Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മഴക്കാല രോഗങ്ങളെ സൂക്ഷിക്കൂ...

fever

അപകടം ഉണ്ടാവാനും രോഗങ്ങൾ വരാനും ഏറെ സാധ്യതയുള്ള കാലമാണ് മഴക്കാലം. വെള്ളത്തിലൂടെയും കൊതുകിലൂടെയുമാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ പിടിപെടുന്നത്. രോഗം വരാതെ മുൻകരുതലെടുക്കുന്നതിനോടൊപ്പം രോഗലക്ഷണം കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനും ശ്രദ്ധിക്കണം. മഴക്കാലത്തു കണ്ടുവരാറുള്ള ചില രോഗങ്ങളും അവയുടെ ലക്ഷണങ്ങളും അറിയാം.

വൈറൽ പനി
പനി, ജലദോഷം, ചുവന്ന പാടുകൾ എന്നിവയാണു സാധാരണ രോഗലക്ഷണങ്ങൾ. അഞ്ചു ദിവസം മുതൽ ഒരാഴ്‌ച വരെ നീണ്ടുനിൽക്കാം. ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, ആവശ്യത്തിനു വിശ്രമിക്കുക, ഡോക്‌ടറുടെ നിർദേശമനുസരിച്ചു മരുന്നുകൾ കഴിക്കുക.

ഡെങ്കിപ്പനി
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, സന്ധിവേദന, ചർമത്തിലെ ചുവന്ന പാടുകൾ, ശ്വാസഗതി വേഗത്തിലാവുക, ശ്വാസംമുട്ടൽ, പിച്ചും പേയും പറയുക, തലചുറ്റൽ, മൂത്രത്തിന്റെ അളവ് കുറയുക, രക്‌തസ്രാവം, രക്‌തസമ്മർദം കുറയുക എന്നിവയാണു ലക്ഷണങ്ങൾ.

മലേറിയ
കൊതുകു പരത്തുന്ന മഴക്കാല രോഗമാണു മലേറിയ. തണുപ്പും വിറയലും കൂടിയ പനി, പേശിവേദന എന്നിവയാണു ലക്ഷണങ്ങൾ. വീട്ടിലും പരിസരത്തും പ്ലാസ്‌റ്റിക് കുപ്പി, പാത്രങ്ങൾ, ഓട, ചിരട്ട എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക. കിടക്കുമ്പോൾ കൊതുകുവല ഉപയോഗിക്കുക, വൈകുന്നേരം ജനലും വാതിലും അടച്ചിടുക, കുട്ടികളെയും മറ്റും കൈ നീളമുള്ള ഉടുപ്പുകൾ ഉപയോഗിക്കുക.

ജപ്പാൻജ്വരം
ക്യൂലക്‌സ് കൊതുകുകൾ പരത്തുന്ന രോഗമാണ് ജപ്പാൻ ജ്വരം. കുട്ടികളെയും പ്രായമായവരെയുമാണു രോഗം മാരകമായി ബാധിക്കുന്നത്. പനിയോടൊപ്പം ശക്‌തമായ തലവേദന, ഓർമക്കുറവ്, അസാധാരണമായ പെരുമാറ്റം, കൈകാൽ തളർച്ച എന്നിവ ജപ്പാൻ ജ്വരത്തിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

മഞ്ഞപ്പിത്തം
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പടരുന്നത്. ഭക്ഷണശുചിത്വം കർശനമായി പാലിക്കുക. വൃത്തിയുള്ള സ്‌ഥലങ്ങളിൽനിന്നു മാത്രം ഭക്ഷണം വാങ്ങി കഴിക്കുക. കണ്ണിനു മഞ്ഞനിറമോ മൂത്രത്തിനു നിറവ്യത്യാസമോ കണ്ടാൽ വൈദ്യസഹായം തേടണം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.

എലിപ്പനി
എലിയുടെ മൂത്രത്തിലൂടെ രോഗാണുക്കൾ പുറത്തുവരികയും കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിൽ കലരുകയും ചെയ്യുന്നു. ശരീരത്തിലെ ചെറിയ മുറിവുകളിലൂടെ രോഗാണുക്കൾ ഉള്ളിൽ പ്രവേശിക്കുന്നു. പനി, ശരീരവേദന, കണ്ണിനു ചുവപ്പുനിറം എന്നിവ എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങളാകാം. ഇവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

വയറിളക്കം
മഴക്കാലത്തു സാധാരണമായി കാണപ്പെടുന്ന ജലജന്യ രോഗമാണ് വയറിളക്കം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. വയറിളക്കത്തിനും ടൈഫോയ്ഡിനും ഹെപ്പറ്റൈറ്റിസിനുമുള്ള പ്രതിരോധ കുത്തിവയ്‌പുകൾ ഉറപ്പുവരുത്തുക. ശരീരത്തിലെ ജലാംശം നഷ്‌ടമാകാതിരിക്കാൻ ധാരാളം വെളളം കുടിക്കാം.

ന്യൂമോണിയ
ചെറിയ കുട്ടികൾക്കും പ്രായമായവർക്കും മഴക്കാലത്തു ന്യൂമോണിയ വരാനുള്ള സാധ്യത കൂടും. വായുവിൽക്കൂടി പകരുന്ന രോഗമാണിത്. രോഗം മൂർച്ഛിച്ചാൽ പനിയോടൊപ്പം ശ്വാസംമുട്ടൽ, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളും കാണും.

ടൈഫോയ്‌ഡ്
രോഗിയുടെയും രോഗാണുവാഹകരുടെയും വിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പടരും. ഈച്ചകളാണു പ്രധാന രോഗവാഹകർ. ഇടവിട്ട പനി, വിശപ്പില്ലായ്‌മ എന്നിവയാണു ലക്ഷണങ്ങൾ. രക്‌തപരിശോധന നടത്തി രോഗം നിർണയിക്കാം.

വഴുതിവീഴലും പൊട്ടലും
വഴുക്കുന്ന പായലുകൾ നിറഞ്ഞ പൊതുസ്ഥലത്ത് മഴക്കാലത്ത് വഴുതി വീഴാനുള്ള സാധ്യത വളരെയേറെയാണ്. വീഴലും പൊട്ടലും ഏറ്റവും കൂടുതൽ ഉണ്ടാവുന്നത് മഴക്കാലത്താണ്. കുട്ടികളും പ്രായമായവരും വളരെയേറെ സൂക്ഷിക്കേണ്ട കാലം കൂടിയാണ്. മിനുസമുള്ള കുളിമുറി, സ്റ്റെയർ കെയ്സ്, ടെറസ് എന്നിവിടങ്ങളും റോഡുകളും അപകടമുണ്ടാക്കാം. ഗ്രിപ്പുള്ള ചെരിപ്പ് ഉപയോഗിക്കണം. വീട്ടിൽ വഴുക്കൽ ഉള്ളിടത്ത് ബ്ലീച്ചിങ് പൊടി ഉപയോഗിച്ച് കഴുകണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. നിർമൽ ഭാസ്കർ,
അസോഷ്യേറ്റ് പ്രഫസർ, ഗവ: മെഡിക്കൽ കോളജ്, തൃശൂർ

Your Rating: