Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫ് ഹിപ്നോസിസിലൂടെ എങ്ങനെ ദുശ്ശീലങ്ങൾ ഒഴിവാക്കാം?

self-hypnotic

ഹിപ്നോട്ടിസ്റ്റിന്റെ നിർദേശമോ സഹായമോ ഇല്ലാതെതന്നെ സ്വയം നിർദേശം നൽകിയോ റെക്കോർഡ് ചെയ്ത നിർദേശങ്ങൾ കേട്ടോ ഹിപ്നോസിസിൽ എത്തുന്നതാണ് സെൽഫ് ഹിപ്നോസിസ്. ഏതെങ്കിലും ഒരു നിർദേശം നമ്മളെക്കൊണ്ട് അനുസരിപ്പിക്കണമെന്നത് ഒരു ആവശ്യമായി മാറുമ്പോൾ സെൽഫ് ഹിപ്നോസിസ് വഴി നിർദേശങ്ങൾ സ്വയം നൽകാവുന്നതാണ്. ഉദാഹരണമായി, ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു വിശ്വസിച്ച് സ്വയം പീഡിപ്പിക്കുന്ന ചില ആളുകൾ ഉണ്ട്. രോഗമില്ലെന്ന് വളരെ വിദഗ്ദ്ധമായി അവരെ ബോധ്യപ്പെടുത്തിയാലും അവരതു വിശ്വസിക്കുകയില്ല. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സ്വയം പ്രത്യായനം (auto suggestion) നൽകി തനിക്ക് രോഗമൊന്നുമില്ലെന്നു വിശ്വസിപ്പിക്കാവുന്നതാണ്. അതുപോലെതന്നെ പുകവലി നിർത്തണമെന്ന് അതിയായ ആഗ്രഹമുള്ളവർക്ക് എത്ര ശ്രമിച്ചിട്ടും അതിനു സാധിക്കുന്നില്ലെങ്കിൽ സെൽഫ് ഹിപ്നോസിസ് ഉചിതമായ മാർഗമാണ്. ഏതാനും സെൽഫ് ഹിപ്നോട്ടിക് സെക്‌ഷനിലൂടെ ആവർത്തിച്ചാവർത്തിച്ചു പോസ്റ്റ് ഹിപ്നോട്ടിക് നിർദേശങ്ങൾ സ്വയം നൽകുകയാണെങ്കിൽ ഹിപ്നോട്ടീവ് സെക്‌ഷനുകൾ കഴിയുമ്പോൾ അയാളിൽ പുകവലിക്കെതിരായ മനോഭാവം ഉണ്ടാകാം. സെൽഫ് ഹിപ്നോസിസിൽ എത്തുമ്പോൾ ബോധം പൂർണമായും നശിക്കുന്നില്ല. സ്വയം നിർദേശങ്ങൾ നൽകാൻ കഴിയും. വാക്കുകൾക്ക് ശബ്ദം കൊടുക്കാതെ തന്നെ നിർദേശം മനസ്സിലോർത്താൽ മതി.

എങ്ങനെ സെൽഫ് ഹിപ്നോസിസ് ?
ശാന്തമായ അന്തരീക്ഷവും വേണ്ടത്ര വായുപ്രവാഹവും പ്രകാശവുമുള്ളതും ഏകാഗ്രത ലഭിക്കാൻ അനുയോജ്യവുമായ സ്ഥലം തിരഞ്ഞെടുക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. സൗകര്യപ്രദമായ ഒരു നിരന്ന പ്രതലത്തിൽ മലർന്നു കിടക്കുക. ശ്വാസം ദീർഘമായി ഉള്ളിലേക്കു വലിക്കുകയും പുറത്തേക്കു വിടുകയും ചെയ്യുക. ശ്വാസം ഉള്ളിലേക്കു വലിക്കുന്നതിനേക്കാൾ ഇരട്ടി സമയം എടുത്തു വേണം പുറത്തേക്കു വിടാൻ. പിരിമുറുക്കം ഉള്ളപ്പോൾ ദ്രുതഗതിയിലാണ് നാം ശ്വാസം വലിക്കാറുള്ളത്. അതിനാൽ ശ്വാസോച്ഛ്വാസ ക്രമീകരണ വ്യായാമം ശ്വസന ക്രമത്തിൽ മാറ്റം വരുത്തുന്നു.

പിരിമുറുക്കം ഉണ്ടാകുമ്പോൾ വലിഞ്ഞു മുറുകുന്ന പേശികൾ ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ അയഞ്ഞയഞ്ഞു പോകുന്നു. ഏകദേശം അഞ്ചു മിനിറ്റ് സമയം ശ്വസോച്ഛ്വാസ വ്യായാമത്തിനായി വിനിയോഗിക്കുക.
തുടർന്ന് തല മുതൽ കാലു വരെയുള്ള മാംസപേശികളിൽഓരോന്നിലായി ബലം കൊടുക്കുകയും തളർത്തിയിടുകയും ചെയ്യണം. ആയാസമില്ലായ്മ വന്നു എന്നുറപ്പായാൽ താഴെക്കൊടുക്കുന്ന നിർദേശങ്ങൾ സ്വയം നൽകുക.

1 . ശരീരത്തിനും മനസിനും വിശ്രമം കൈവരുന്ന ഒരു സുഖകരമായ ഒരു അവസ്ഥയിലേക്ക് ഞാൻ പോകുകയാണ്.
2 . ഞാൻ എന്റെ ഓരോ ശരീര ഭാഗങ്ങളുടെയും പേര് പറയാൻ പോവുകയാണ്. ഓരോ ഭാഗത്തെ കുറിച്ചു പറയുമ്പോഴും ആ ഭാഗം ഓർമയിൽ കൊണ്ടുവരാൻ എനിക്കു കഴിയും. അങ്ങനെ ഓരോ ഭാഗത്തിനും പൂർണ വിശ്രമം കൊടുത്തു കഴിയുന്നതോടെ ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുന്നതായി എനിക്ക് അനുഭവപ്പെടും.

കാലുകൾ, കാൽപാദത്തിന്റെ മടക്ക് , മുട്ടിനു താഴെയുള്ള മാംസപേശികൾ, കാൽമുട്ടുകൾ, തുടകൾ, അരക്കെട്ട്, വയർ, നെഞ്ച്, കൈകൾ, കൈമുട്ടുകൾക്കു മുകളിലുള്ള മാംസപേശികൾ, കഴുത്ത്, താടി, വായ, കവിളുകൾ, നെറ്റി, കണ്ണുകൾ ഈ ശരീരഭാഗങ്ങളെല്ലാം മുറുക്കിപ്പിടിക്കുകയും അയച്ചിടുകയും ചെയ്യണം.

തുടർന്ന് സ്വയം നിർദേശിക്കുക : “എന്റെ കണ്ണുകളുടെ ഭാരം കൂടിക്കൂടി വരികയാണ്, അതോടൊപ്പം എന്റെ ശരീരത്തിന്റെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നു. സുഖകരമായ ഒരു വിശ്രമാവസ്ഥ ഞാൻ അനുഭവിക്കുകയാണ്”.

തുടർച്ചയായി ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നൽകുന്നത് ഹിപ്നോസിസിന്റെ ആഴങ്ങളിലേക്കുള്ള വിധേയന്റെ പാത സുഖകരമാക്കുന്നു. സെൽഫ് ഹിപ്നോസിൽ എത്തിയതിനു ശേഷം മാറ്റേണ്ട ദുശ്ശീലത്തെകുറിച്ചുള്ള പോസ്റ്റ് ഹിപ്നോട്ടിക് നിർദേശങ്ങൾ സ്വയം നൽകാവുന്നതാണ്.

ഉദാ : “പുകവലി എന്നെ നശിപ്പിക്കുമെന്നു മനസ്സിലാകുന്നു. ഇനി മുതൽ ഞാൻ പുകവലിക്കില്ല’’ ഇങ്ങനെ നിർദേശം നൽകുകയും അതോടൊപ്പം പുകവലി സൃഷ്ടിക്കുന്ന ഭീകരത മനസ്സിൽ കാണുകയും ചെയ്യുക. മാറ്റേണ്ട ദുശ്ശീലങ്ങളെക്കുറിച്ച് ഇപ്രകാരം നിർദേശങ്ങൾ നൽകി അതിനെതിരായ മനോഭാവം വളർത്തിയെടുക്കാവുന്നതാണ് .

