Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾകുട്ടികൾക്ക് നടുവേദനയും കൂനും വരാൻ സാധ്യത

school-bag

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന ചൊല്ല് നമുക്കു പരിചിതമാണ്. എന്നാൽ കൊച്ചുകുട്ടികളുടെ മുതുകിൽ ഭാരമുള്ള ബാഗ് ഇട്ടുകൊടുക്കുമ്പോൾ നാം ഈ ചൊല്ല് ഓർക്കാറുണ്ടോ? ഈ പുസ്തകകെട്ടുകൾ ചുമക്കുന്നതുമൂലം 68 ശതമാനം സ്കൂൾകുട്ടികൾക്കും പുറംവേദനയും കൂനും വരാൻ സാധ്യതയുണ്ടെന്ന് ഒരു സർവേഫലം പറയുന്നു.

അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ(ASSOCHAM) അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് ഇന്ത്യയിലെ 13 വയസിൽ താഴെയുള്ള കുട്ടികൾ ചെറിയ തോതിൽ പുറംവേദന അനുഭവിക്കുന്നവരാണെന്നും അതു ഗുരുതരമായ നടുവേദനയിലേക്കും പിന്നീടു കൂനിലേക്കും നയിക്കുമെന്നു കണ്ടെത്തിയത്.

ഏഴു മുതൽ 13 വയസുവരെ പ്രായമുള്ള 68 ശതമാനം കുട്ടികളും അവരുടെ ശരീരഭാരത്തിന്റെ 45 ശതമാനത്തിലധികം ഭാരം ചുമക്കുന്നതായി കണ്ടു. ആർട്ട് കിറ്റ്, സ്കേറ്റ്സ്, തായ്ക്കൊണ്ടോ ഉപകരണം, നീന്തൽബാഗ്, ക്രിക്കറ്റ് കിറ്റ് എന്നിങ്ങനെ ഓരോ ദിവസവും മാറിമാറി ചുമക്കുന്ന ഭാരം നട്ടെല്ലിന്റെ ഗുരുതരമായ തകരാറിനും സ്ഥിരമായ നടുവേദനയ്ക്കും കാരണമാകും.

സ്പോണ്ടിലൈറ്റിസ്, സ്പോണ്ടിലോലിസ്തെസിസ്, സ്ഥിരമായ നടുവേദന, നട്ടെല്ലിന്റെ ശൈഥില്യം, പോസ്ചറൽ സ്കോളിയോസിസ് മുതലായവ കുട്ടികളെ ബാധിക്കുന്ന ചില രോഗങ്ങളാണെന്ന് ASSOCHAM–ന്റെ ഹെൽത്കമ്മിറ്റി ചെയർമാൻ ബി.കെ റാവു പറഞ്ഞു.

2006–ലെ ചിൽഡ്രൻസ് സ്കൂൾബാഗ് ആക്ട് പ്രകാരം സ്കൂൾബാഗിന്റെ ഭാരം കുട്ടികളുടെ ഭാരത്തിന്റെ 10 ശതമാനത്തിലധികം കൂടാൻ പാടില്ല. കൂടാതെ നഴ്സറി, കിന്റർഗാർഡൻ കുട്ടികളെക്കൊണ്ടു ബാഗ് എടുപ്പിക്കാനേ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സർക്കാരുകൾ മതിയായ ലോക്കൽസംവിധാനം സ്കൂളുകളിൽ ഒരുക്കണമെന്നും നിയമം നിർദ്ദേശിക്കുന്നു.

അമിതമായ ഭാരം ചുമക്കുന്നത് നട്ടെല്ലിനു ദോഷം ചെയ്യും. അമിതഭാരം മൂലമുള്ള സമ്മർദ്ദം പേശികളുടെയും എല്ലിന്റെയും വളർച്ചയെ ബാധിക്കും; ഒരു തോളിൽ ബാഗു തൂക്കുന്നതു പ്രത്യേകിച്ചും.

കുട്ടികൾക്കു ചെറുപ്രായത്തിൽത്തന്നെ പുറംവേദന ഉണ്ടാകുകയാണെങ്കിൽ അതു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യും.

വരുംതലമുറ നടുവേദനയും കൂനും ഉള്ളവരാകാതിരിക്കണമെങ്കിൽ ഈ കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയേണ്ടത് അത്യാവശ്യമാണന്നു പറയാതെ വയ്യ. 

Your Rating: