Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സിദ്ധവൈദ്യം

kanthari

രക്തക്കൊതിപ്പ് എന്നും കുരുതി അഴൽ എന്നുമാണു തമിഴിൽ രക്താതിസമ്മർദ്ദം (ബി.പി) അറിയപ്പെടുന്നത്. ഇതിനെ ഒരു രോഗമായി കരുതുവാൻ സാധ്യമല്ല. എന്നാൽ രോഗത്തിലേക്കു നയിക്കുന്ന ശരീരത്തിന്റെ ഒരു അവസ്ഥയായി വേണം കരുതാൻ.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മുൻകരുതലായി ചെയ്യാവുന്നത് സിദ്ധ സമ്പ്രദായങ്ങളിൽ പറയുന്ന ഋതുചര്യ, ദിനചര്യ എന്നിവ കൃത്യമായി അനുഷ്ഠിക്കുകയാണ്. വമനം, വിരേചനം, നസ്യം മുതലായ പഞ്ചകർമവിധി വർഷത്തിലൊരിക്കൽ വീതം ശീലിക്കുന്നത് ഉത്തമമാണ്.

ഏറ്റവും കുറഞ്ഞപക്ഷം വിരേചനം അഥവാ വയറിളക്കൽ എങ്കിലും ചെയ്യണം. വയറിളക്കുന്നതിനു വിഷ നിർമാർജന ശക്തിയുള്ള സിദ്ധാദിതൈലം, അഗസ്തിയർ കുഴമ്പ്, കൗശികർ കുഴമ്പ്, നവരസമെഴുക്, കലിംഗത്തൈലം മുതലായവയിലേതെങ്കിലുമുപയോഗിക്കണം. മറ്റു മരുന്നുകൾ പാടില്ല. വർഷത്തിലൊരു പ്രാവശ്യം രാവിലെ മാത്രമായി മൂന്നു ദിവസങ്ങൾ മുൻപറഞ്ഞ ഔഷധങ്ങൾ വിധിപ്രകാരം ശീലിച്ചാൽ രക്താതിസമ്മർദ്ദം ഉണ്ടാകുവാൻ സാധ്യതയില്ല.

ഇറച്ചി, മുട്ട, മീൻ എന്നിവയോടു കൂടി പാൽ, നെയ്യ് എന്നിവ കഴിക്കുന്നത് കാലാന്തരത്തിൽ ബി.പിക്കിടയാക്കും. നെയ്യും പാലും ശുദ്ധസസ്യഭുക്കുകൾക്ക് കഴിക്കാം. ഇപ്രകാരം തന്നെ ശുദ്ധമാംസഭുക്കുകൾ നെയ്യ്, പാൽ, വെണ്ണ മുതലായവ ഒഴിവാക്കണം.

മുരിങ്ങയിലയും കറിവേപ്പിലയും

പ്രഷർ കൂടുതൽ ഉള്ളവർക്ക് സിദ്ധവൈദ്യത്തിൽ ഫലപ്രദമായ ഒറ്റമൂലികളും മരുന്നുകളുമുണ്ട്. മുരിങ്ങയില, ജീരകം, കറിവേപ്പില, വെളുത്തുള്ളി എന്നിവ ബി.പി കുറയ്ക്കുന്നതിനു സഹായകരമാണ്. മുരിങ്ങയില തോരനുണ്ടാക്കിക്കഴിക്കാം. മുരിങ്ങയിലനീര് ഒരു ടീസ്പൂൺ വീതം അൽപം തേൻ ചേർത്തു മൂന്നുനേരം കഴിക്കാം.

അമുക്കിരം പാലിൽ പുഴുങ്ങി പൊടിച്ചത് ഒരു ഭാഗം, കൊത്തമല്ലി ഒരു ഭാഗം, തൃകടു അരഭാഗം വീതം, പച്ചക്കർപ്പൂരം ഒന്നേകാൽ ഭാഗം, ഏലത്തരി രണ്ടര ഭാഗം, ജീരകം വറുത്തുപൊടിച്ചത് അഞ്ചു ഭാഗം ഇവ പൊടിച്ച് ഒരു ടീസ്പൂൺ വീതം നാരങ്ങാ നീരും തേനും ചേർത്തു ദിവസേന രണ്ടു നേരവും കഴിക്കാം. പഴച്ചാറുകളിൽ ചേർത്തും കഴിക്കാം.

രക്താതിസമ്മർദ്ദത്തിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ പറ്റുന്ന മരുന്നുകൾ താഴെപ്പറയുന്നവയാണ്.

കലമാൻ കൊമ്പു ഭസ്മം രണ്ടു കുന്നിയിട വീതം ഒരു ടീസ്പൂൺ ജീരകപ്പൊടി അല്ലെങ്കിൽ ജീരകാദിചൂർണം ചേർത്തു ദിവസേന രണ്ടുനേരം ആഹാരത്തിനു ശേഷം കഴിക്കാം.

മാണിക്യഭസ്മം അര കുന്നിയിട വീതം തേനിൽ രണ്ടു നേരവും കഴിക്കാം.

chemmen-puli ചെമ്മീൻപുളി. ഫോട്ടോ: റമീസ് കെ. ആർ.

കാന്താരിമുളകും ചെമ്മീൻ പുളിയും

പഴകിയ രോഗാവസ്ഥയിൽ വിരേചനത്തിനു ശേഷം അരചഗന്ധിമെഴുക്, കനലിംഗകർപ്പൂരമെഴുക്, ചണ്ഡമാരുതിസിന്ദൂരം, രസവീരസിന്ദൂരം മുതലായ അതിവീര്യമുള്ള ഉപരിമരുന്നുകൾ കടും പഥ്യത്തോടുകൂടി വൈദ്യന്റെ മേൽനോട്ടത്തിൽ കഴിക്കാം.

രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർക്ക് താഴെപ്പറയുന്ന മരുന്നുകൾ ഫലപ്രദമാണ്.

കാന്താരിമുളക്, ചെമ്മീൻപുളി (കോവൽപ്പുളി), വെളുത്തുള്ളി ഇവ ചേർത്തരച്ചു തേറ്റാമ്പരലളവു വീതം ദിവസേന രണ്ടു നേരവും കഴിക്കുക.

ഉപരിമരുന്നായി ആര്യവേപ്പിൻപൂവ് 100 ഗ്രാം, കിഴുകാനെല്ലി 50 ഗ്രാം, തൃകടു (ചുക്ക്, കുരുമുളക്, തിപ്പലി) പന്ത്രണ്ടരഗ്രാം വീതം, തൃഫല, ഏലക്ക, ഗ്രാമ്പൂ എന്നിവ പന്ത്രണ്ടര ഗ്രാം വീതം, തൂതുവേള 50 ഗ്രാം. ഇവ ഉണക്കിപ്പൊടിച്ച് ചെറുനാരങ്ങാനീരൊഴിച്ച് അരച്ചു രണ്ടുഗ്രാം വീതമുള്ള ഗുളികകളാക്കി നിഴലിലുണക്കി സൂക്ഷിച്ചുവച്ചിരുന്ന് ദിവസേന ഒരു ഗുളിക വീതം ആഹാരത്തിനു മുമ്പു കഴിക്കാം. അമിതവണ്ണം മാറും.

പ്രൊഫ. പത്മപാദൻപിള്ള, സിദ്ധകുടീരം, കുരീക്കാട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.