സെൽഫ് ഹിപ്നോസിസിലായിരിക്കുമ്പോഴും മഷ്തിഷ്കത്തിലെ ചില നാഡീകേന്ദ്രങ്ങൾ സജീവമായിരിക്കുന്നതിനാൽ സ്വയം നിർദ്ദേശങ്ങൾ നൽകി സെൽഫ് ഹിപ്നോസിസിൽനിന്ന് ഉണരാൻ കഴിയും. “ഈ അവസ്ഥയിൽ നിന്ന് സാധാരണ മാനസികാവസ്ഥയിലേക്ക് വരുകയാണ് .ഉണരുകയാണ്. ഒന്നുമുതൽ അഞ്ചുവരെ എണ്ണി തീരുമ്പോഴേക്കും ഞാൻ ഉണർന്നിരിക്കും”

ചിലർ സെൽഫ് ഹിപ്നോസിസിൽനിന്ന് സ്വാഭാവിക ഉറക്കത്തിലേക്കു വഴുതിവീഴാറുണ്ട് . അപ്പോൾ ശരീരത്തിനു വേണ്ടത്ര വിശ്രമം കിട്ടിക്കഴിയുമ്പോൾ താനെ ഉണർന്നുകൊള്ളും.

പോസ്റ്റ് ഹിപ്നോട്ടിക് നിർദേശങ്ങൾ
ഹിപ്നോസിസ് അവസ്ഥയിൽ എത്തിയതിനു ശേഷം കൊടുക്കുന്ന നിർദേശങ്ങളാണ് പോസ്റ്റ് ഹിപ്നോട്ടിക് നിർദ്ദേശങ്ങൾ. ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ പലതിന്റെയും ഘടകം പോസ്റ്റ് ഹിപ്നോട്ടിക് നിർദേശങ്ങളാണ്. നിരന്തരമായി പറയുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ നാം തയാറാവില്ല. ആവർത്തിച്ചു വിശ്വസിച്ചു പോയ ഒരു കാര്യം യുക്തിരഹിതമാണെന്നു തെളിവു ലഭിച്ചാൽപ്പോലും നമ്മളതിനെ തള്ളിക്കളയില്ല. കാരണമൊന്നുമില്ലെങ്കിലും അത് സ്വീകരിക്കുകയും ചെയ്യുന്നു.

പരസ്യങ്ങളിൽ കാണുന്ന പല ഉൽപന്നങ്ങളും ആവശ്യമില്ലാത്തതാണെങ്കിലും വാങ്ങിക്കാൻ ആളുകൾ തയാറാവുന്നത് അതിൽ ആവർത്തിക്കുന്ന പ്രത്യായനങ്ങൾ വഴിയാണ്. ഇത്തരം പ്രത്യായനങ്ങൾ വഴി സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചുവെന്ന് വരുത്തിത്തീർക്കാൻ കഴിയും. മനുഷ്യ മസ്തിഷ്കത്തിന്റെ ഒരു പരിമിതിയാണ് ഇതിനു കാരണം. ഒരു വികാരമുണ്ടാകാനുള്ള യഥാർഥ സാഹചര്യത്തെയും ഭാവനയിൽ സൃഷ്ടിക്കുന്ന സാഹചര്യത്തെയും തിരിച്ചറിയാൻ മസ്തിഷ്കത്തിനു കഴിവില്ല. അതുകൊണ്ടുതന്നെ ഭാവനയിൽ സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലും യഥാർഥ സാഹചര്യത്തിനു സമാനമായി വികാരം സൃഷ്ടിക്കാനാവശ്യമായ രാസപദാർഥങ്ങൾ പുറപ്പെടുവിക്കാൻ മസ്തിഷ്കം ആജ്ഞ നൽകുന്നു. മദ്യപാനം, പുകവലി, ഭക്ഷണത്തോടുള്ള ആർത്തി, ദുശ്ശീലങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ വേണ്ട പോസ്റ്റ് ഹിപ്നോട്ടിക് നിർദേശങ്ങൾ പലപ്പോഴും വിജയിക്കാറുണ്ട് .

ഹിപ്നോസിസ് :ആധുനിക ഗവേഷണങ്ങൾ
ന്യൂറോ സയൻസ് രംഗത്തുണ്ടായ വളർച്ചയും EEG (electroencephalogram ), FMRI (Functional magnetic resonance imaging), PET( positron emission tomography, RCBF (regional cerebral blood flow) എന്നീ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മസ്‌തിഷ്‌ക പ്രവർത്തനത്തെ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്നത് ഹിപ്നോസിസ് അവസ്ഥയെക്കുറിച്ചും അത് മനസിക-ശാരീരിക പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നു.

വ്യക്തികളെ ഹിപ്നോസിസിൽ എത്തിച്ച ശേഷം ആ സമയത്തെ അവരുടെ മസ്തിഷ്ക പ്രവർത്തനങ്ങളെ FMRI സ്കാനിങ്ങിലൂടെ നിരീക്ഷിച്ചപ്പോൾ മസ്‌തിഷ്‌ക വ്യതിയാനങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപെട്ടു. വിധേയരുടെ prefrontel cortex ന്റെ ഇടതുവശത്തും മസ്തിഷ്കത്തിലെ മുൻവശത്തെ anterior cingulate cortex എന്ന ഭാഗത്തും കൂടുതൽ പ്രവർത്തനം കാണപ്പെട്ടു. നിറങ്ങളെക്കുറിച്ചു ബോധമുണ്ടാകുന്ന മസ്തിഷ്ക കേന്ദ്രങ്ങളിൽ ഹിപ്നോട്ടിക് നിർദ്ദേശമനുസരിച്ചു പ്രവർത്തനം ഉണ്ടാകുന്നതായും മനസ്സിലാക്കാൻ കഴിഞ്ഞു. anterior singulate cortex ന്റെ പ്രധാന ചുമതല വൈകാരിക പ്രവർത്തനം വിലയിരുത്തുക, തെറ്റുകൾ മനസിലാക്കുക എന്നിവയാണ്.
PET സ്കാനിൽ കണ്ടത്- interior parietal lobule, singulate cortex എന്നീ ഭാഗങ്ങളിൽ രക്തചംക്രമണം കുറവായി കണ്ടു. frontel cortex ൽ രക്ത ചംക്രമണം കൂടുതൽ ഉണ്ടാകുന്നതായും കാണപ്പെട്ടു. വ്യക്തികളെ ആഴത്തിലുള്ള ഹിപ്നോസിസിൽ എത്തിച്ച ശേഷം EEG പരിശോധിച്ചപ്പോൾ ഉയർന്ന ആവൃത്തിയിലുള്ള theta പ്രവർത്തനം കാണപ്പെട്ടു.

ഹിപ്നോസിസിലൂടെ വ്യക്തിയുടെ ചോദനയിൽ മാറ്റം വരുത്താൻ കഴിയുമെന്നു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിയുകയുണ്ടായി.

വികാരം, ഭാവന അനൈച്ഛിക പ്രവർത്തന മസ്തിഷ്കം (autonomous nervous system) എന്നിവയെ പ്രതിനിധീകരിക്കുന്ന അമിഗ്ദല എന്ന മസ്‌തിഷ്‌ ഭാഗത്തെ ഹിപ്നോസിസിലൂടെ നിയന്ത്രിച്ച് അഡ്രിനൽ, പിറ്റ്യൂറ്ററി എന്നിവയുടെ ഹോർമോൺ സ്രവം ഉത്തേജിപ്പിച്ചു. അങ്ങനെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയുമെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പരീക്ഷണത്തിൽ തെളിയുകയുണ്ടായി.

ഹിപ്നോസിസിൽ മാനസിക ഏകാഗ്രതയുടെ ഉയർന്ന അവസ്ഥ സൃഷ്ടിക്കാൻ കഴിയും. ഈ അവസ്ഥയിൽ വിധേയന്റെ ചിന്തകൾ, ഭാവന, വികാരങ്ങൾ എന്നിവയെ അലട്ടുന്ന വൈകാരിക പ്രതിസന്ധി അകറ്റി നിർത്താൻ കഴിയുമെന്നും ആധുനിക പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സോഫ്റ്റ്മെൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ

Your Rating: