Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറവി രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?

dementia

സെപ്റ്റംബർ 21 ലോക അൽസ്ഹൈമേഴ്സ് ദിനമായി ലോകം ആചരിക്കുന്നു. സെപ്റ്റംബർ മാസം അൽസ്ഹൈമേഴ്സ് മാസമായിട്ടും ലോകമെങ്ങും ആചരിക്കുന്നു. അൽസ്ഹൈമേഴ്സ് ഡിസീസ് ഇന്റർനാഷനലിന്റെ (എഡിഐ) കണക്കു പ്രകാരം 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യയിൽ 135 മില്യൺ ആൾക്കാർ മറവി രോഗത്തിന്റെ പിടിയിലേക്കു വീഴുമെന്നാണു സൂചന. ലോകരാജ്യങ്ങളിലെല്ലാം മറവി രോഗം ഭീഷണിയാകുന്നുണ്ട്. പ്രായമായവരിൽ കാണപ്പെടുന്ന അസുഖം ഇന്നു യുവാക്കളിലേക്കും കണ്ടു വരുന്നു. 35 വയസ് ശരാശരിയുള്ളവർക്കു പോലും രോഗം കണ്ടെത്തുന്ന അവസ്ഥയുണ്ട്. മറവി രോഗം മനസിലാക്കിയെടുക്കാൻ സാധിക്കാത്തതും തിരിച്ചടിയാകുന്നു.
ലോകത്ത് ഇന്നു 44 ദശലക്ഷം പേരാണു മേധാക്ഷയ(ഡിമൻഷ്യ)ത്തിന്റെ പിടിയിലുള്ളത്. ഇതിൽ 4.4 ദശലക്ഷം പേർ ഇന്ത്യയിലാണ്. ഓരോ നാലു സെക്കൻഡിലും ഒരാൾ ഡിമൻഷ്യക്ക് അടിമപ്പെടുന്ന അവസ്ഥയുണ്ടാകുന്നുവെന്നാണ് കണക്ക്.

ഡിമൻഷ്യ എന്നാല്‍
തലച്ചോറ് രോഗബാധിതമാവുകയും തലച്ചോറിന്റെ ധർമങ്ങൾ ശരിയായി നടത്താൻ കഴിയാതെ വരികയും ചെയ്യുന്നതോടെ ഒരാൾക്ക് ദൈനംദിന പ്രവൃത്തികളും തൊഴിൽപരമോ സാമൂഹികപരമോ ആയ ധർമങ്ങൾ നടത്താൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണു ഡിമൻഷ്യ. വിവിധ രോഗങ്ങളാൽ ഡിമൻഷ്യ വരാൻ സാധ്യതയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് അൽസ്ഹൈമേഴ്സ്.

ഡിമൻ‍ഷ്യ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
1. ഡിമൻഷ്യ വാർധ്യക്യത്തിന്റെ ഭാഗമല്ല
2. വാർധക്യ കാലത്താണു ഡിമൻഷ്യ കൂടുതലായി കാണപ്പെടുന്നതെങ്കിലും ചെറുപ്പക്കാരേയും ഇതു ബാധിക്കും.
3.ഡിമൻഷ്യ സാധാരണ ഗതിയിൽ പാരമ്പര്യ രോഗാവസ്ഥയല്ല. പക്ഷേ ചില കുടുംബങ്ങളിൽ അംഗങ്ങൾക്ക് ഇതുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.
4. ഇതൊരു മാനസിക രോഗമല്ല, മറിച്ച് മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നാഡീ കോശങ്ങളെ ബാധിക്കുന്ന ശാരീരിക രോഗമാണ്.
5. ഡിമന്‍ഷ്യയ്ക്ക് ഇതുവരെ ശാശ്വതമായ പ്രതിവിധി കണ്ടെത്തിയിട്ടില്ല. പക്ഷെ രോഗ ലക്ഷണങ്ങളിൽ ചിലതിന്റെ ശക്തികുറയ്ക്കാൻ ചികിൽസ വഴി സാധിക്കും. പ്രാരംഭ ഘട്ടത്തിലുള്ള രോഗ നിർണയം പ്രയോജനപ്രദമാണ്.
6. മറ്റു ചില രോഗാവസ്ഥ മൂലമുണ്ടാകുന്ന ഡിമന്‍ഷ്യ ചികിൽസിച്ചു ഭേദമാക്കാം
7. പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, കുളി, വസ്ത്രധാരണം എന്നിവയിൽ ഡിമൻഷ്യ രോഗികൾക്കു നിരന്തരമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
8. ദിവസം മുഴുവൻ ഉന്നയിക്കുന്ന കർക്കശമായ ആവശ്യങ്ങൾ, ആവർത്തന സംസാരം തുടങ്ങിയവ മിക്കവാറും കുടുംബങ്ങൾക്കു വെല്ലുവിളിയാകാറുണ്ട്.
9. രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവർക്കും കൂടുതൽ ശ്രദ്ധയും പരിചരണവും നൽകേണ്ടതണ്.

