Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരമിക്കൽ ആരോഗ്യം കൂട്ടും

old-age

വിരമിക്കൽ പ്രായം അടുക്കുന്നതോടെ മിക്കവർക്കും ആധിയും തുടങ്ങുകയായി. തനിക്കു പെട്ടെന്നു വയസായോ എന്ന തോന്നൽ ചിലർക്കു ശക്തമാകും. സമയം ചെലവഴിക്കുന്നതെങ്ങനെ എന്നാകും മറ്റു ചിലരുടെ ചിന്ത. ആധിപിടിച്ച് രോഗിയാകുന്നവരും കുറവല്ല. എന്നാൽ അറിഞ്ഞോളൂ, വിരമിക്കൽ വരട്ടെ, ഇത് ആരോഗ്യം കൂട്ടും എന്നാണ് പുതിയ വാർത്ത.

വിരമിക്കലിനു ശേഷം ആളുകൾ കൂടുതൽ ഊർജ്ജസ്വലരും നല്ല ഉറക്കം ലഭിക്കുന്നവരും ആകുന്നുവെന്ന് പഠനം. കൂടുതൽ സമയം ഒരേ സ്ഥലത്തു തന്നെ ഇരിക്കുന്ന ശീലവും കുറയുന്നുവെന്ന് സിഡ്നി സർവകലാശാല നടത്തിയ പഠനം പറയുന്നു.

പഠനത്തിന്റെ ഭാഗമായി 25000 മുതിർന്ന ഓസ്ട്രേലിയൻ പൗരൻമാരുടെ ജീവിതരീതി പരിശോധിച്ചു. അവരുടെ കായികക്ഷമത, ഭക്ഷണം, ഉദാസീനത, മദ്യത്തിന്റെ ഉപയോഗം, ഉറക്കത്തിന്റെ രീതി ഇവയെല്ലാം പഠനവിധേയമാക്കി. റിട്ടയർമെന്റ് ജീവിതരീതിയിൽ വളരെ നല്ല മാറ്റം വരുത്തുന്നതായി തെളിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.മെലഡി സിങ് പറയുന്നു.

ജോലിക്കു പോകുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ വിരമിച്ചവർക്ക് വർധിച്ച കായികക്ഷമത ഉള്ളതായി കണ്ടു. ഇവർക്ക് ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നതായും ഒരേ സ്ഥലത്തു തന്നെ ഇരിക്കുന്ന ശീലം കുറഞ്ഞെന്നും കണ്ടു.

പഠനത്തിൽ തെളിഞ്ഞത്

കായികക്ഷമത ആഴ്ചയിൽ 93 മിനിറ്റ് വർധിച്ചു. അധികസമയം ഒരേ ഇരുപ്പ് ഇരിക്കുന്ന ശീലം ദിവസം 67 മിനിറ്റായി കുറഞ്ഞു. പുകവലിക്കുന്ന ശീലം ഉണ്ടായിരുന്ന സ്ത്രീകളുടെ എണ്ണം 50 ശതമാനം കുറഞ്ഞു.

പഴം, പച്ചക്കറി ഉപയോഗത്തിനും മദ്യോപയോഗത്തിനും വിരമിക്കലുമായി കാര്യമായ ബന്ധം ഉള്ളതായി കണ്ടില്ല. വിരമിക്കൽ ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതിന് ആളുകൾക്ക് കൂടുതൽ സമയം നൽകുന്നതായി പഠനം പറയുന്നു.

മുഴുവൻ സമയ ജോലിക്കു ശേഷം വിരമിച്ചവരിലാണ് ജീവിതരീതിയിൽ വലിയ വ്യത്യാസം വന്നത്. ഉദാസീനരായിരിക്കുന്ന കാര്യത്തിലെ കുറവ് വന്നത് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരിലാണ്.

വിരമിക്കലിനെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കാൻ ഈ പഠനം സഹായിക്കും. ഹൃദ്രോഗവും പ്രമേഹവും തടഞ്ഞ് മുതിർന്ന പൗരൻമാരെ ആരോഗ്യമുള്ളവരാക്കാൻ ഈ പഠനത്തിനാകും എന്നാണ് പ്രതീക്ഷ. ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: