Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണടച്ചു വിശ്വസിക്കല്ലേ...

heart-health-tablet

കാൻസറിനെ പ്രതിരോധിക്കാൻ ലക്ഷ്മിതരു, പ്രമേഹത്തിന് ഇൻസുലിൻ ചെടി തുടങ്ങി ‘ഫലപ്രദമായ മരുന്ന്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നവയുടെ പട്ടിക നീണ്ടുനീണ്ടുപോകുന്നു. കുറുക്കുവഴികൾ നിർദേശിക്കുക മാത്രമല്ല, ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ കഴിക്കരുതെന്നും ആരോഗ്യത്തിനു ഹാനികരമാണെന്നുമുൾപ്പെടെയുള്ള പോസ്റ്റുകളും ധാരാളം. ഉറവിടംപോലും അന്വേഷിക്കാതെ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരും കുറുക്കുവഴികൾ പിന്തുടരുന്നവരും ധാരാളമുണ്ട്. ഇത്തരം കുറിപ്പുകളിൽ എന്തെങ്കിലും വാസ്തവമുണ്ടോ? തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി. പത്മകുമാർ പറയുന്നു:

കുറച്ചുനാൾ മുൻപ് ആലപ്പുഴയിലെ കോളജ് പ്രഫസർ സമൂഹമാധ്യമങ്ങൾവഴി പ്രചരിച്ചുവന്ന കുറിപ്പ് അയച്ചുതന്നു. കൊളസ്റ്ററോളിനു കഴിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ ആരോഗ്യത്തിനു ശക്തമായ ഭീഷണിയാണെന്നാണു പോസ്റ്റ്. കൊളസ്റ്ററോൾ 200നു താഴെയാവണം എന്നു നിർദേശിക്കുന്നതു ഡോക്ടർമാരും ഔഷധക്കമ്പനികളും തമ്മിലുള്ള ധാരണപ്രകാരമാണത്രേ. ഡോക്ടറെ വിശ്വസിച്ചു പാർശ്വഫലങ്ങളുള്ള മരുന്നുകൾ കഴിക്കുന്നവർക്കു മാരകരോഗങ്ങൾ വരുമെന്നും കൊളസ്റ്ററോൾ 200 ആണെങ്കിൽ മരുന്നൊന്നും കഴിക്കേണ്ടതില്ലെന്നുമൊക്കെ വിശദീകരിച്ചിട്ടുണ്ട്. ഇത്രയും നാൾ കഴിച്ച മരുന്നുകൾ വെറുതെയായിരുന്നോ, അവ ദോഷമാണോ ചെയ്തത് എന്നൊക്കെയായിരുന്നു പ്രഫസറുടെ ആശങ്ക.

ഹൃദയാഘാതമുണ്ടാകുന്നതു കാൽസ്യത്തിന്റെ അളവ് അമിതമാകുമ്പോഴാണ്. അതുകൊണ്ടു കാൽസ്യം അടങ്ങിയ ഭക്ഷണം കുറയ്ക്കണം, കാൽസ്യം ഗുളികകൾ കഴിക്കരുത് എന്നൊക്കെപ്പറയുന്ന മറ്റൊരു കുറിപ്പ് അയച്ചുതന്ന് വാസ്തവം അന്വേഷിച്ചതു പ്രസിദ്ധക്ഷേത്രത്തിലെ തന്ത്രിയായിരുന്നു.

ഉയർന്ന വിദ്യാഭ്യാസനിലവാരമുണ്ടെങ്കിലും മലയാളികൾക്കു മാന്ത്രികചികിൽസ, സ്വയം ചികിൽസ തുടങ്ങിയവയോടൊക്കെ പ്രത്യേക താൽപര്യമുള്ളതായി കാണാം. പരസ്യങ്ങളിൽ നാം പെട്ടെന്നു സ്വാധീനിക്കപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പുകളുടെ ഉറവിടംപോലും ആരും അന്വേഷിക്കാറില്ലെന്നതാണു വാസ്തവം.

ജീവിതശൈലീരോഗങ്ങൾക്കു വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചാണ് (ആസ്പിരിൻ, സ്റ്റാറ്റിൻ, പ്രമേഹ മരുന്നുകൾ തുടങ്ങിയവ) കുപ്രചാരണങ്ങൾ ഏറെയും കണ്ടുവരുന്നത്. രക്തസമ്മർദ പരിധി, കൊളസ്റ്ററോൾ പരിധി എന്നിവയും തർക്കവിഷയമാകാറുണ്ട്. അഞ്ചു വർഷം മുൻപ് ഇതായിരുന്നില്ലല്ലോ പറഞ്ഞിരുന്നത് എന്നൊക്കെയാണു ചോദ്യങ്ങൾ. ഓർക്കുക: കണ്ടെത്തലുകൾ ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരിക്കും. പല നിരീക്ഷണങ്ങൾക്കും ശാസ്ത്രീയ പരീക്ഷണങ്ങൾക്കുംശേഷം കണ്ടെത്തുന്ന ‘എവിഡൻസ് ബേസ്ഡ് മെഡിസിൻസ്’ മാത്രമാണു ഡോക്ടർമാർ നിർദേശിക്കുന്നത്.

മാറാരോഗങ്ങൾക്കുള്ള മരുന്നുകൾ, ലൈംഗികരോഗങ്ങൾ ഉൾപ്പെടെ പുറത്തു പറയാൻ മടിക്കുന്ന രോഗങ്ങൾക്കു ചികിൽസ തുടങ്ങിയ വാഗ്ദാനങ്ങളിൽ വീണു സ്വയം ചികിൽസയിലേക്കും അശാസ്ത്രീയ മാർഗങ്ങളിലേക്കും തിരിയുന്നവർ ഒട്ടേറെയാണ്.

ഇന്ത്യൻ മെഡിക്കൽ കൗൺസിലോ മറ്റേതെങ്കിലും ഔദ്യോഗിക സ്ഥാപനങ്ങളോ ഏജൻസികളോ സമൂഹമാധ്യമങ്ങൾവഴി കുറിപ്പുകൾ പുറത്തുവിടാറില്ല. അതിനാൽത്തന്നെ, ഇത്തരം കുറിപ്പുകളിൽ വിശ്വസിച്ചു ഡോക്ടറുടെ ഉപദേശം തേടാതെ ഒരുതരത്തിലുള്ള സ്വയംചികിൽസയും പരീക്ഷിക്കരുത്.

ഡെങ്കിപ്പനി വന്നവരിൽ പപ്പായ ഇല ഉപയോഗിച്ച് പ്ലേറ്റ്ലറ്റുകളുടെ കൗണ്ട് കൂടിയ സംഭവം ഉണ്ടായിട്ടുണ്ട്. എങ്കിലും ഇതു ഫലപ്രദമായ മരുന്നാണെന്നതിനു ശാസ്ത്രീയമായ തെളിവില്ല. മറ്റൊരാളിൽ പാർശ്വഫലം സൃഷ്ടിച്ചേക്കില്ലെന്ന് ആരു കണ്ടു!

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പുകൾ ഡോക്ടറുമായി പങ്കുവച്ചു സത്യാവസ്ഥ മനസ്സിലാക്കാൻ ഒരിക്കലും മടിക്കരുത്. ഡോക്ടറുടെ ഉപദേശം സ്വീകരിക്കാതെ ഇത്തരം കുറിപ്പുകൾ പിന്തുടരുകയുമരുത്. ഗുണകരമായ ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ടെന്നതു മറക്കുന്നില്ല.

ഒറ്റയ്ക്കായിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ ശക്തമായി ചുമയ്ക്കണം എന്നു നിർദേശിക്കുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കണ്ടു. ഇതിൽ അൽപം വാസ്തവമുണ്ട്. ഹൃദയതാളം വീണ്ടെടുക്കാൻ ശക്തമായി ചുമയ്ക്കുന്നതു‌വഴി സാധിക്കും (കഫ് സിപിആർ). പക്ഷേ, എത്രയും പെട്ടെന്നു ഡോക്ടറുടെ സേവനം തേടാൻ ശ്രമിക്കണം.

Your Rating: