Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെപ്സിസ് രോഗത്തിനു ചെലവു കുറഞ്ഞ പരിഹാരവുമായി മലയാളി ഉൾപ്പെട്ട ഗവേഷകസംഘം

sepsis അർജുൻ ബാലകൃഷ്ണൻ പ്രഫ. ദീപ് ശിഖ ചക്രവർത്തിക്കൊപ്പം

രക്തത്തിലെ അണുബാധ മൂലമുണ്ടാകുന്ന മാരകമായ സെപ്സിസ് രോഗത്തിനു ചെലവു കുറഞ്ഞ പരിഹാരം കണ്ടെത്തി മലയാളി അടങ്ങിയ ഗവേഷണ സംഘം. തൃശൂർ സ്വദേശി അർജുൻ ബാലകൃഷ്ണൻ ഉൾപ്പെട്ട ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ (ഐഐഎസ്‌സി) ഗവേഷകരാണു സെപ്സിസ് രോഗത്തിനു ചെലവു കുറഞ്ഞ പരിഹാരം വികസിപ്പിച്ചെടുത്തത്. രോഗത്തിനു കാരണമാകുന്ന വിഷാംശങ്ങളെ നിർവീര്യമാക്കുന്ന കണ്ടെത്തലിനു മലയാളിയായ അർജുൻ ബാലകൃഷ്ണൻ നേതൃത്വം നൽകിയ പ്രബന്ധമാണ് അടിസ്ഥാനമായത്.

രക്തത്തിൽ ബാക്ടീരിയയിൽ നിന്നുള്ള വിഷാംശം (എന്‍ഡോടോക്സിൻ) പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന അവസ്ഥയാണു സെപ്സിസ്. വളരെ വേഗത്തിൽ വ്യാപിക്കുന്ന അണുബാധ ശരീരത്തിന്റെ പ്രവർത്തനത്തെ ആകെ ബാധിക്കുകകയും വിവിധ അവയവങ്ങളുടെ പ്രവർത്തനം ഇല്ലാതാക്കുകയും ചെയ്യും. ഇതു മരണത്തിലേക്കു രോഗിയ തള്ളിവിടുന്നു. 30 മുതൽ 50 ശതമാനം വരെയാണു സെപ്സിസ് വന്നാലുള്ള മരണ നിരക്ക്.

രോഗകാരണമായ വിഷാംശത്തെ നിർവീര്യമാക്കാനുള്ള ബാക്ടീരിയൽ പെർമിയബിലിറ്റി ഇൻക്രീസിങ് (ബിപിഐ) പ്രോട്ടീന്‍ ശരീരം തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇതു വേണ്ടവണ്ണം ഇല്ലാത്തതിനാൽ രോഗാവസ്ഥയിൽ പുറത്തു നിന്നു നല്‍കേണ്ടി വരും. എന്നാൽ ബിപിഐ പ്രോട്ടീൻ ഉപയോഗിച്ചുള്ള ചികിൽസയ്ക്കു വലിയ ചിലവാണു വരുന്നത്. ചെറിയ അളവിനു പോലും ലക്ഷക്കണക്കിനു രൂപ വരും. ഈ അവസ്ഥയിലാണു ബെംഗളൂരുവിലെ ഗവേഷണ സംഘത്തിന്റെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നത്. പ്രഫ.ദീപ്ശിഖ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ബെംഗളൂരു ഐഐഎസ്‌സിയിലെ ഗവേഷണ സംഘവും അമേരിക്കയിലെ മേരിലൻഡ് സർവകലാശാലയിലെ പ്രഫ.ശൈലാദിത്യ ദാസ് ശർമയും ചേർന്നാണു പരീക്ഷണങ്ങൾ നടത്തിയത്.

ജനറ്റിക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണു പരീക്ഷണം. ഹാലോബാക്ടീരിയം എന്ന പ്രത്യേക തരം ബാക്ടീരിയ ഉപയോഗിച്ചു സെപ്സിസിനെ തടയാനുള്ള ബിപിഐ പ്രോട്ടീൻ ഉണ്ടാക്കുകയാണു ചെയ്യുന്നത്. എലികളിൽ വിജയിച്ച പരീക്ഷണം വിജയകരമായിരുന്നെന്ന് അർജുന്‍ ബാലകൃഷ്ണന്‍ പറയുന്നു. വലിയ മൃഗങ്ങളിലേക്കുള്ള പരീക്ഷണത്തിലേക്കു കടക്കുകയാണു സംഘം. ഈ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി മനുഷ്യർക്ക് ഉപയോഗപ്പെടുന്ന തരത്തിൽ എത്തിക്കുകയാണു ഗവേഷക സംഘത്തിന്റെ ഇനിയുള്ള ലക്ഷ്യം.

തൃശൂർ വരവൂർ ചെമ്പത്ത് ബാലകൃഷ്ണന്റെയും മൽമൽ പട്ടിയത്ത് ശ്രീലതയുടേയും മകനാണ് അർജുൻ. ഭാര്യ ബെംഗളൂരുവിൽ എൻജിനീയറായ ലക്ഷ്മി മേനോൻ.  

Your Rating: