Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നോസ്‌'റ്റാൾജിയ

റൈനോപ്ലാസ്റ്റി

വികൃതമായ മൂക്കിനു ഭംഗി വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടർമാരെ സമീപിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. വളഞ്ഞ മൂക്ക് നേരേയാക്കണമെന്നതു മുതൽ നാസാദ്വാരത്തിന്റെ വലുപ്പം കുറയ്‌ക്കുന്നതു വരെയുള്ള വിവിധ ആവശ്യങ്ങളാണുള്ളത്. മുഖസൗന്ദര്യം പൂർണമാകണമെങ്കിൽ മൂക്ക് കൂടി ഒത്തുവരണം. മൂക്കിന്റെ ആകൃതിപ്രശ്നങ്ങളാണ് പലർക്കും പാരയാകാറുള്ളത്. അറ്റം വീതി കൂടിയ മൂക്ക്, വലിയ മൂക്ക്, തെന്നിയ മൂക്ക് എന്നിവയും ചിലർക്ക് പ്രശ്നമാണ്.

സൗന്ദര്യ പ്രശ്നത്തിന് അപ്പുറത്ത് മൂക്കിന്റെ ഘടനാവ്യത്യാസം മറ്റു ചില അസുഖങ്ങൾക്കും കാരണമാകാം. മൂക്കിന്റെ സാധാരണ പ്രവർത്തനങ്ങളെ തന്നെ ബാധിച്ചെന്നും വരാം. മൂക്കിന്റെ ആകാര ഭംഗി കൂട്ടാനോ മൂക്കിന്റെ പ്രവർത്തനക്ഷമത കൂട്ടാനോ ചെയ്യുന്ന ശസ്ത്രക്രിയയെയാണ് റൈനോപ്ലാസ്റ്റി എന്നു പറയുന്നത്.

രണ്ടുതരം ശസ്ത്രക്രിയകൾ

ശസ്ത്രക്രിയ രണ്ട് തരത്തിലാണ്, ഒന്ന് കോസ്മറ്റിക് (സൗന്ദര്യ വർധന) രണ്ടാമത്തേത് റീകൺസ്ട്രക്ടീവ് (എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പരിഹരിക്കാൻ). മുറിവോ ചതവോ വഴിയോ ജന്മനായോ മൂക്കിനു തകരാർ സംഭവിക്കാം. കാൻസർ രോഗികൾക്കും മൂക്കിനു ചില തകരാറുകൾ വരാം. അത്തരം സന്ദർഭങ്ങളിലാണ് റീകൺസ്ട്രക്ടീവ് സർജറിയുടെ പ്രാധാന്യം. നെറ്റിയിൽനിന്നോ കവിളിൽനിന്നോ ഫ്ലാപ് എടുത്തിട്ട് മൂക്കിൽ റീകൺസ്ട്രക്ട് ചെയ്യുകയാണ് ഈ ശസ്ത്രക്രിയാ രീതി.

അസുഖങ്ങൾക്ക് വിട

മൂക്കിന്റെ പാലത്തിനുള്ള വളവ് സൈനസൈറ്റിസ് പോലുള്ള സ്ഥിരം അസുഖങ്ങൾക്ക് കാരണമാകും. ഇഎൻടി വിദഗ്ധൻ ശസ്ത്രക്രിയയിലൂടെ പാലത്തിന്റെ വളവ് നേരെയാക്കും. അപ്പോഴും മൂക്കിനുള്ള വളവോ ചതവോ അവിടെതന്നെ ഉണ്ടാകും. അത് ജന്മനാ ഉള്ളതോ അപകടങ്ങൾ മൂലമോ ചെറുപ്രായത്തിൽ കളിക്കിടെ സംഭവിക്കുന്നതോ ആകാം. അവിടെയാണ് റൈനോപ്ലാസ്റ്റിയുടെ പ്രാധാന്യം.

ചിലർക്ക് ശ്വസിക്കാനുള്ള പ്രയാസം, ഇടക്കിടെ അലർജി, തലവേദന എന്നിവയെല്ലാം വരാം. മൂക്കിലെ പാലത്തിന്റെ വളവും തിരിവും പരിഹരിക്കാനും ആകൃതിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇടുങ്ങിയ നാസാരന്ധ്രങ്ങൾ നേരെയാക്കാനും ഈ ശസ്ത്രക്രിയ സഹായിക്കും. മൂക്കിലെ തരുണാസ്ഥികളിലും ആവശ്യമെങ്കിൽ അസ്ഥികളിലും ആവശ്യമായ രൂപമാറ്റം വരുത്തുകയാണ് ചെയ്യുന്നത്.

ചിലപ്പോൾ ഇംപ്ലാന്റ്, ഗ്രാഫ്റ്റ് എന്നിവയും ആവശ്യമായി വരാം. അതല്ലാതെ സൗന്ദര്യസങ്കൽപങ്ങളുടെ മാറ്റത്തിനു അനുസരിച്ച് കോസ്മറ്റിക് സർജറിക്കായി ഡോക്ടർമാരെ സമീപിക്കുന്നവരും ധാരാളമുണ്ട്. അതിൽ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടും. മൂക്കിനു സൗന്ദര്യം കൂട്ടാനായി ഈ ശസ്ത്രക്രിയ ചെയ്യുന്നത് അധികവും 18–30 പ്രായക്കാരാണ്.

കോസ്മറ്റിക് സർജറി

മുഖത്തിന് ഇണങ്ങുന്ന മൂക്ക് അല്ലാത്ത സാഹചര്യങ്ങളിലും വലിയ മൂക്ക്, പതിഞ്ഞ മൂക്ക് എന്നീ സാഹചര്യങ്ങളിലും മൂക്കിനു ഉയരം കൂട്ടാൻ വേണ്ടിയും കോസ്മെറ്റിക് സർജറി ചെയ്യാറുണ്ട്. ചിലർക്ക് മൂക്കിന്റെ അഗ്രഭാഗം തടിച്ചിട്ടുള്ള പ്രകൃതമായിരിക്കും. അത്തരം സാഹചര്യങ്ങളിലും ശസ്ത്രക്രിയക്ക് ഡോക്ടറെ സമീപിക്കുന്നവരുണ്ട്.

കോസ്മെറ്റിക് സർജറി രണ്ട് രീതിയിൽ ചെയ്യാം. ബാഹികമായും ആന്തരികമായും. ഇതിൽ ഏത് രീതി വേണം എന്നത് ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന ആളെക്കുറിച്ച് പഠിച്ച ശേഷം ഡോക്ടറാണ് തീരുമാനിക്കുക.

ബാഹ്യമായി ചെയ്യുമ്പോൾ മൂക്കിന്റെ പാലത്തിനു സമീപത്തായി ചെറിയൊരു പാട് ഉണ്ടാകുമെങ്കിലും സാധാരണ നോട്ടത്തിൽ അത് തിരിച്ചറിയില്ല, ആന്തരിക ശസ്ത്രക്രിയ ആണെങ്കിൽ മൂക്കിനുള്ളിലൂടെയാണ് ചെയ്യുക. ചെറിയൊരു പാടുപോലും അവശേഷിക്കില്ല. അതല്ലാതെ പ്രകടമായ വ്യത്യാസങ്ങളൊന്നും ഈ രണ്ടുരീതികൾ തമ്മിലൊന്നുമില്ല.

പൂർണഫലം രണ്ടുമാസം കഴിഞ്ഞ്

സാധാരണ ഏതൊരു ശസ്ത്രക്രിയക്കും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളല്ലാതെ മറ്റ് പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ല. ശസ്ത്രക്രിയ കഴിഞ്ഞാൽ രക്തസ്രാവം ഇല്ലാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കും. മൂന്നോ നാലോ ദിവസം ആന്റി ബയോട്ടിക്കുകൾ കഴിക്കേണ്ടി വരും. മുഖത്ത് നീരുവരാതിരിക്കാനും തലവേദന ഒഴിവാക്കാനും ആവശ്യമായ മരുന്നുകളും രണ്ടാഴ്ചയോളം കഴിക്കേണ്ടി വരും. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞാലേ പൂർണഫലം പ്രകടമാകൂ.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ടി.എം. ഷീല രാജൻ, അസോഷ്യേറ്റഡ് പ്രഫസർ, പ്ലാസ്റ്റിക് സർജറി, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്.