Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണടയെക്കുറിച്ച് ഇനി സംശയം വേണ്ട

spectacle

കണ്ണട ഇന്ന് അഭംഗിയോ അസൗകര്യമോ അല്ല. മറിച്ച് ആത്മവിശ്വാസത്തിന്റെയും അഴകിന്റെയും അടയാളമാണ്. കാഴ്ചയുടെ പുതിയ വാതായനങ്ങൾ തുറന്നിടാൻ സഹായിക്കുന്നവയാണ് പുതിയ കാലത്തെ കണ്ണടകൾ. കണ്ണിന്റെ ആരോഗ്യത്തെയും അതിനു പിന്തുണയേകുന്ന കണ്ണടകളെയും അറിയാം.

1. സാധാരണയായി കണ്ണടകൾ വയ്ക്കേണ്ടി വരുന്ന കാഴ്ചത്തകരാറുകൾ ഏതെല്ലാം?
കണ്ണടകൾ കൊണ്ടു പരിഹരിക്കാവുന്ന നാലു തരം നേത്രവൈകല്യങ്ങളുണ്ട്.

∙ ഹ്രസ്വദൃഷ്ടി (മയോപ്പിയ): സാധാരണ 8 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് ആദ്യമായി കണ്ടുപിടിക്കപ്പെടുന്നത്. ഇവരുടെ നേത്ര ഗോളങ്ങളുടെ വലുപ്പം സാധാരണയിലും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ പ്രകാശരശ്മികൾ റെറ്റിനയുടെ മുന്നിൽ കേന്ദ്രീകരിച്ച് മങ്ങിയ കാഴ്ചയ്ക്ക് കാരണമാകുന്നു.

∙ ദീർഘദൃഷ്ടി (ഹൈപ്പെറോപ്പിയ): നേത്രഗ്രോളം സാധാരണയെക്കാൾ ചെറുതായിരിക്കുകയും പ്രകാശരശ്മികൾ റെറ്റിനയുടെ പുറകിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനാൽ കാഴ്ച മങ്ങൽ ഉണ്ടാകുന്നു. സാധാരണഗതിയിൽ കുട്ടികളിൽ ചെറിയ തോതിൽ ദീർഘദൃഷ്ടി കണ്ടുവരാറുണ്ട്. കോങ്കണ്ണുമായോ കാഴ്ചക്കുറവുമായി ബന്ധപ്പെട്ടോ കാണുന്ന ദീർഘദൃഷ്ടി പരിഹരിക്കേണ്ടതാണ്.

∙ വെള്ളെഴുത്ത് (പ്രസ്ബയോപ്പിയ): 40 വയസ്സാകുമ്പോൾ വളരെ അടുത്തുള്ള വസ്തുക്കളെ കാണാനുള്ള കാഴ്ചക്കുറവ് ഉണ്ടാകുന്നു. മരുന്നുകുപ്പികളിലെയോ ആധികാരികരേഖകളിലെയോ ചെറിയ പ്രിന്റുകൾ വായിക്കാനുള്ള ബുദ്ധിമുട്ടായിട്ടാണ് ഇത് സാധാരണ ആദ്യമായി അനുഭവപ്പെടുന്നത്. പ്രായം കൂടുന്തോറും അടുത്ത കാഴ്ച ക്രമേണ കുറഞ്ഞുവരുന്നു. ദൂരക്കാഴ്ചയെ ഇതു സ്വാധീനിക്കുന്നില്ല.

∙ മിശ്രദൃഷ്ടി (അസ്റ്റിഗ്മാറ്റിസം): മിശ്രദൃഷ്ടിയിൽ പ്രകാശരശ്മികൾ റെറ്റിനയിലെ വ്യത്യസ്ത ഭാഗങ്ങളിൽ കേന്ദ്രീകരിക്കുന്നു. ഇവ ദൂരക്കാഴ്ചയെയും അടുത്ത കാഴചയെയും ബാധിക്കുന്നു.

2. വെെള്ളഴുത്തിന്റെ തുടക്കം മുതൽ കണ്ണട ഉപയോഗിക്കുന്നതു കൊണ്ട് മേൻമയുണ്ടോ?
വെെള്ളഴുത്ത് കണ്ണുകൾക്ക് കാഴ്ച മങ്ങലല്ലാതെ മറ്റു പ്രശ്നങ്ങളുണ്ടാക്കുന്നില്ല. എന്നാൽ പ്രായം കൂടുന്തോറും വായിക്കാനുള്ള പവർ കൂടുന്നു. കണ്ണട ഉപയോഗിക്കാതെ വായിക്കാൻ ശ്രമിക്കും തോറും കണ്ണിന് ആയാസം കൂട‍ി അടുത്ത കാഴ്ചയ്ക്കു മങ്ങലും കണ്ണിനു കടച്ചിലും അനുഭവപ്പെടുന്നു.

3. വെള്ളഴുത്ത് മാറുമോ?
വെള്ളെഴുത്ത് ഒരിക്കലും ഇല്ലാതാകുകയോ തനിയെ ശരിയാക്കപ്പെടുകയോ ചെയ്യുന്നില്ല. ചില അവസരങ്ങളിൽ 60 വയസ്സ് കഴിയുമ്പോൾ ചിലർക്ക് 40 വയസ്സിൽ നഷ്‌ടപ്പെട്ട, അടുത്തു കാണാനുള്ള കഴിവു തിരികെ കിട്ടിയതായി പറയുന്നു. ഇതു സെക്കൻഡ് സൈറ്റ് (second sight) എന്നറിയപ്പെടുന്നു. കണ്ണിനുള്ളിലെ സുതാര്യമായ ലെൻസിന്റെ ന്യൂക്ലിയസിൽ ഉണ്ടാകുന്ന റിഫ്രാക്ഷന്റെ വർധനവാണ് ഇതിനു കാരണം. ഇത്തരത്തിൽ പവറിലുണ്ടാകുന്ന വർധനവാണ് അടുത്തുളള കാഴ്ചയ്ക്കു കാരണം. അടുത്തുള്ള കാഴ‍്ച തെളിയുന്നുവെങ്കിലും ലെൻസ് അതാര്യമാകുന്നതിനാൽ തിമിര ശസ്ത്രക്രിയ കുറച്ചുനാൾ കഴിയുമ്പോൾ ചെയ്യേണ്ടിവരുന്നു.

4. കണ്ണട വാങ്ങുമ്പോൾ ഫ്രെയിം, ലെൻസ് എന്നിവയിൽ ശ്രദ്ധിക്കേണ്ടത്?
ഫ്രെയിമുകൾ ഏറെ ശ്രദ്ധയോടെ തിരഞ്ഞെട‍ുക്കണം. കാഴ്ചയിലെ ഭംഗി മാത്രം നോക്കി ഫ്രെയിമുകൾ തിരഞ്ഞെടുക്കാതിരിക്കുക. മൂക്കിനു മുകളിലേക്ക് ഇടയ്ക്കിടയ്ക്കു തള്ളി തിരിച്ചുവയ്ക്കേണ്ട തരം ഫ്രെയിമികൾ തിരഞ്ഞെടുക്കരുത്. മൂക്കിന്റെ പാലത്തിൽ നിന്നും താഴോട്ടു വഴുതിവീഴാത്ത ഫ്രെയിമ‍ുകളാണ് നല്ലത്. ലെൻസുകൾ പിടിപ്പിക്കുമ്പോൾ ഫ്രെയിമുകൾ കൂടുതൽ ഭാരമുള്ളതായി താഴേക്ക് വഴുതാനുള്ള പ്രവണത കൂടും. ഫ്രെയിം നിങ്ങളുടെ കവിളുകളിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കുക. (ഫ്രെയിമുകൾ മുഖത്തുവച്ചു ചിരിക്കുമ്പോൾ കവിളിൽ തട്ടരുത്)

ജീവിതശൈലിക്കനുസൃതമായ ഫ്രെയിമുകൾ തിരഞ്ഞെടുക്കുക. വ്യായാമം ചെയ്യുമ്പോൾ ഉപയോഗിക്കാൻ ചെറിയ ഫ്രെയിമുകളാണ് നല്ലത്.

കുട്ടികൾക്കും 40 വയസ്സിനു താഴെയുള്ളവർക്കും ലെൻസിൽ ഒര‍ു പവർ മാത്രമേയുള്ളൂ. അവയെ സിംഗിൾ വിഷൻ ലെൻസുകൾ എന്നു പറയുന്നു.

40 വയസ്സിനുശേഷം മിക്ക ആളുകൾക്കും വായനയ്ക്കുവേണ്ടി അധിക പവർ ആവശ്യമായ‍ിവരുന്നു. അതുകൊണ്ടുതന്നെ അവർക്കു ലെൻസിൽ ഒന്നിൽകൂടുതൽ പവർ കാണാം.

