Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി ഒരു മാനസിക രോഗമാണോ?

selfie-mental-disease Image Courtesy : Vanitha Magazine

ന്യൂജനറേഷൻ ഭ്രമങ്ങളിൽ ഒന്നാമനാണ് സെൽഫി. മൊബൈലേ‍ാ ഫോണോ ക്യാമറയോ ഉപയോഗിച്ച് സ്വന്തം ചിത്രം സ്വയം പകർത്തുന്നതാണ് സെൽഫി. അവ ഉടനെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതാണ് അനുബന്ധഭ്രമം. ഈ സെൽഫിക്കാരെ ആരോഗ്യപരമായി ആശങ്കയിലാക്കിയ ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ ഷെയർ ചെയ്യുകയാണ്. ആ വാർത്ത ഇങ്ങനെ

സെൽഫി ഒരു മനോരോഗം

ദി അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ (എ പി എ) സെൽഫി ഒരു മനോരോഗമാണെന്ന് ഉറപ്പുവരുത്തിയിരിക്കുന്നു. ചിക്കാഗോയിൽ നടന്ന എ പി എ ഭാരവാഹികളുടെ യോഗമാണ് മനോരോഗങ്ങളുടെ പട്ടികയിൽ സെൽഫിയെ ഉൾപ്പെടുത്തിയത്. സെൽഫിറ്റിസ് എന്നാണ് രോഗത്തിന്റെ പേര്. സ്വയം ചിത്രങ്ങളെടുക്കാനുള്ള അനിയന്ത്രിതമായ താൽപര്യവും (ഒബ്സസീവ് കംപൽസീവ് ഡിസയർ) അവ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുചെയ്യാനുള്ള താൽപര്യവുമാണ് രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ ആത്മവിശ്വാസക്കുറവാണ് രോഗകാരണം.

അഡോബോ ക്രോണിക്കിൾസ് എന്ന ഓൺലൈൻ മാധ്യമത്തിൽ 2014 മാർച്ച് 31നു പ്രസിദ്ധീകരിച്ച ഈ വാർത്തയുടെ സ്ക്രീൻഷോട്ട് അടക്കമാണ് സെൽഫിറ്റിസ് പ്രചാരം നേടുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റവുമധികം പ്രചാരം നേടിയ പോസ്റ്റുകളിൽ ഒന്നായി ഈ വാർത്ത ഇടം നേടി. നിരന്തരം സെൽഫി ഇടുന്ന ഓൺലൈൻ സുഹൃത്തുക്കളോട്, നിയെന്താ ‘ സെൽഫിറ്റിസ്’ ആണോ എന്നു ചോദിക്കുന്ന അവസ്ഥവരെയെത്തി.

തെറ്റായ വാർത്ത

കേട്ടപാതി കേൾക്കാത്ത പാതി പൊതുജനോപകാരാർഥം ഈ വാർത്ത ഷെയർ ചെയ്തവരാരും വാർത്ത ശരിയാണോ എന്ന് അന്വേഷിച്ചില്ല. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ ഒരു യോഗത്തിലും സെൽഫിയെ മനോരോഗമായി തീരുമാനിച്ചിട്ടില്ല. മനോരോഗങ്ങളുടെയും മാനസികപ്രശ്നങ്ങളുടെയും പട്ടികയായ ഡി എസ് എം (The Diagnostic and Statistical manual of Mental Disorders)-ൽ ഇതുവരെയും സെൽഫിറ്റിസ് എന്ന പേര് ഉൾപ്പെടുത്തിയിട്ടുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഫിലിപ്പീൻസിൽ നിന്നുള്ള അഡോബോ ക്രോണിക്കിൾസ് പുറത്തുവിട്ട വാർത്ത വെറും കെട്ടുകഥയായിരുന്നു. ആ മാധ്യമം സ്വയം വിശേഷിപ്പിക്കുന്നത്-അവിശ്വസനീയമായ വാർത്തകളുടെ ഉറവിടം. നിങ്ങൾ വായിക്കുന്നതിൽ കള്ളമല്ലാത്തതെല്ലാം സത്യമാണ്-എന്നാണ്.

പക്ഷേ..സെൽഫി...

പക്ഷെ സെൽഫിയും സെൽഫിറ്റിസും രോഗമാണെന്ന് ഇതുവരെ ആരും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് ചില മാനസികപ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലകയായി അതു മാറാം. ഏതു കാര്യത്തോടുമുള്ള സ്വയം നിയന്ത്രിക്കാനാകാത്ത അമിതഭ്രമം (ഒബ്സഷൻ) സെൽഫിയോടും വന്നാൽ ഒബ്സസീവ് കംപൽസീവ് ഡിസോർഡർ പോലുള്ള അവസ്ഥയുടെയോ അഡിക്ഷന്റെയോ സൂചനയായി കാണാം. അതുപോലെ സെൽഫി ചിത്രങ്ങളിൽ സ്വയം നോക്കിയിരുന്ന് ആസ്വദിക്കുന്ന ശീലവും അനിയന്ത്രിതമാകുന്നുണ്ടെങ്കിൽ നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡറിന്റെ വിദൂര സൂചനയും കാണാം. എന്തൊക്കെയായാലും ഒരാൾ തുടർച്ചയായി സെൽഫികൾ പോസ്റ്റു ചെയ്യുന്നതു കണ്ടാൽ അയാൾ മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും കിട്ടാൻ ആഗ്രഹിക്കുകയാണെന്ന് ഉറപ്പാക്കാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.