Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോമ്പുകാലത്തെ ആരോഗ്യം

ramadan

വ്രതപുണ്യത്തിന്റെ നാളുകൾ സമാഗതമായി. സ്ഥിരം ജീവിതക്രമത്തിൽനിന്ന് പെട്ടെന്നുള്ള ഒരു മാറ്റമാണു റമസാൻ കാലത്ത്. മനസ്സും ശരീരവും ഒരേപ്രകാരം പങ്കുചേരുന്ന ആരാധനാ കർമമായാണു നോമ്പുകാലം വിശേഷിപ്പിക്കപ്പെടുന്നത്. കേൾവിയെയും കാഴ്ചയെയും ചിന്തകളെയും പ്രവൃത്തികളെയും പുനഃക്രമീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയാണു റമസാൻ വ്രതം. ഇക്കാലത്ത് ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധവേണം.

സസ്യാഹാരം നല്ലത്

നോമ്പിന്റെ ഗുണം പൂർണമായി ലഭിക്കാൻ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത്. ദഹനശേഷി കുറവായിരിക്കും എന്നതിനാൽ രാത്രി അമിതഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. രാത്രി അമിതഭക്ഷണം ഒഴിവാക്കിയാൽ പിറ്റേദിവസം പകൽസമയത്തെ ക്ഷീണം കുറയും. നോമ്പുതുറയ്ക്കു ശേഷം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. കാരണം പകൽ സമയത്ത് മുഴുവൻ ഉപവസിക്കുന്നതിനാൽ ശരീരത്തിൽ ജലാംശം കുറഞ്ഞിട്ടുണ്ടാകും. ഇത് നിർജലീകരണത്തിനു കാരണമാകാം. അതുപോലെ ഭക്ഷണത്തിൽ ധാരാളം പഴവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. മാംസാഹാരം കുറയ്ക്കുന്നതാണ് ഉത്തമം.

വ്രതത്തിന്റെ തുടക്കവും ഒടുക്കവും ലഘുഭക്ഷണമാണു വേണ്ടത്. അജീർണവും മലബന്ധവും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ഇലക്കറികൾ, പച്ചക്കറികൾ, ചെറുപഴം എന്നിവ കഴിക്കാം. ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. പുട്ട് ഒഴിവാക്കുക. പത്തിരിയാണു നല്ലത്. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽത്തന്നെ കഴിക്കുന്നതാണു നല്ലത്.

dosa

എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച്, രക്തസമ്മർദം ഉള്ള രോഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. എണ്ണഭക്ഷണം കഴിച്ചാൽ ആമാശയ ശുദ്ധീകരണം നടക്കില്ല. കോള, സ്ക്വാഷ് പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. പ്രമേഹരോഗികൾ സൂജിഗോതമ്പ് വേവിച്ചു കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദം ഉള്ളവർ മുരിങ്ങയില കൂടുതൽ ഉൾപ്പെടുത്തുക.

കാരയ്ക്കയുടെ ഗുണം

അയണും കലോറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീർ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ കൽക്കണ്ടം ചേർത്ത തണുത്ത വെള്ളം കഴിക്കാം. കറുത്ത കസ്കസ് വെള്ളത്തിലിട്ടതും ആവാം. പഴച്ചാർ, ചെറുപയർ തിളപ്പിച്ച വെള്ളം, റവകൊണ്ടുള്ള കട്ടികുറഞ്ഞ പായസം എന്നിവ നല്ലതാണ്. പ്രമേഹരോഗികൾ പതിമുഖം ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുക. ഇതിനുശേഷം ചുരുങ്ങിയത് ഒരു മണിക്കൂർ കഴിഞ്ഞാവണം അടുത്ത ഭക്ഷണം. ഒഴിഞ്ഞിരിക്കുന്ന വയറിലേക്ക് ആദ്യം എത്തേണ്ടതു കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ്.

tender-coconut

രാത്രി ഭക്ഷണം ശ്രദ്ധിക്കണം

പത്തിരി, ദോശ, ഉഴുന്നുചേർത്തു പുളിപ്പിച്ച ഭക്ഷണം എന്നിവ കഴിക്കാം. ദീർഘനേരത്തേക്ക് അന്നപാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ ആമാശയവും അന്നപഥത്തിലെ മറ്റ് അവയവങ്ങളും പൂർണവിശ്രമത്തിലായിരിക്കും. ഈ സമയത്ത് ദഹനപ്രക്രിയയ്ക്കു വേണ്ടത്ര ദഹനരസം ഉൽപാദിപ്പിക്കപ്പെടില്ല. അതിനാൽ എണ്ണ കൂടുതൽ അടങ്ങിയ പലഹാരങ്ങൾ, ഇറച്ചി മുതലായവ കഴിച്ചാൽ ദഹനവ്യവസ്ഥ തകരാറിലാകും. രോഗങ്ങൾ വരാൻ സാധ്യതയേറും.

അതിരാവിലെ ഇറച്ചി വേണ്ട

പുലർച്ചയ്ക്കു മുമ്പായുള്ള അത്താഴഭക്ഷണത്തിൽ ഇറച്ചി, മീൻ, പൊറോട്ട, എണ്ണപ്പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. അവ കൂടിയേ തീരൂ എന്നുള്ളവർ രാത്രി ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക. അതിനുശേഷം തേങ്ങ തീക്കനലിൽ ചുട്ടു ചവച്ചുതിന്നുകയോ ചുക്കും കുരുമുളകും തിപ്പല്ലിയും ചേർത്തു വെള്ളം തിളപ്പിച്ചു കുടിക്കുകയോ ചെയ്താൽ ഇതിന്റെ ദോഷഫലം ഒരു പരിധിവരെ കുറയ്ക്കാം.

vegetables

രോഗികളുടെ ശ്രദ്ധയ്ക്ക്

എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നിർത്തരുത്. പ്രമേഹരോഗികളും ഹൃദ്രോഗികളും നോമ്പ് അനുഷ്ഠിക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് വിശദപരിശോധന നടത്തണം. ഡോക്ടറുടെ വിദഗ്ധാഭിപ്രായം തേടിയശേഷം നോമ്പ് അനുഷ്ഠിക്കുന്നതാണ് ഉത്തമം. സ്ഥിരം മരുന്നു കഴിക്കുന്നവരാണെങ്കിൽ നോമ്പ് തുടങ്ങും മുമ്പും തുറന്ന ശേഷവും ആ മരുന്നുകൾ കഴിക്കാം. ഉച്ചയ്ക്കു നിർബന്ധമായും കഴിക്കേണ്ട മരുന്ന് ഉണ്ടെങ്കിൽ അത് ഡോക്ടറോട് ചോദിച്ച ശേഷം ഫലപ്രദമായ രീതിയിൽ മറ്റൊരു സമയത്തേക്ക് മാറ്റാൻ ശ്രമിക്കാം.

പ്രമേഹ രോഗികൾ ഹീമോഗ്ലോബിനിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാനുള്ള പരിശോധന ചെയ്യുന്നത് നല്ലതാണ്. ഇത് മൂന്നുമാസത്തെ ഷുഗർ ലെവൽ എത്രയാണെന്ന് അറിയാൻ സഹായിക്കും. നോമ്പുകാലം കഴിഞ്ഞ ശേഷം ഒരു വിശദ ശാരീരിക പരിശോധനകൂടി നടത്തുന്നത് നല്ലതാണ്.

ശരീരത്തിനു നവോന്മേഷം

ramadan-food

ആമാശയ ശുദ്ധീകരണത്തിനും ദഹനേന്ദ്രിയ വിശ്രമത്തിനും ശാരീരിക സന്തുലിതാവസ്ഥയുടെ ക്രമീകരണത്തിനും ഉപവാസം വഴിയൊരുക്കും. ഉപവാസംകൊണ്ട് ആത്മീയഗുണങ്ങൾ മാത്രമല്ല, ഭൗതികനേട്ടങ്ങളും ഉണ്ട്. ആരോഗ്യ സംരക്ഷണത്തിൽ ഉപവാസത്തിന്റെ സ്ഥാനം പ്രധാനമാണ്. തുടർച്ചയായി പരിപൂർണ ഉപവാസം അനുഷ്ഠിക്കുമ്പോൾ ആമാശയത്തിലെ സൂക്ഷ്മസിരാ സന്ധികൾ ഭേദിക്കുകയും അസിറ്റോണിനു സമമായ ഒരു രാസപദാർഥം ഉണ്ടായി, അതു രക്തത്തിൽ വ്യാപിക്കുകയും ചെയ്യുന്നു എന്ന് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു. ഈ രാസപദാർഥം ദഹനക്കേട്, കുടലിലുണ്ടാകുന്ന വ്രണം, അതിസാരം തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കും.

മാനസികാരോഗ്യവും പ്രധാനം

മനസ്സിനെ പ്രഭാതം മുതൽ പ്രദോഷം വരെ സൂക്ഷ്മമായി നിയന്ത്രിക്കുന്ന റമസാൻ മാസത്തിൽ ഭക്ഷണം ഉപേക്ഷിക്കുന്നതോടെ അന്നപഥത്തിനു പരിപൂർണവിശ്രമം കിട്ടുമെന്നതിനാൽ കാമക്രോധ ഈർഷ്യകൾ കുറയും. മാനസികാരോഗ്യം വർധിക്കും. ആയുർവേദ ശാസ്ത്രപ്രകാരം വ്രതാനുഷ്ഠാനം മരുന്നു കൂടാതെയുള്ള ചികിൽസയാണ്. അർശസ്, അമിതവണ്ണം, ത്വക് രോഗങ്ങൾ, അടിക്കടിയുള്ള ജലദോഷം, മലബന്ധം, വയറുവേദന തുടങ്ങി പല രോഗങ്ങൾക്കും ഇതു നിഷ്കർഷിക്കപ്പെടുന്നു.

ചില പൊടിക്കൈകൾ

പകൽ ധാരാളം ഭക്ഷണം കഴിക്കുന്നതു പെട്ടെന്നു നിർത്തുന്നതുകൊണ്ടും രാത്രിയിൽ ക്രമം തെറ്റി ആഹാരം കഴിക്കുന്നതുകൊണ്ടും ചിലരിൽ നോമ്പുകാലത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. മൂത്രാഘാതം, നെഞ്ചെരിച്ചിൽ, അജീർണം, തലവേദന, മലബന്ധം തുടങ്ങിയവയാണ് അതിൽ ചിലത്. കറുത്ത കസ്കസ് ചേർത്ത വെള്ളവും കരിക്കിൻ വെള്ളവും നല്ലതാണ്. ചെറുപയർ വേവിച്ച വെള്ളത്തിൽ കൽക്കണ്ടവും ജീരകവും ചേർത്തു കഴിക്കുന്നതും ഈ അസ്വസ്ഥതകളെ ചെറുക്കാൻ നല്ലതാണ്. അത്താഴ ഭക്ഷണശേഷം ജീരകമോ മല്ലിയോ ചവച്ചുതിന്നുന്നതും മല്ലിയിലകൊണ്ടു ചമ്മന്തിയുണ്ടാക്കി കഴിക്കുന്നതും അജീർണം, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കും. തലവേദനയുള്ളവർ കട്ടൻചായയിൽ ഏലയ്ക്ക പൊടിച്ചുചേർത്ത് അത്താഴശേഷം കഴിക്കുക. അസിഡിറ്റി ഒഴിവാക്കാൻ അത്താഴത്തിനുശേഷം തണുത്ത കഞ്ഞിവെള്ളം കുടിക്കുന്നതും കൂവപ്പൊടി കൽക്കണ്ടം ചേർത്തു പാലിൽ കഴിക്കുന്നതും സഹായിക്കും.

ലഘു വ്യായാമം ആവാം

വയറു കുറയ്ക്കാനും മറ്റുമായി രാവിലെ ചെറിയ തോതിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതു നല്ലതാണെങ്കിലും കടുത്ത രീതിയിലുള്ള വ്യായാമങ്ങൾ ഒഴിവാക്കി വിശ്രമിക്കുന്നതാവും ഉചിതം. നോമ്പു തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഒരു ചായ കുടിക്കാം, പക്ഷേ, കാപ്പി ഒഴിവാക്കുന്നതാണു നല്ലത്. നോമ്പുകാലം തുടങ്ങുന്നതിനു മുൻപ് ഡോക്ടറെ കണ്ട് വയർശുദ്ധീകരണത്തിനുള്ള മരുന്നു കഴിക്കുന്നതും നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. കെ. എ. സീതി

മെഡിക്കൽ സൂപ്രണ്ട്

മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ

ഷെറിൻ തോമസ്

ചീഫ് മെഡിക്കൽ ന്യൂട്രീഷനിസ്റ്റ്

മിംസ് ഹോസ്പിറ്റൽ കോഴിക്കോട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.