ദൂരക്കാഴ്ചയ്ക്കും അടുത്ത കാഴ്ചയ്ക്കും ഉപയോഗിക്കുന്ന കണ്ണടകൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്: പ്രോഗ്രസീവും ബൈഫോക്കലും.പ്രോഗ്രസീവ് ലെൻസുകൾക്ക് മൂന്നു ഭാഗങ്ങളുണ്ട്. ദൂരക്കാഴ്ച, ഇടയ്ക്കുള്ള കാഴ്ച, വായനയ്ക്കുള്ള കാഴ്ച എന്നിവയാണവ. അതുകൊണ്ടു
തന്നെ കണ്ണട മാറി ഉപയോഗിക്കുന്നതിനു പകരം ഒരേ ലെൻസിലൂടെ ഇവ എല്ലാം ചെയ്യാൻ കഴിയും. ബൈഫോക്കൽ ലെൻസുകൾ രണ്ടു ഭാഗമായി തിരിച്ചിട്ടുണ്ട്. ഇവ കൃത്യമായ ദ‍ൂരക്കാഴ്ചയും അടുത്തുള്ള കാഴ്ചയും മാത്രം നൽകുന്നു.

പവർ കുറഞ്ഞ ലെൻസുകൾക്ക് അതിന്റെ ഡിസൈനും ലെൻസിന്റെ പദാർഥവും പ്രധാനമല്ലെങ്കിലും കൂടിയ പവറുള്ള ലെൻസുകൾക്ക് അവ പ്രധാനമാണ്. നല്ല ഡിസൈനും നല്ല മെറ്റീരിയലും കൊണ്ടുള്ള ഹൈപവർ ലെൻസിന് സാധാരണ ലെൻസിനെക്കാൾ വ്യക്തത കാണുന്നുണ്ട്.

5. ഹ്രസ്വദൃഷ്‌ടിയുടെ ആരംഭത്തിൽ കണ്ണട വയ്ക്കണോ?
സാധാരണയായി ഹ്രസ്വദൃഷ്ടിയുള്ള കുട്ടിക്കു കണ്ണടയുടെ സഹായത്തോടെ മാത്രമേ ദൂരെയുള്ള വസ്തുക്കളെ കാണാനാകൂ. കുട്ടിക്കു വ്യക്തമായ കാഴ്ച കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹ്രസ്വദൃഷ്ടി കണ്ടെത്തുമ്പോൾ തന്നെ കണ്ണടകൾ ധരിക്കണം. കുട്ടി വളരുന്തോറും നേത്രഗോളത്തിന്റെ വലുപ്പം വർധിക്കുകയും കണ്ണടയുടെ പവറിൽ വർധനവ് ഉണ്ടാവുകയും ചെയ്യുന്നു. ദീർഘദൃഷ്ടിയിൽ നേത്രഗോളത്തിന്റെ വലുപ്പം കുറവായതിനാൽ പ്രായം കൂടുന്തോറും പവർ കുറയുന്നു.

6. ന്യൂജനറേഷൻ, ട്രെൻഡി ഫ്ര‍െയിമുകൾ ഏതെല്ലാമാണ്?
ഫ്രെയിമികൾ ലോഹമോ പ്ലാസ്റ്റിക്കോ കാർബൺ ഫൈബറോ കൊണ്ട‍ു നിർമിക്കാം.

∙ ലോഹനിർമിത ഫ്രെയിമുകൾ മോണൽ മെറ്റൽ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ മെമറി മെറ്റൽ എന്നിവയിൽ നിന്നും നിർമിക്കുന്നു. ഇവ ഈടുള്ളതാണ്.

∙ പ്ലാസ്റ്റിക് ഫ്രെയിമുകൾ ഭാരം കുറഞ്ഞവയാണ്. ദിവസം മുഴുവൻ ഫ്രെയിമുകൾ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമാണിത്. ഇവ വ്യത്യസ്ത നിറങ്ങളിലും രൂപത്തിലും ലഭ്യമാണ്.

∙ കാർബൺ ഫൈബർ ഫ്രെയിമുകൾ ഏറ്റവും ഭാരം കുറഞ്ഞവയും ഏറ്റവും ദൃഢതയുള്ളതുമാണ്. സ്പോർട്സ് താരങ്ങൾക്കും മറ്റും ഏറ്റവും അനുയോജ്യമാണിവ.

∙ ഫുൾറിം ഫ്രെയിമുകൾ: ഈടുറ്റതും ഏതുതരം പവറിനും യോജിച്ചതുമാണ്.

∙ റ‍‍ിംലെസ്സ് ഫ്രെയിമുകൾ: ഭാരം കുറഞ്ഞതും വളരെ നേരം കണ്ണടകൾ ഉപയോഗിക്കുന്നവർക്കും സംവേദനക്ഷമതയുള്ള ചർമത്തോടുകൂടിയവർക്കും അനുയോജ്യവുമാണ്.

∙ സെമി റിംലെസ്സ് ഫ്രെയിമുകൾ നൈലോൺ എന്നും അറിയപ്പെടുന്നു. റിംലെസ്സ് ഫ്രെയിമുകളുമായി ഇവയ്ക്ക് സാമ്യം ഉണ്ട്. ഫ്രെയിമിന്റെ താഴത്തെ ഭാഗത്തെ മെറ്റലിനു പകരം നൈലോൺ ഉപയോഗിക്കുന്നു. ഇവ വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്നു.

∙ ഹാഫ് െഎഫ്രെയിമുകൾ: ഇവ പ്രധാനമായും മൂക്കിന്റെ പാലത്തിനു താഴെ വയ്ക്കുന്നവയാണ്. വായന ശീലമായവർക്ക് ഇവ അനുയോജ്യമാണ്.

7. പുതിയതരം ലെൻസുകളെയും അവയുടെ സവിശേഷതകളെയും കുറിച്ചു വിശദമാക്കാമോ?
ഇപ്പോൾ ഒട്ട‍േറെ നൂതന ലെൻസുകൾ ലഭ്യമാണ്. ഇത്തരം ലെൻസ‍ുകളുടെ കട്ടിയും ഭാരവുമൊക്കെകുറവാണ്. ക‍ൂടുതൽ ആകർഷകവുമാണ്.

∙ ആസ്ഫെറിക് ലെൻസുകൾ: കനം കുറഞ്ഞതാണ്. വശങ്ങളിലെ കാഴ്ച (Fileld of vision) കൂടുതലായി ആവശ്യമുള്ളവർക്ക് ഇത് അനുയോജ്യമാണ്.

∙ ഹൈ ഇൻഡക്സ്: സാധാരണ ലെൻസുകളെക്കാൾ നേർത്തത‍ും ഭാരം കുറഞ്ഞതുമായ പ്ലാസ്റ്റിക് ലെൻസുകളാണിത്. വലിയ പവറനുസരിച്ച‍ു കൂടിയ ഇൻഡക്സ് ലെൻസിലേക്കു പോകുന്നതു കണ്ണടകളുടെ ഭാരത്തെ കുറയ്ക്കും.

∙ വേവ് ഫ്രെഡ് ടെക്നോളജി ലെൻസുകൾ: വളരെ സൂക്ഷ്മമായ കാഴ്ചയ്ക്കു വേണ്ടി നിർമിച്ചവയാണിവ. അതിസൂക്ഷ്മമായ കാഴ്ച ആവശ‍‍്യമുള്ളവർക്ക് അനുയോജ്യമാണ്.

∙ പോളികാർബണേറ്റ് ആന്റിട്രിവെക്സ് ലെൻസുകൾ: നേർത്തതും ഭാരം കുറഞ്ഞതും. പ്ലാസ്റ്റിക് ലെൻസുകളെ അപേക്ഷിച്ചു പത്തുമടങ്ങ് ആഘാതങ്ങളെ പ്രതിരോധിക്കും സ്പോർട്സ് കണ്ണടകൾക്ക് ഉപയോഗിക്കുന്നു.

∙ ഫോട്ടോ ക്രോമാറ്റിക് ലെൻസുകൾ: പ്രകാശമുള്ള സമയത്ത് ഇത്തരം ലെൻസുകളിലുള്ള രാസവസ്തുക്കളുടെ പ്രഭാവം കൊണ്ടു ലെൻസ‍് ഇരുണ്ടു വരുന്നു.

∙ പൊളറൈസ്ഡ് ലെൻസുകൾ: പ്രകാശമുള്ളപ്പോൾ അധികദൂരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് നല്ലതാണ് ഈ ലെൻസുകൾ.

∙ ആന്റി റിഫ്ലക്ടീവ് കോട്ടിങ്: ഈ ആവരണം ഗ്ലാസ്സിന്റെ പ്രഭാവലയത്തെ കുറച്ചു പ്രകാശം കടത്തിവിട്ട് കൂടുതൽ വ്യക്തമായ കാഴ്ച നൽകുന്നു.

8. ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്ന ആൻറി ഗ്ലെയർ ഫോട്ടോക്രോമാറ്റിക് ആൻറിഗ്ലെയർ ലെൻസുകൾ ഇവയുടെ പ്രത്യേകതകൾ എന്തെല്ലാം?
ആന്റി റിഫ്ലക്ടിങ് കോട്ടിങ്ങും ആന്റി ഗ്ലെയർ കോ‌ട്ടിങ്ങും ഒരേ തത്വമാണ് ഉപയോഗിക്കുന്നത്. രാത്രികാലങ്ങളിൽ ആന്റി റിഫ്ലക്ടീവ് കോട്ടിങ് എതിരെ വരുന്ന വാഹനങ്ങളിൽ നിന്നുള്ള ഹെഡ് ലൈറ്റ്, തെരുവ‍ുവിളക്കുകൾ എന്നിവയിൽ നിന്നുള്ള ഗ്ലെയർ (അതിപ്രഭ) തടയുന്നു. പ്രകാശം തട്ട‍ുമ്പോൾ‌ നിറം കടുക്കുന്ന ഫോട്ടോക്രൊമാറ്റിക് ഒരുപോലെ അകത്തും പുറത്തും കണ്ണടകൾ ഉപയോഗിക്കുന്നവർക്ക് പ്രയോജനപ്രദമാണ്. അധികദൂരം വാഹനം ഒാടിക്കുന്നവർക്ക് പോളറൈസ്ഡ് ലെൻസുകളാണ് ഉത്തമം. ഇവ പ്രതിഫലനത്തിലെ പ്രകാശതീവ്രതയെ കുറയ്ക്കുന്നു.

9. കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?
കണ്ണിലെ കോർണിയയുടെ മുൻഭാഗത്തു നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഫിലിമാണ് കോണ്ടാക്റ്റ് ലെൻസുകൾ. ഇവ കാഴ്ച വൈകല്യങ്ങളെ പരിഹരിക്കുന്നു.

∙ കോൺടാക്റ്റ് ലെൻസുകൾ വയ്ക്കുന്നതിനു മുമ്പും ഉൗരിമാറ്റുന്നതിനു മുമ്പും കൈകൾ വൃത്തിയായി കഴുകുക.

∙ കോൺടാക്റ്റ് ലെൻസുകളും സൊല്യൂഷനിൽ കഴുകണം.

∙ കണ്ണുകളിൽ കോൺടാക്ട് ലെൻസുള്ളപ്പോൾ കണ്ണുകൾ തിരുമ്മാതിരിക്കുക.

∙ സൗന്ദര്യലേപനങ്ങളോ ഷേവിങ് ക്രീമുകളോ ഉപയോഗിക്കുന്നതിനു മുമ്പ് കോൺടാക്റ്റ് ലെൻസുകൾ നിക്ഷേപിക്കുക.

∙ മേക്കപ്പ് മാറ്റുന്നതിനു മുമ്പ് കോൺ‌ടാക്ട് ലെൻസുകൾ ഊരിമാറ്റുക.

10. കംപ്യൂട്ടർ ജോലി ആയാസരഹിതമാക്കാൻ ഗ്ലാസ്സുകളുടെ പ്രത്യകതകൾ എന്തെല്ലാം?
ലെൻസിന്റെ ഉപര‍ിതലത്തിൽ നിന്നുള്ള പ്രതിഫലനം കുറയ്ക്കാൻ ആന്റിറിഫ്ലക്ഷൻ കോട്ടിങ് സഹായിക്കുന്നു. കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് ഇത്തരം ലെൻസുകൾ പ്രയോജനപ്രദമാണ്. ലെൻസിന്റെ ഉപരിതലത്തിലൂടെ പ്രതിഫലനം നടക്കാതെ വരുമ്പോൾ സ്ക്ലീറ, കോർണിയ എന്നിവിടങ്ങളിൽ നിന്നു വരുന്ന പ്രതിഫലനവും കുറയുന്നു. ഇതു പരിസരങ്ങളുടെ വ്യക്തത കൂ‌ട്ടുന്നു.

പണ്ടുണ്ടായിരുന്ന ആന്റിറിഫ്ലക്ടിങ് കോട്ടിങ് പെട്ടെന്നു പോറൽ വീഴുന്നവയാണ്. എന്നാൽ പുത്രിയതരം കോട്ടിങ് പോറൽ തടയുന്നവയും പൊടിപടലങ്ങൾ, കൈപ്പാടുകൾ പതിയുക എന്നിവയെ തടയുന്നതുമാണ് ലെൻസിന്റെ ഹൈഡ്രോഫോബിക് സവിശേഷത ഉളളതാണു കാരണം.

11. ഹൈഡ്രോഫോബിക് കോട്ടിങ്ങിന്റെ ഗുണങ്ങൾ?
ഹൈഡ്രോഫോബിക് എന്നാൽ ജലത്തെ ഭയക്കുന്ന എന്നാണ് അർഥം. വെള്ളം ഇത്തരം ലെൻസിലൂടെ താഴേക്ക് ഒഴുകിപ്പോകുന്നു. മഴക്കാലത്ത് ഏറ്റവും അനുയോജ്യമായി ഉപയോഗിക്കാവുന്നയാണ് ഇത്തരം ലെൻസുകൾ. ഇവ ആന്റി–സ്റ്റാറ്റിക് ആണ്. അതായത് പൊട‍ിപടലങ്ങളോ വിരലടയാളങ്ങളോ ഇവയെ കൂടുതലായി ബാധിക്കാറില്ല. അതുകൊണ്ടു തന്നെ ഇവയുടെ വൃ‍ത്തിയാക്കൽ വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാം.

‌12. പോളറൈസ്ഡ് ലെൻസുകളുടെ പ്രത്യേകതകൾ?
പോളറൈസ്ഡ് ലെൻസുകൾ പ്രതിഫലന ഉപരിതലങ്ങളിൽ നിന്നും വരുന്ന പ്രഭാവലയത്തെ (ഗ്ലെയർ) കുറയ്ക്കുന്നു. ഇവ വളരെ ദൂരത്തേക്ക് തീവ്രപ്രകാശത്തിൽ യാത്ര ചെയ്യുന്നവരുടെ കണ്ണുകൾക്ക് കടച്ചിൽ സംഭവിക്കാനുള്ള സാധ്യതയെ കുറയ്ക്കുന്നു. ഇവ പരന്ന റേ‍ാഡിൽ നിന്നോ ജലത്തിൽ നിന്നോ ഉള്ള പ്രകാശ പ്രതിഫലനത്തെ കുറച്ച് സുഖപ്രദമായ കാഴ്ച നൽകുന്നു.

13. കുട്ടികൾക്കു പുതിയ കണ്ണട തിരഞ്ഞ‍െടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര‍്യങ്ങൾ?
∙ ലെൻസിന്റെ കട്ടി (Lens thick): കണ്ണടകളുടെ കുറിപ്പിനനുസരിച്ചാണു ലെൻസ‍് തിരഞ്ഞെടുക്ക‍േണ്ടത്. കട്ടികൂടിയ, കൂടിയ പവറോടുകൂടിയ ലെൻസ‍ുകളാണെങ്കിൽ ചെറിയ ഫ്രെയിമുകൾ തിരഞ്ഞെടുക്കുക. ലെൻസ് പിടിപ്പിക്കുമ്പോൾ കണ്ണടയ്ക്ക് അമിതഭാരം ഉണ്ടാക്കാതിരിക്കാനാണിത്. ചെറിയ ലെൻസുകളാകുമ്പോൾ ലെൻസുകൊണ്ടുണ്ടാകുന്ന അപഭ്രംശവും വ്യതിചലനങ്ങളും കുറവായിരിക്കും

∙ ശരിയായ തരത്തിലുള്ള ബ്രിഡ്ജ് ഫിറ്റ് (Bridgefit): കുട്ടികളുടെ മൂക്ക് പൂർണമായും വളരാത്ത സമയങ്ങളിൽ ഫ്രെയിം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ലോഹനിർമിത ഫ്രെയിമുകൾ പ്രത്യേകതരം നോസ്പാഡുകൾ ഉള്ളവയാണ്. ഫ്രെയിമിന്റെ പാലവും മൂക്കിന്റെ പാലവും തമ്മിൽ വിടവുണ്ടെങ്കിൽ ലെൻസിന്റെ ഭാരം കൂടുമ്പോൾ ഫ്രെയിം തെന്നിനീങ്ങാം. കണ്ണടകൾ ശരിയായി വച്ചില്ലെങ്കിൽ കുട്ടികൾ കണ്ണടയ്ക്കു മുകളിലൂ‌െട നോക്കും. ചിലപ്പോൾ സ്ഥിരമായി ഫ്രെയിമിനെ മുകളിലേക്ക് തള്ളിവയ്ക്കേണ്ടിവരാം.

∙ റൈറ്റ് ടെമ്പിൾ സ്റ്റൈൽ (കണ്ണടയുടെ കാല്): ചെവിയുടെ പുറകിൽ ചുറ്റിനിൽക്കുന്ന ടെമ്പിൾ കണ്ണടയെ കൃത്യസ്ഥലത്ത് നിലനിർത്തുകയും തെന്നിനീങ്ങാതെ തടയുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ ചരടുകൾ തലയ്ക്കും പിറകിലൂടെ കെട്ടാം.

∙ സ്പ്രിങ് ഹിൻജസ് : ഫ്രെയിമിനെ നിശ്ചിത സ്ഥാനത്തു നിലന‍ിർത്താൻ ഇവ ഉപയോഗിക്കുന്നു. കുട്ടികൾ കണ്ണ‌ട ഊരുമ്പോഴും വയ്ക്കുമ്പോഴും അധികശ്രദ്ധ ചെലുത്തുന്നില്ല. സ്പ്രിങ് ഹിൻജസ് ഉപയോഗിക്കുന്നതിലൂടെ ഇടയ്ക്കിടയ്ക്കുള്ള കണ്ണടകളുടെ ചെലവേറിയ നന്നാക്കലുകളും മറ്റും കുറയക്കാനാകും.

∙ ലെൻസിന്റെ നിർമാണപദാർഥം: പോളി കാർബണേറ്റ് പദാർഥം കൊണ്ടു നിർമിച്ചതാണ് ഉത്തമം. ഈ പദാർഥം കൂടുതൽ പ്രതിരോധശക്തിയുള്ളതും സുരക്ഷിതവുമാണ്. ഇവ പ്ലാസ്റ്റിക് ലെൻസുകളെ അപേക്ഷിച്ച് ഭാര‍ം കുറഞ്ഞതാണെങ്ക‍ിലും വില കൂടുതലാണ്. ഗ്ലാസ് ലെൻസുകൾ കുട്ടികൾക്കു നല്ലതല്ല. ഗ്ലാസ് ലെൻസ്പൊ‍ട്ടിയാൽ ചിന്നിച്ചിതറി കണ്ണിനു ക്ഷതമേൽക്കുന്നു. ഇവ ഭാരം കൂട‍ിയതും അസ്വസ്ഥത ഉളവാക്കുന്നവയുമാണ്. എപ്പോഴും ഒരു ജോഡി കണ്ണട കൂട‍ി കുട്ടികൾ കൈയിൽ കരുതുന്നതു നല്ലതാണ്.

14. കുട്ടികളിൽ കണ്ണട വയ്ക്ക‍േണ്ടി വരുന്ന സാഹചര്യങ്ങൾ ഏതെല്ലാം? കാഴ‍്ചശക്തി പരിശോധന എപ്പോഴാണു ചെയ്യേണ്ടത്?കാഴ്ചത്തകരാറുള്ള കുട്ടികളിൽ ദൂരെയുള്ള വസ്തുക്കളെ കാണാതിരിക്കുക, ബോർഡിൽ എഴ‍ുതിയതു വായിക്കാൻ പറ്റാതെ വരിക, കോങ്കണ്ണ്, വായ‍ിക്കാൻ ബുദ്ധിമുട്ട്, ടിവി യുടെ ഏറ്റവും അടുത്ത് പോയിരുന്നു കാണ‍ുക എന്ന‍ീ ലക്ഷണങ്ങൾ കണ്ടുവരുന്നു. കണ്ണടകൾ ഉപയോഗ‍ിക്കുന്ന കുട്ടികളുടെ കാഴ്ചയിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നു വർഷത്തിൽ ഒരിക്കൽ ഡോക്ടറെ കണ്ട് ഉറപ്പുവരുത്തേണ്ടതാണ്.

15. കണ്ണടകളുടെ ഉപയോഗവും വ്യത്തിയാക്കലും?
കണ്ണടകൾ ഉപയോഗിക്കാത്ത സമയത്ത് ബോക്സിൽ സൂക്ഷിച്ചാൽ പോറൽ (Scratch) വീഴാതെ സംരക്ഷിക്കാം.

∙ പരുപരുത്തതോ ദൃഢമോ ആയ പ്രതലത്തിൽ കണ്ണടകൾ വയ്ക്കരുത്.

∙ കണ്ണടകൾ വയ്ക്കുമ്പോഴും ഊരി മാറ്റുമ്പോഴും രണ്ടുകൈകളും ഉപയോഗിച്ചാൽ ഫ്രെയിം വളയാതിരിക്കും.

∙ കണ്ണടകൾ മറ്റുള്ളവർക്ക് പര‍ീക്ഷ‍ിക്കാൻ നൽകരുത്, കണ്ണടയുടെ ഘടനയിൽ മാറ്റങ്ങളോ പോറലോ ഉണ്ടാകാം.

∙ കൃത്യമായ രീതിയിൽ ഫ്രെയിമുകൾ വൃത്തിയാക്കുക. ചെറ‍ുചൂടുവെള്ളമോ ലെൻസ് ക്ലീനിങ് സൊല്യൂഷനോ ഉപയോഗിച്ചു ലെൻസ് തുടയ്ക്കുക. വരണ്ടിരിക്കുന്ന ലെൻസുകൾ തുടയ്ക്കാതിരിക്കുക. ഇവ പോറൽ സൃഷ്ടിക്കാം.

∙ എല്ലാ മൂന്നു മുതൽ നാലു മാസത്തിനുമിടയ്ക്ക് കണ്ണടകൾ ചെക്ക് ചെയ്യുക. സ്ക്രൂ അയഞ്ഞതോ മറ്റു പ്രശ്നങ്ങളോ പരിഹരിക്കാം. കണ്ണടകൾ പൊട്ടിയാൽ ഒപ്റ്റീഷ്യനെ കാണിക്കുക.

16. ഒാൺലൈൻ സൈറ്റുകളിൽ നിന്ന് കണ്ണടകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?
ഇന്നു കണ്ണടകളും ഒാൺലൈൻ വിപണിയിൽ‍ നിന്നു വാങ്ങാം. കണ്ണടകൾ ഒാൺ ലൈനിൽ വാങ്ങുന്നതിനു മുമ്പു ഡോക്ടറിന്റെ ഉപദേശം തേടണം. വളരെ ചെറിയ പവറുള്ള കണ്ണടകൾ ഇങ്ങനെ വാങ്ങുന്നതിനു പ്രശ്നമില്ല. എങ്കിലും കൂടിയ പവറുള്ള കണ്ണട ഈ രീതിയിൽ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഫിറ്റിങ് കൃത്യമായിരിക്കാൻ ഫ്രെയ‍ിമുകൾ മുഖത്തുവച്ചു നോക്കി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഒാൺലൈനിലൂടെ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കൃഷ്ണമണികൾ തമ്മിലുള്ള അകലം (Inter pupillary distance) അയച്ചുകൊടുക്കുക.

17. വിലയേറിയ കണ്ണടകളും വില കുറഞ്ഞ കണ്ണടകളും തമ്മിൽ ഗുണത്തിൽ കാര്യമായ വ്യത്യാസമുണ്ടോ?
കണ്ണടകൾ വാങ്ങുമ്പോൾ വ്യക്തിത്വത്തിനും സൗകര്യത്തിനും അനുസരിച്ചുള്ളതാണോ എന്ന് ഉറപ്പുവരുത്തുക. ഫ്രെയിമുകളുടെ വിലയ്ക്കനുസരിച്ച് കാഴ്ചയിൽ വ്യത്യാസം ഉണ്ടാകുന്നില്ല. വില കുറഞ്ഞ ഫ്രെയിമുകൾ പെട്ടെന്നു വളയുകയും നശിക്കുകയും ചെയ്യുന്നു. ലെൻസിന്റെ ഗുണം വളരെ പ്രധാനമാണ്. വില കുറഞ്ഞ ലെൻസുകൾക്കു കുറിപ്പിന് അനുസരിച്ചു കൃത്യത കാണില്ല. കുറ‍ഞ്ഞ ഗുണമുള്ള ലെൻസുകൾ അവ്യക്തമായ കാഴ്ചയും തലവേദനയും സൃഷ്ടിക്കുന്നു. ഫ്രെയിമുകൾ ചീത്തയാകുന്നതു വരെ ഉപയോഗിക്കാം. ഫ്രെയിം വളയുമ്പോഴും മറ്റും മാറ്റാം. സ്ഥിരമായി ഉപയോഗിക്കുന്ന ഫ്ര‍െയിമിൽ പുതിയ ലെൻസ് പിട‍ിപ്പിക്കാം. ഇതു സാമ്പത്തികത്തെയും സുരക്ഷിതമാക്കുന്നു. പ്ലാസ്റ്റിക് ഫ്രെയിമിനെ ചൂടാക്കിയാണ് അതിൽ ലെൻസ് പിടിപ്പിക്കുന്നത്. ഇത്തരം ഫ്രെയ‍ിമുകൾ വീണ്ടും ഉപയോഗിച്ചാൽ തകരാനുള്ള സാധ്യതയുണ്ട്.

ഡോ. ദേവിൻ പ്രഭാകർ
ഡയറക്ടർ ദിവ്യപ്രഭ െഎ ഹോസ്പിറ്റൽ തിരുവനന്തപുരം  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.