മറവി രോഗത്തെ ഒരു പരിധി വരെ എങ്ങനെ പ്രതിരോധിക്കാം
1. തലച്ചോറിന്റെ സംരക്ഷണത്തിനായി ആരോഗ്യപരമായ ഭക്ഷണരീതികൾ സ്വീകരിക്കുക
2. തലച്ചോറിനു കൂടി ഉതകുന്ന ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക. (ദിവസം ഒരു മണിക്കൂറെങ്കിലും)
3. തലച്ചോറിനു ക്ഷതമേൽക്കുന്ന അപകടങ്ങളിൽ നിന്ന് മുൻകരുതലുകളെടുക്കുക (ടു വീലർ യാത്രക്കാർ ഹെൽമെറ്റ് ധരിക്കുന്നതുൾപ്പെടെ)
4. അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചു മാനസിക ഉല്ലാസത്തിൽ ഏർപ്പെടുക
5. സാമൂഹിക പങ്കാളിത്തവും സമൂഹത്തിലെ സാന്നിദ്ധ്യവും നിലനിർത്തുക
6. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക
7. ഹൃദയാരോഗ്യം സംരക്ഷിക്കുക
8. സമയാസമയങ്ങളിൽ വൈദ്യ പരിശോധനയും വിദഗ്ധ ഉപദേശവും സ്വീകരിക്കുക
9. മാനസിക പിരിമുറുക്കം ഉണ്ടെങ്കിൽ യോഗ, ധ്യാനം എന്നിവ ശീലമാക്കുക
10. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുക

ഡിമൻഷ്യ രോഗികളുടെ അവസ്ഥയുടെ സൂചനകളും നിവാരണങ്ങളും

? വളരെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ തുടർന്നു കൊണ്ടുപോകാൻ ഓർമക്കുറവ് മൂലം കഴിയാതെ വരിക
∙ താൽപര്യങ്ങൾ മനസിലാക്കി രോഗിയെ കർത്തവ്യങ്ങളിൽ സജീവമാവുക

? ക്രമേണ വർധിച്ചു വരുന്ന ഓർമക്കുറവ്
അവരുടെ ദിനചര്യകൾ നമ്മുടെ ഓർമയിലാക്കി ക്രമീകരിക്കുക. വ്യക്തിയുടെ അന്തസു മാനിക്കുക. നർമ ബോധത്തോടെ അവരുടെ ആശങ്കകൾ ദൂരികരിക്കുക

? പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു പറയുക
∙ ആവർത്തനം അരോചകമാണെങ്കിലും കൂടുതൽ ശ്രദ്ധിക്കേണ്ടതില്ല. ലളിതമായ ഉത്തരങ്ങള്‍ പറഞ്ഞ് രോഗിയല്ല രോഗമാണു സംസാരിക്കുന്നതെന്നു മനസിലാക്കുക

