Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടൽ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരീയ; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

shigellosis-bacteria

ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന മാരകമായ വയറിളക്കം സംസ്ഥാനത്തു പടരുന്നു. രോഗബാധയെ തുടർന്നു മൂന്നു പേർ മരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഇന്നു മുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കുടൽ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം മൂലം മരണ സാധ്യത ഏറെ കൂടുതലാണ്. കുട്ടികളെയാണു കൂടുതലായും ബാധിക്കുന്നത്. കോഴിക്കോട് രണ്ടു പേരും തിരുവനന്തപുരത്ത് ഒരാളും വയറിളക്ക രോഗം മൂലം മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ഉണർന്നത്. മഴ ശക്തമായതോടെ ജലം മലിനപ്പെട്ടതിനെ തുടർന്നു പനിക്കൊപ്പം വയറിളക്ക രോഗങ്ങളും വർധിച്ചിരുന്നു.

സാധാരണ വയറിളക്കം വൈറസ് രോഗ ബാധ മൂലം വരുന്നതാണെങ്കിൽ ഷിഗല്ല ബാക്ടീരിയയാണു മാരകമായ വയറിളക്കത്തിനു കാരണം. കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ കരണ്ടു തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കു വമിക്കും. വയറിളക്കത്തിനു പുറമെ വയറു വേദനയും ഛർദിയും ശരീരത്തിനു ചൂടും കാണും. ഉടൻ ആന്റിബയോട്ടിക് അടക്കമുള്ള ചികിൽസ നൽകിയാൽ രോഗം ഭേദപ്പെടുത്താം.

എന്നാൽ സാധാരണ വയറിളക്കമെന്നു കരുതി ചികിൽസ വൈകുന്നതാണു സ്ഥിതി വഷളാക്കുന്നത്. മഴക്കാലത്തു ജലം മലിനപ്പെടാനുള്ള സാഹചര്യത്തിലാണു രോഗം പടർന്നു പിടിക്കുമെന്നു കരുതുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയും ആഹാര സാധനങ്ങൾ മൂടി വയ്ക്കുകയും ചെയ്യുന്നതാണു വ്യക്തി തലത്തിൽ എടുക്കാവുന്ന പ്രതിരോധ മാർഗം.