Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുത്വമോ, കൈപുണ്യമോ - ഒരു പോസ്റ്റുകാർഡ് പകർന്ന അത്ഭുതസിദ്ധി

titus-john ഡോ. ടൈറ്റസ് ശങ്കരമംഗലം

പോസ്റ്റുമാനെ കാത്തിരുന്ന കാലത്തിന്റെ ഓർമകൾ പുതുതലമുറയോട് പങ്കുവച്ചാൽ അവർ ഒരു പക്ഷേ ചിരിക്കുമായിരിക്കും. ഇഷ്ടക്കാരുടെ സ്വന്തം കൈപ്പടകളിൽ സ്നേഹവും സന്താപവും നിറഞ്ഞ വികാര ലിപികളിൽ വിലാസക്കാരെ തേടിയെത്തിയ കത്തുകളും പോസ്റ്റുകാർഡുകളും ഏറ്റുവാങ്ങിയപ്പോൾ ലഭിച്ച സുഖം പറഞ്ഞറിയിക്കാൻ കഴിയുമോ? ദേശീയ തപാൽ ദിനത്തിൽ അത്തരമൊരു കാലത്തെ ഓർത്തെടുക്കുകയാണ് ഡോ. ടൈറ്റസ് ശങ്കരമംഗലം, തിരുവല്ലക്കാരനായ പരിചയക്കാരൻ ജോർജിൽ നിന്ന് തന്നെ തേടിയെത്തിയ പോസ്റ്റ് കാർഡിൽ വിവരിച്ച അത്ഭുത വർത്തമാനവും അദ്ദേഹം ഇതോടൊപ്പം കൈമാറുന്നു.

35 വർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോ. വി. സി. മാത്യു റോയിയുടെ കീഴിൽ ഡോ. ടൈറ്റസ് ഹൗസ് സർജനായി ജോലി ചെയ്യുന്ന കാലം. ഡോ. ടൈറ്റസിന്റെ തിരുവല്ലയ്ക്കു സമീപത്തെ ഗ്രാമത്തിൽ നിന്ന് മുപ്പതുകാരനായ ജോർജ് അദ്ദേഹത്തോട് ഒരു ആവശ്യമുന്നയിച്ചു. വർഷങ്ങളായി കടുത്ത ആസ്തമയുടെ ബുദ്ധിമുട്ട് നേരിടുന്ന തനിക്ക് ഈ ചികിൽസയിലെ തലതൊട്ടപ്പന്മാരിൽ ഒരാളായി കണക്കാക്കാവുന്ന ഡോ. മാത്യു റോയിയിൽ നിന്ന് ചികിൽസ തേടണം. ഈ ആവശ്യവുമായി ഒടുവിൽ നേരിട്ട് തിരുവനന്തപുരത്തെത്തിയ ജോർജുമായി ഡോ. ടൈറ്റസ്, ഡോ. വി.സി.മാത്യുവിന്റെ വസതിയിലെത്തി. എന്നാൽ ഡോ. മാത്യു ഒരു സെമിനാറിനായി അന്ന് മുംബൈയിലും.

മൂന്ന് ദിവസം കാത്തിട്ടും ഡോ. മാത്യുവിനെ കാണാൻ കഴിയാത്തതിന്റെ നിരാശ ജോർജിനും സ്വന്തം നാട്ടുകാരനെ സഹായിക്കാനാവാത്തതിന്റെ സങ്കടം ഡോ.ടൈറ്റസിനും അനുഭവിക്കാനായിരുന്നു വിധി. ഒടുവിൽ മടങ്ങും മുൻപ് ജോർജ് തന്നെ ഒരു പോംവഴി ഡോ. ടൈറ്റസിനോട് നിർദേശിച്ചു. ഡോ. മാത്യുവിന്റെ കീഴിൽ ജോലി ചെയ്യുന്ന ടൈറ്റസ് ഡോകടർക്ക് ഡോ.മാത്യു ആസ്തമയ്ക്ക് കുറിക്കുന്ന മരുന്നുകളെക്കുറിച്ച് ധാരണയുണ്ടാകുമല്ലോ? എങ്കിൽ അത് തന്നെ എനിക്കും എഴുതി തരണം. ജോർജിന്റെ ആവശ്യം താൻ ഹൗസ് സർജനാണെന്ന കാരണം പറഞ്ഞ് ഡോ. ടൈറ്റസ് നിരാകരിച്ചെങ്കിലും ജോർജ് വിടുന്ന ഭാവമില്ല. മനസില്ലാ മനസോടെ ഡോ.മാത്യു ആസ്തമ രോഗികൾക്ക് നൽകുന്ന മരുന്നിന്റെ കുറിപ്പടി തന്നെ ഡോ. ടൈറ്റസ് എഴുതി നൽകി. സന്തോഷത്തോടെ ജോർജ് മരുന്നും വാങ്ങി തിരുവല്ലയ്ക്ക് മടങ്ങി.

തിരക്കിനിടയിൽ ജോർജിനെയും ആ മരുന്നുകുറിപ്പിനെയും ടൈറ്റ്സ് ഡോക്ടർ മറന്നുപോയി. പത്ത് വർഷങ്ങൾക്ക് ശേഷം ഡോക്ടറെ തേടിയൊരു പോസ്റ്റ് കാർഡെത്തി. തിരുവല്ലക്കാരൻ ജോർജിന്റെ വടിവൊത്ത ആരോഗ്യമുള്ള കൈപ്പടയിൽ - പ്രിയ ഡോക്ടർ, അന്ന് എനിക്ക് കുറിച്ചു നൽകിയ മരുന്നുകൾക്ക് നന്ദി. അന്നു മുതൽ ഇതെഴുന്നതു വരെ ആസ്തമ എന്നെ ശല്യപ്പെടുത്തിയിട്ടില്ല. പോസ്റ്റുകാർഡിൽ കൈമാറിക്കിട്ടിയ വിവരത്തിൽ സന്തോഷമുണ്ടായെങ്കിലും ഡോ. ടൈറ്റസാണ് ആ വിവരത്തിൽ അത്ഭുതപ്പെട്ടത്. ആസ്തമ ഒരിക്കലും പൂർണമായും ചികിൽസിച്ചു മാറ്റാനാകില്ലെന്ന വിവരം പഠിച്ച തനിക്ക് ആ പുതിയ വിവരം അത്ഭുതം പകർന്നതായി ഡോ. ടൈറ്റസ് ഓർക്കുന്നു. ഇന്നും പലപ്പോഴും ഡോ.ടൈറ്റസിനെ കാണുമ്പോൾ ജോർജ് പറയാറുണ്ട്. ആ കുറിപ്പടിയാണ് എന്റെ ആസ്തമ മാറ്റിയത്.

ഓരോ തവണയും ഈ വിവരം കേട്ട് അത്ഭുതം ഇരട്ടിക്കുന്ന ഡോ. ടൈറ്റസ് ഇപ്പോഴും ജോർജിനെ ഓർക്കാൻ മറ്റൊരു കാരണമുണ്ട്. രോഗം ഭേദമാകുമ്പോൾ ഡോക്ടറെ മറക്കുന്ന രോഗികളിൽ നിന്നും വ്യത്യസ്തമായി ഡോ.ടൈറ്റസിനെ തേടിയെത്തിയ ജോർജിന്റെ പോസ്റ്റുകാർഡ് പകർന്ന സ്നേഹത്തിന്റെ ചിന്തയാണത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.