? പരിചിതമായ സ്ഥലത്തു വഴിതെറ്റിപ്പോവുക
∙ വഴിതെറ്റൽ സാധാരണമാണ്. താൻ ജനിച്ച വീടും പരിസരവും തേടി നടക്കുന്നവരുടെ ചിന്ത യുക്തിപൂർവം തിരിച്ചറിയുക

?സ്വന്തം വീട്ടുകാരുടെ പേരു മറന്നു പോവുക, ആളെ മനസിലാക്കാതിരിക്കുക
∙ എന്നെയറിയാമോ എന്ന ചോദ്യം ഒഴിവാക്കുക. പേരുകൾ മറന്നു പോകുന്നതു അവർക്കു തന്നെ വിഷമകരമാണ്. അവരുടെ സംസാരത്തോട് ഒത്ത് സംസാരിക്കാൻ ശ്രമിക്കുക

? സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വിഷയം മാറിപ്പോവുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക
∙ വാക്കുകൾ കൊണ്ടു സഹായിച്ച് പറയുന്നതു പൂർത്തീകരിക്കാൻ സഹായിക്കുക

? സ്ഥലകാല ബോധം നഷ്ടപ്പെടുക
∙ ജനിച്ച വീടൊഴികെ എല്ലാ സ്ഥലവും പുതുമയുള്ളതാണ് അവർക്ക്. അവരെ നയിച്ചു സഹായിക്കുക

? കണ്ണട, ചെരുപ്പ്, പഴ്സ് തുടങ്ങിയ സ്വകാര്യ വസ്തുക്കൾ മറന്നു പോവുക
∙ രോഗിയെ നോക്കുന്നവർത്തന്നെ ഈ വസ്തുക്കൾ കണ്ടെത്തി നൽകുക

? ഉചിതമായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താന്‍ കഴിയാതെ വരിക
∙ ശുചിമുറി എന്ന അടയാളപ്പെടുത്തിയ ചിത്രം വയ്ക്കുക, ഓരോ മുറികളുടേയും പേര് എഴുതി ഒട്ടിക്കുക, എളുപ്പത്തിൽ അഴിച്ചു മാറ്റാവുന്ന വസ്ത്രം ധരിപ്പിക്കുക

? വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ
∙ ദേഷ്യസ്വഭാവം കൂടുകയാണെങ്കില്‍ പ്രതികരിക്കാതിരിക്കുക. ശല്യപ്പെടുത്താതെ സാവധാനം പുഞ്ചിരിയോടെ സമീപിക്കുക

ശ്രദ്ധിക്കൂ.. എല്ലാ ഓർമക്കുറവും ഡിമൻഷ്യയല്ല

ഓർമക്കുറവെല്ലാം ഡിമൻഷ്യയാണെന്ന ചിന്തവേണ്ട. വിഷാദം ആകാംക്ഷ, ശാരീരിക രോഗങ്ങൾ, ക്ഷീണം. പോഷകാഹാരക്കുറവ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ തുടങ്ങി പല കാരണങ്ങളും ഓർമക്കുറവിലേക്കു നയിക്കാം. വാർധക്യ സഹജമായി ഓർമക്കുറവ് വരാം. ഈ ഓർമക്കുറവ് കൂടി വരില്ല. പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുകയുമില്ല. ഡിമൻഷ്യ എന്ന അവസ്ഥയിൽ ഓർമക്കുറവ് കൂടിക്കൂടി വരും. മറന്നു പോകുന്ന കാര്യങ്ങൾ എത്രശ്രമിച്ചാലും ഓർമിച്ചെടുക്കാൻ പിന്നീട് കഴിയില്ല. അടുത്ത കാലത്തു നടന്ന സംഭവങ്ങളാണ് ആദ്യം മറന്നു പോകുന്നത്. രോഗിയുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും പ്രകടമായ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.


വിവരങ്ങൾക്ക് കടപ്പാട്
അൽഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ
വെണ്ണല, കൊച്ചി.
ഫോണ്‍: 0484 2808088

Your Rating: