Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് ശിശുപാലിന് ആർസിഎ മാധ്യമ പുരസ്കാരം 

Santhosh

റീജിയണൽ കാൻസർ അസോസിയേഷന്റെ മാധ്യമ പുരസ്കാരം മനോരമ ആരോഗ്യം മാഗസിനിലെ സീനിയർ സബ് എഡിറ്റര്‍ സന്തോഷ് ശിശുപാലിന്. 2015 ഏപ്രിൽ ലക്കം മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ച ‘കാൻസർ ഒരു നിർഭാഗ്യമോ?’ എന്ന വിശകലനാത്മക ലേഖനത്തിനാണ് അവാർഡ്.

65 ശതമാനം അർബുദ രോഗങ്ങളും വരുന്നത് നിർഭാഗ്യം കൊണ്ടാണെന്ന അമേരിക്കൻ പഠന റിപ്പോർട്ട് കഴിഞ്ഞവർഷം ഏറെ വിവാദമായിരുന്നു. കാൻസർ ബോധവൽകരണ പരിപാടികളും വാക്സിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും അപ്രസക്തമാക്കുന്നതായിരുന്നു ഗവേഷണ റിപ്പോർട്ട്. ആ റിപ്പോർട്ടിനെ കേരളീയ സാഹചര്യത്തിൽ വിലയിരുത്തി, നമ്മുടെ നാട്ടിൽ കാണുന്ന ഭൂരിഭാഗം കാൻസറുകളും ഭാഗ്യക്കേട് എന്നവിഭാഗത്തിൽ വരുന്നതല്ല, മറിച്ച് പ്രതിരോധിക്കാനും സമയത്ത് ചികിത്സ നൽകിയാൽ ഭേദപ്പെടുത്താനാവുന്നതുമാണെന്നു സ്ഥാപിക്കുന്നതായിരുന്നു പുരസ്കാരാർഹമായ ലേഖനം.

മാധ്യമ പ്രവർത്തകൻ പ്രഭാവർമ, റീജിയണൽ കാൻസർ അസോസിയേഷൻ സെക്രട്ടറി ഡോ ബാബു മാത്യു, ആർസിസി പിആർഒ സുരേന്ദ്രൻ ചുനക്കര എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാരം നിർണയിച്ചത്. 11,111 രൂപയുടെ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മേയ് 31 നു രാവിലെ ഒന്‍പതിന് തിരുവനന്തപുരം ആർസിസിയിൽ നടക്കുന്ന പുകയില വിരുദ്ധ ദിനാചരണത്തിനോടനുബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പുരസ്കാരം സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങിൽ പങ്കെടുക്കും.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് സന്തോഷ് ശിശുപാൽ. കവിതയാണ് ഭാര്യ. മകൾ ശിവാനി