Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലച്ചോറിന്‍റെ ചെറുപ്പം നിലനിർത്താൻ 5 കാര്യങ്ങൾ

brain-aging

പ്രായമേറും തോറും തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമതയും കുറയുക മിക്കവരിലും സാധാരണമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ചിട്ടയായി ചെയ്താല്‍ തലച്ചോറിന്‍റെ ചെറുപ്പം നമുക്ക് ഒരു പരിധി വരെ കാത്തുസൂക്ഷിക്കാനാകും. വ്യായാമം മുതല്‍ കൃത്യമായ ഭക്ഷണക്രമം വരെ ഈ കാര്യങ്ങളില്‍ ഉള്‍പ്പെടുന്നു.

1. വ്യായാമം

കൃത്യമായ വ്യായാമം ശരീരത്തിന് മാത്രമല്ല തലച്ചോറിനും ഏറെ ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നവരുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് ചെയ്യാത്തവരെക്കാളും കൃത്യതയും വേഗതയും കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 60നും 70നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും വ്യായാമം ചെയ്യുന്നവരുടെ തലച്ചോർ വികസിക്കുന്നതായി കണ്ടെത്തി. അതായത് പ്രായമേറുമ്പോള്‍ തലച്ചോർ ചുരുങ്ങുന്ന പതിവിന് നേര്‍ വിപരീതം. കൃത്യമായി വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലെ ഓര്‍മ്മകോശമായ ഹിപ്പോക്യാപസിന്‍റെ അളവ് വർധിക്കുന്നതാണ് ഇതിനു കാരണം. ഇതു മാത്രമല്ല വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും കോശങ്ങളെ ശക്തിപ്പെടുത്തുകയും ടെന്‍ഷന്‍ കുറക്കുകയും ചെയ്യും.

2. പഠനം

പഠിക്കേണ്ടത് കുട്ടികളല്ലേ എന്ന് ചിന്തിക്കാന്‍ വരട്ടെ. തലച്ചോറിന്‍റെ പ്രവര്‍ത്തന ക്ഷമത കൂട്ടാന്‍ ഏറ്റവും മികച്ച രീതിയാണ് പഠനം. പുതിയ ഭാഷയോ സംഗീത ഉപകരണങ്ങളോ ഒക്കെ പഠിക്കുന്നത് തലച്ചോറിന് പുത്തനുണര്‍വ്വ് നല്‍കും. തുന്നല്‍, എംബ്രോയഡറി തുടങ്ങിയവയും ദിവസത്തില്‍ 15 മുതല്‍ 30 മിനിട്ട് വരെ ചെയ്യുന്നത് തലച്ചോറിന് നല്ലതാണ്. അര മണിക്കൂറെങ്കിലും പഠിക്കാന്‍ താല്‍പ്പര്യമുള്ള അന്യഭാഷാ ചാനല്‍ കാണുന്നതും തലച്ചോർ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

3. കളികള്‍

കളികള്‍ വിനോദത്തിനും സമയം കൊല്ലാനും മാത്രം വേണ്ടിയുള്ളതല്ല. മനസ്സിനും തലച്ചോറിനും ഉന്മേഷം നല്കാനും സഹായിക്കും. കളികളില്‍ റാക്കറ്റുമായി ഗ്രൗണ്ടിലിറങ്ങുന്ന ടെന്നീസ് മുതല്‍ കമ്പ്യൂട്ടറിലെ മൈന്‍ഡ് ഗെയിംസ് വരെ ഉള്‍പ്പെടും. ഇവയും തലച്ചോറിന്‍റെ ഓര്‍മശക്തിയും ചിന്തയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ ഏറെ സഹായകരമാണ്.

