Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുപാടിക്കോളൂ, അർബുദവും വിഷാദവും ഭയക്കേണ്ട

singing

കളി പറയുകയാണെന്നു കരുതേണ്ട; കാൻസർ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പാട്ടുപാടുന്നതാണത്രേ. കാൻസർ മാത്രമല്ല, വിഷാദരോഗത്തിന് അടിമപ്പെടാതിരിക്കാനും സംഗീതം ഉത്തമം.

ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് മ്യൂസിക്കും കാൻസർ കെയർ സെന്ററും ചേർന്നു നടത്തിയ ഗവേഷണത്തിൽ നിന്നാണ് ഈ നിഗമനം. കാൻസറിനു ചികിൽസ തേടുന്നവർക്കും സംഗീതം നല്ലമരുന്നാണെന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. പാട്ടു കേൾക്കുന്നതിലുപരി പാടുമ്പോഴാണത്രേ ശരീരത്തിനും മനസ്സിനും കൂടുതൽ പ്രയോജനം ലഭിക്കുന്നത്.

ഒറ്റയ്ക്കിരുന്നു പാടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും ഗായകസംഘങ്ങൾക്കൊപ്പം ആഘോഷപൂർവം പാടുന്നതാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നേരത്തെ തന്നെ കാൻസറിന് അടിമപ്പെട്ടവർക്ക് കൂടുതൽ പോസിറ്റീവ് ആയി ചികിൽസയോടു പ്രതികരിക്കുന്നതിനും സംഗീതം ഉപകരിക്കുന്നു.

വിവിധ ഗായകസംഘങ്ങളിലെ അംഗങ്ങളായ ഇരുന്നൂറോളം പേരെയാണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്. ദിവസവും ഒരു മണിക്കൂർ നേരം പാട്ടുപാടാൻ ചെലവഴിക്കുന്നവർക്ക് അർബുദത്തിനും വിഷാദരോഗത്തിനുമുള്ള സാധ്യത കുറവാണത്രേ.

പാട്ടുപാടുമ്പോൾ ശരീരത്തിലെ സ്ട്രസ് ഹോർമോണുകളുടെ എണ്ണം കുറയുകയും പ്രതിരോധഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ മൂഡ് ശരിയല്ലാത്തപ്പോഴും ഈ പാട്ടുപാടൽ പരീക്ഷിക്കാം. ഇതു നിങ്ങളുടെ മനസ്സിന് കൂടുതൽ പോസിറ്റീവ് ഊർജം നൽകും.

Your Rating: