Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈൽസ് ആശ്വാസം നേടാൻ വഴികളിതാ

piles

വേദനയും ചൊറിച്ചിലും രക്തസ്രാവവുമൊക്കെയായി പൈൽസിന്റെ (അർശസ്സ്/മൂലക്കുരു) അസ്വാസ്ഥ്യങ്ങൾ ചെറുതല്ല. രോഗം നിയന്ത്രിക്കാനും. ചികിത്സ ഫലപ്രദമാക്കാനും ഒപ്പം പെട്ടെന്ന് ആശ്വാസം ലഭിക്കാനും ചില മാർഗങ്ങൾ

നാരുള്ളവ നന്നായി കഴിച്ചോളൂ

∙ പൈൽസ് വരാനും വന്നാൽ തീവ്രമാകാനും കാരണം മലബന്ധമാണ്. മലബന്ധം കുറയ്ക്കാനായി നാരുകൾ കൂടിയ ഭക്ഷണം ശീലമാക്കണം.

∙ ഇതിനായി പഴങ്ങളും പച്ചക്കറികളും ഓട്സ് പോലുള്ളവയും ശീലിക്കണം. അതിനു പുറമേ ബാര്‍ലി, ബീൻസ്, ഇലക്കറികൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.

∙രാത്രിഭക്ഷണം നാരുള്ളതാകാൻ പ്രത്യേകം ശ്രദ്ധിക്കണം. പാളയംകോടൻ പഴവും രാത്രിയിൽ കഴിക്കുന്നതു നല്ലത്.

കാലുകള്‍ ഉയര്‍ത്തിവയ്ക്കാം

മലശോധനയ്ക്കായി ടോയ്‌ലറ്റിൽ ഏറെ നേരം ചെലവഴിക്കുന്നവർക്കാണ് പൈൽസിനു സാധ്യത കൂടുതൽ.

∙ ശോധനയ്ക്ക് ഉൾപ്രേരണ തോന്നുമ്പോൾ മാത്രം പോവുക. അമിത സമ്മർദം ചെലുത്താതിരിക്കുക.

∙ യൂറോപ്യൻ സ്റ്റൈൽ ക്ലോസറ്റ് ഉപയോഗിക്കുമ്പോൾ ചെറിയ സ്റ്റൂളോ മറ്റോ ഉപയോഗിച്ച് കാലുകൾ അൽപം ഉയർത്തിവയ്ക്കുന്നതു ശോധന കൂടതൽ സുഗമമാക്കും.

സിറ്റ്സ് ബാത്

∙ പൈൽസിനു പെട്ടെന്ന് ആശ്വാസം നൽകുന്ന മാർഗമാണ് സിറ്റ്സ് ബാത്.

∙ പൃഷ്ഠഭാഗം പൂർണമായും താഴ്ത്തിവയ്ക്കാവുന്ന ഒരു ബേസിനിൽ ഇളം ചൂടുവെള്ളമെടുത്ത് 10–15 മിനിറ്റു നേരം ഇരിക്കുന്നതാണ് സിറ്റ്സ് ബാത്.

∙ അണുനാശിനിയായ അയൊഡിൻ, പൊട്ടാസ്യം പെർമാംഗനേറ്റ്, ഉപ്പ് എന്നിവയിലൊന്ന് ആ വെള്ളത്തിൽ ചേർക്കുന്നതും കൂടുതൽ നല്ലതാണ്.

ആശ്വാസം 10 മിനിറ്റിൽ

∙ പൈൽസിന്റെ വേദനയും അസ്വസ്ഥതയും വേഗത്തിൽ ശമിക്കാൻ ഐസ് പാക്ക് ആ ഭാഗത്ത് വയ്ക്കാം.

∙ ഐസ് കട്ട പൊടിച്ച് ഒരു പ്ലാസ്റ്റിക് കവറിലാക്കി അതു തുണിയിൽ പൊതിഞ്ഞ് മലദ്വാര ഭാഗത്തുവയ്ക്കുക.

∙ 10 മിനിറ്റു നേരം ഐസ് പാക്ക് വച്ചു വിശ്രമിച്ചാൽ അസ്വസ്ഥതകൾ മാറും.

കൂടുതൽ വെള്ളം കുടിക്കണം

∙ നിസ്സാരമെന്നു തോന്നാമെങ്കിലും പൈൽസ് രോഗിക്ക് മലബന്ധം കുറയ്ക്കാനും തുടർന്നുള്ള അസ്വസ്ഥതകൾ അകറ്റാനും വെള്ളം കൂടി കൂട്ടണം.

∙ രാവിലെ ഉണർന്നാലുടൻ ഇളം ചൂടുവെള്ളം ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കുന്നതും ഉത്തമം.

∙ ഇഞ്ചിനീരും തേനും ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നതു പൈൽസിന്റെ വീക്കം കുറയ്ക്കും.

കറ്റാർ വാഴയും ജെല്ലിയും

∙ പൈൽസ് പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ മലശോധനയ്ക്കു മുൻപ് മലദ്വാരത്തിലേക്ക് പെട്രോളിയം ജെല്ലി കടത്തിവയ്ക്കുന്നത് ആശ്വാസം നൽകും.

∙ ഇതിനു പകരം കറ്റാർവാഴയുടെ ജെൽ പുരട്ടുന്നത് വേദനയും നിർവീക്കവും കുറയ്ക്കും.

∙ കറ്റാർവാഴ ഈർപ്പവും തണുപ്പും നൽകുന്നതിനാൽ കോൾഡ്പ്രസ്സിന്റെ ഗുണം കൂടി കിട്ടും.

പൈൽസിനു നാലു ഗ്രേഡുകൾഃ ചികിത്സയിൽ അറിയേണ്ടത്

ഗ്രേഡ് 1: വിസർജന സമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളിവരില്ല. വേദനയോടുകൂടിയതോ അല്ലാതെയോ ഉള്ള രക്തസ്രാവമാണ് രോഗലക്ഷണം. ഈ ഘട്ടത്തിൽ മരുന്നു കൊണ്ടുള്ള ചികിത്സ മതിയാകും.

ഗ്രേഡ് 2: വിസർജന സമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളിവരും. പക്ഷേ തനിയെ തിരിച്ചു കയറിപ്പോകും. ഈ ഘട്ടത്തിലും ശാസ്ത്രക്രിയ വേണ്ടിവരില്ല. റബർബാൻഡ് ഇടൽ, മരുന്നു കുത്തിവച്ചു ചുരുക്കൽ, ലേസർ ചികിത്സ തുടങ്ങിയവ മതിയാകും.

ഗ്രേഡ് 3: വിസർജന സമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളിവരും. പക്ഷേ വിരൽ കൊണ്ടു തള്ളിക്കയറ്റിയാൽ മാത്രമേ തിരിച്ചുപോകൂ. ഈ ഘട്ടം മുതൽ ശാസ്ത്രക്രിയ വേണ്ടിവരും.

ഗ്രേഡ് 4 : മൂലക്കുരു പുറത്തേക്ക് എപ്പോഴും തള്ളിനിൽക്കും. തള്ളിക്കയറ്റിയാലും ഉള്ളിലേക്കു കയറില്ല. അസഹ്യ വേദനയും കാണാം. ശാസ്ത്രക്രിയ വേണ്ടിവരും. നേരിട്ടുള്ള ശാസ്ത്രക്രിയകൾക്കു പുറമേ സ്റ്റാപ്ലർ ശാസ്ത്രക്രിയകളും ഇന്നു ലഭ്യമാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.