4. ഭക്ഷണക്രമം

ഭക്ഷണത്തിന് ഒരു പോലെ തലച്ചോറിനെ ദുര്‍ലമാക്കാനും ശക്തിപ്പെടുത്താനും ശേഷിയുണ്ട്. അതുകൊണ്ട് നല്ല ഭക്ഷണമാണ് തലച്ചോറിന്‍റെ യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യം. മീനിലും വാള്‍നട്ടിലുമുള്ള ഒമേഗാ ത്രീ തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ഒപ്പം നമ്മള്‍ ഭക്ഷണത്തിലുപയോഗിക്കുന്ന മഞ്ഞള്‍ തലച്ചോറിനെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ്. വിവിധ പഴങ്ങളും ചീര ഉള്‍പ്പടെയുള്ള ഇലക്കറികളും ഇതേ ഗണത്തില്‍ പെടും. വെളിച്ചെണ്ണയാണ് തലച്ചോറിന്‍റെ മറ്റൊരു നല്ല കൂട്ടുകാരന്‍. അതേ സമയം തന്നെ അമിതമായാല്‍ തലച്ചോറിന് ശത്രുക്കളാകുന്ന ചില ആഹാരസാധനങ്ങള്‍ കൂടിയുണ്ട്. പഞ്ചസാരയും ഉപ്പുമാണ് ഇതില്‍ പ്രധാനികള്‍.

4. യോഗയും ധ്യാനവും

എല്ലാ വിധം രോഗങ്ങള്‍ക്കും പ്രതിരോധമോ ശമനമോ ആയി ഇപ്പോള്‍ പരക്കെ പറയുന്ന കാര്യമാണ് യോഗ. മറ്റെന്തിന് ഉപകരിച്ചാലും ഇല്ലെങ്കിലും തലച്ചോറിന് യോഗയും ധ്യാനവും ഗുണം ചെയ്യുമെന്നത് തീര്‍ച്ചയാണ്. ഹാര്‍വാര്‍ഡ് ഉള്‍പ്പടെയുള്ള സര്‍വകലാശാലകളില്‍ വരെ ഇക്കാര്യം പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിന്‍റെ കോശങ്ങള്‍ വികസിക്കുന്നതിനും ഓര്‍മ മെച്ചപ്പെടുന്നതിനും പതിവായി യോഗ ചെയ്യുന്നത് കാരണമാകും.

5. ഉറക്കം

മുകളില്‍ പറഞ്ഞതെല്ലാം ശ്രദ്ധിക്കാന്‍ സമയമില്ലാത്ത ചെയ്യാന്‍ മടിയുള്ള ഒരാളാണോ നിങ്ങള്‍? സമയക്കുറവ് അല്‍പം മാറ്റിവച്ച് മടിയോടെ ചെയ്യാന്‍ സാധിക്കുന്ന ഒന്നും തലച്ചോറിന് ഏറെ ഗുണം ചെയ്യുന്നതാണ്- ഉറക്കവും സമ്പൂര്‍ണ്ണ വിശ്രമവും. വൈകിയുറങ്ങുന്നതും ഉറക്കമില്ലായ്മയുമെല്ലാം ജീവിതശൈലിയുടെ ഭാഗമാണ് ഇപ്പോള്‍ പലര്‍ക്കും. അത് തലച്ചോറിന് അമിതഭാരം നല്‍കുന്നതിനൊപ്പം തലച്ചോറിന് വേഗത്തില്‍ പ്രവര്‍ത്തനശേഷം നഷ്ടപ്പെടാനും ഇടയാക്കും. ആഴ്ചയില്‍ ഒരു ദിവസം കൂടുതല്‍ ഉറങ്ങി ക്ഷണം മാറ്റുന്നവരുണ്ട്. ഇതും പക്ഷേ തലച്ചോറിനെ സഹായിക്കില്ല. ദിവസവും രാത്രികളില്‍ കൃത്യമായി ഉറങ്ങുക തന്നെ ചെയ്യണം, നിങ്ങളുടെ തലച്ചോറിനെ നിങ്ങള്‍ സ്നേഹിക്കുന്നുണ്ടെങ്കിൽ‍.

related stories
Your Rating: