്ളുന്നത്. അടുത്തിടെ പരിശോധിച്ച അഞ്ച് സാമ്പിളുകളിലും അമിതമായ അളവില്‍ ക്രോമിയം, ഈയം, ആന്റിമൊണി എന്നിവ അടങ്ങിയിട്ടുണ്ടെന്നും തെളിഞ്ഞു. ഇത് ഒഴിവാക്കാനായി മുമ്പ് നിറമുള്ള ചില്ലു കുപ്പികളിലാണ് ഇത്തരം മരുന്നുകള്‍ നിറച്ചിരുന്നത്. എന്നാൽ ഇപ്പോൾ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള എഴുപതു ശതമാനം മരുന്നും പെറ്റ് ബോട്ടിലുകളിലാണ് വിറ്റഴിക്കപ്പെടുന്നത്. 40-45 ഡിഗ്രി വരെ താപനില ഉയരുന്ന ഇന്ത്യയിൽ, വിവിധ രാസവസ്തുക്കള്‍ അടങ്ങിയ മരുന്നുകളുടെ പായ്ക്കിങ്ങിന് പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന പരാതി ശരിവയ്ക്കുന്നതാണ് പരിശോധനാ റിപ്പോര്‍ട്ടുകൾ.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍

ഇൗ രീതിയിൽ അപകടകരമായ രാസവസ്തുക്കൾ ശരീരത്തിലെത്തുന്ന പെണ്‍കുട്ടികള്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് നാലോ അഞ്ചോ വര്‍ഷം മുമ്പു തന്നെ ഋതുമതികളാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പോളി എഥിലിന്‍ ടെർതാലേറ്റില്‍ അടങ്ങിയിരിക്കുന്ന ടെർതാലിക്ക് ആസിഡ് സൃഷ്ടിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. പെറ്റ് ബോട്ടിലുകള്‍ പുറന്തള്ളുന്ന ബിസിഫിനോള്‍ എ, ഡൈ ഇൗൈതർ ഹെക്സൈൽ താലേറ്റ് എന്നിവ കാന്‍സർ‍, പ്രമേഹം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിഷരാസവസ്തുക്കള്‍ ഹോര്‍മോണ്‍ സംവിധാനത്തെയാകെ തകരാറിലാക്കുകയാണു ചെയ്യുന്നത്. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന സംവിധാനത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. ഇത്തരം രാസവസ്തുക്കൾ വന്ധ്യതയ്ക്കും ഗര്‍ഭഛിദ്രത്തിനും ഇടയാക്കുമെന്നും പരിശോധനകളില്‍ തെളിഞ്ഞു. ഗർഭാശയ രോഗങ്ങൾ, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന് ഭാരം കുറയൽ, കുട്ടികള്‍ക്കു ജന്മവൈകല്യം എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് ഡൽഹി എയിംസിലെ ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. സീമാ സിംഗാള്‍ ചൂണ്ടിക്കാട്ടുന്നു.

ക്രോമോസോം തകരാറിനും ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോഡറിനും കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന വികലമായ പെരുമാറ്റത്തിനും ബിസിഫിനോള്‍ എ കാരണമാകും. മരുന്നുകളോടു പ്രതികരിക്കാനുള്ള ശരീരത്തിന്റെ ശേഷിയേയും ഇതു ബാധിക്കും. ഭൂരിപക്ഷം ഗര്‍ഭിണികളും ഇത്തരം ബോട്ടിലുകളില്‍ പായ്ക്ക് ചെയ്യുന്ന ടോണിക്കുകളാണ് ഗര്‍ഭകാലത്ത് ഉപയോഗിക്കുന്നതെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

നീളുന്ന നിരോധനം

മരുന്നു വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് വിദഗ്ദ ഉപദേശം നൽകാനായി രൂപീകരിച്ച ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്‌വൈസറി ബോര്‍ഡ് 2013 നവംബർ 25–ന് ഡൽഹിയില്‍ യോഗം ചേർന്ന്, ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവർക്കും കുട്ടികള്‍ക്കുമുള്ള മരുന്നുകള്‍ പെറ്റ് ബോട്ടിലുകളില്‍ പായ്ക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 29-ന് താല്‍ക്കാലിക വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും 4000 കോടി വിറ്റുവരവുള്ള ബോട്ടില്‍ നിര്‍മാതാക്കളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഇത് മരവിപ്പിക്കുകയായിരുന്നു.

ദ്രവരൂപത്തിലുള്ള മരുന്നുകളുടെ പായ്ക്കിംഗിന് പെറ്റ് ബോട്ടിൽ ഉപയോഗിക്കാൻ പാടില്ലെന്നും നിരോധനം ലംഘിക്കുന്നവർക്കെതിരേ 1940–ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്ക് നിയമപ്രകാരം നടപടിയെടുക്കുമെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. അടുത്തിടെ ചേര്‍ന്ന ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്‌വൈസറി ബോര്‍ഡ് നിരോധനം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാതെ കൂടുതല്‍ പഠനങ്ങള്‍ക്കായി വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി കൈകഴുകുകയായിരുന്നു.

വിട്ടുവീഴ്ച പാടില്ലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

ബോട്ടില്‍ നിര്‍മാതാക്കളുടെ ലാഭത്തിനു വേണ്ടി പൊതുജനങ്ങളുടെ ആരോഗ്യവിഷയത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഉള്‍പ്പെടെ അഞ്ചു പ്രധാന ആശുപത്രികളിലെ പ്രമുഖ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. മരുന്നു പായ്ക്കിങ്ങിന് പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നത് എത്രയും പെട്ടെന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 15-ന് ഇവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. യൂറോപ്യന്‍ രാജ്യങ്ങൾ വിഷയത്തിന്റെ ഗൗരവം മുമ്പു തന്നെ തിരിച്ചറിഞ്ഞിരുന്നു. ഹോര്‍മോണ്‍ സംവിധാനത്തെ ബാധിക്കുന്ന ഇത്തരം രാസവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ പീഡിയാട്രിക്ക് എന്‍ഡോക്രൈനോളജി, ഡോക്ടമാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നാലായിരം കോടി വിറ്റുവരവ്

2013-ല്‍ ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിമജാഗ്രതി എന്ന സംഘടനയാണ് പെറ്റ് ബോട്ടിലുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. കുറഞ്ഞത് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള മരുന്നുകള്‍ പെറ്റ് ബോട്ടിലുകളില്‍ പായ്ക്ക് ചെയ്യുന്നതെങ്കിലും നിരോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സര്‍ക്കാർ, വിഷയം പരിഗണിക്കാന്‍ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്‌വൈസറി ബോര്‍ഡിനെ ചുമതലപ്പെടുത്തിയത്. പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബോര്‍ഡ് നല്‍കിയ നിര്‍ദേശപ്രകാരം ഒരു വര്‍ഷം മുമ്പ് നിരോധനം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഗസറ്റില്‍ താല്‍ക്കാലിക വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതോടെ പെറ്റ് ബോട്ടില്‍ നിര്‍മാതാക്കള്‍ അരയും തലയും മുറുക്കി രംഗത്തെത്തി. പരിശോധനകളുടെ നിയമസാധുത ചോദ്യം ചെയ്ത് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വരെ പരാതി നൽകിയതോടെ തുടര്‍നടപടികള്‍ മരവിച്ചു. നാലായിരം കോടി വിറ്റുവരവുള്ള പെറ്റ് ബോട്ടില്‍ നിര്‍മാണ രംഗത്തെ നിയന്ത്രിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ദുന്‍സേരി പെട്രോകെം ലിമിറ്റഡ്, ജെബിഎഫ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ്. പെറ്റ് ബോട്ടിലുകള്‍ ഒഴിവാക്കി ചില്ലു കുപ്പികളിലേക്കു തിരിയുന്നത് നിര്‍മാണ, വിതരണ ചെലവ് വര്‍ധിപ്പിക്കുമെന്നാണ് മരുന്നു കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.