Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറിച്ചു നോട്ടം പെരുമാറ്റവൈകല്യമോ?

staring

തുറിച്ചു നോട്ടം എന്നത് ഒരു ശരീരഭാഷയാണ്. ഇരയെ കീഴ്പ്പെടുത്തുന്നതിന്റെ ഒരു വിനിമയമാണത്. അതിനാൽ തുറിച്ചു നോട്ടത്തിന് അക്രമത്തിന്റേതായ ഒരു തലമുണ്ട്. ആദ്യകാലം മുതലേ പുരുഷന്മാർ പരസ്പരം അങ്കം വെട്ടിയും കായിക വിനോദങ്ങളും സുകുമാര കലകളും പ്രദർശിപ്പിച്ചുമാണ് തങ്ങൾക്കിഷ്ടപ്പെട്ട ഇണകളെ സ്വന്തമാക്കിയിരുന്നത്. ഇണകളെ കഴിയുന്നത്ര സംഘടിപ്പിച്ച് സ്വന്തം ജനിതകം ലോകത്തു പരത്തണം എന്ന ജീവശാസ്ത്രപരമായ പ്രേരണയാണിതിന് പിന്നിൽ. എന്നാൽ ചിലർ തുറിച്ചു നോട്ടത്തിലൂടെയും അക്രമത്തിന്റേതായ ശരീര ഭാഷയിലൂടേയും ഇരകളെ പീഡിപ്പിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യാറുണ്ട്. അശക്തനായ ഇര അത്തരം പ്രവർത്തികളിൽ കീഴ്‌പ്പെടാം. ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന് സഹായകരമായ പരസ്പര ബഹുമാനത്തോടെയും അനുതാപം (Empathy)പ്രകടിപ്പിക്കുന്നതുമായ നോട്ടവും ശരീര ഭാഷയുമെല്ലാം ഏതൊരു സമൂഹവും പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ സമാധാനം പ്രകടിപ്പിക്കുന്ന ശാന്തമായ നോട്ടത്തിന് സാമൂഹികമായ പ്രാധാന്യമുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്യ്രത്തെ ഹനിക്കുന്ന തുറിച്ചു നോട്ടം പരിഷ്കൃത സമൂഹം ഒരു ക്രിമിനൽ കുറ്റമായിത്തന്നെ കണ്ട് ശിക്ഷിക്കുന്നു.

തുറിച്ചു നോട്ടവും വ്യക്തിത്വ വൈകല്യങ്ങളും
തുറിച്ചു നോട്ടം വ്യക്തിത്വ വൈകല്യമുള്ളവരിൽ കാണാം. വിചിത്രങ്ങളായ സ്വഭാവങ്ങളും അതിവൈകാരികതയും നാടകീയതയുമെല്ലാം വ്യക്തിത്വ വൈകല്യമുള്ളവരുടെ പൊതുവായ ലക്ഷണങ്ങളാണ്. പാരനോയിഡ് വ്യക്തിത്വ വൈകല്യമുള്ളവർ (paranoid personality disorder) സംശയ സ്വഭാവം പ്രകടിപ്പിക്കുന്നു. തനിക്ക് അമിതപ്രാധാന്യം കൽപ്പിക്കുന്ന ഇത്തരക്കാർ ചിലരെ സംശയ ദൃഷ്ടിയോടെ തുറിച്ചുനോക്കാറുണ്ട്.

ഹിസ്ട്രിയോണിക് വ്യക്തിത്വവൈകല്യമുള്ളവർ ( Hisstrionic Personality Disorder) മറ്റുള്ളവരിൽനിന്ന് ശ്രദ്ധ പ്രതീക്ഷിച്ച് പെരുമാറുന്നു. അനുചിതമായ വശീകരണ സ്വഭാവം പ്രകടിപ്പിക്കുന്ന ഇവർ തങ്ങൾക്കിഷ്ടപ്പെട്ടവരെ കണ്ടാൽ തുറിച്ചു നോക്കാം. പെരുമാറ്റത്തിൽ നാടകീയതയും എന്തുപറഞ്ഞാലും അത് ചിന്തിക്കാതെ ചെയ്യാനുള്ള പ്രവണതയും ഇവരിൽ കാണാം.

സാമൂഹിക വിരുദ്ധ വ്യക്തിത്വവൈകല്യമുള്ളവർ (Anti-social Personality Disorder) മിക്കവരോടും അമിത ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. ഇത്തരക്കാർ മറ്റുള്ളവരെ ക്രൂരമായി നോക്കാറുണ്ട്. അമിതമായ ലൈംഗിക ആവേശം ഉള്ളവരും രതിജന്യ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലെ വൈകല്യങ്ങൾ ഉള്ളവരും (Paraphilias) സ്വജന മര്യാദകൾക്ക് നിരക്കാത്ത ശരീര ഭാഷ പ്രകടിപ്പിക്കാറുണ്ട്. അടിവസ്ത്രങ്ങൾ, ഷൂസ് തുടങ്ങി അചേതന വസ്തുക്കളെയും (Fetishism) കുട്ടികളെയും (Pedophilia) മൃത ശരീരത്തെയും (Necrophilia) മൃഗങ്ങളെയുമൊക്കെ (Bestiality) ലൈംഗിക ഉത്തേജനത്തിനായി തിരഞ്ഞെടുക്കുന്നവർ, ലൈംഗിക അവയവങ്ങൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുന്നവർ (Exsibitionalism) മറ്റുള്ളവരുടെ ശരീര ഭാഗങ്ങളും അവർ ഇണ ചേരുന്നതും മറ്റും ഒളിഞ്ഞു നോക്കുന്നവർ (Voyeurism) ലൈംഗിക പങ്കാളിയിൽ നിന്ന് ശാരീരിക പീഡനം ഏറ്റുവാങ്ങി ആനന്ദിക്കുന്നവർ (Masochism) മറ്റു വ്യക്തികളുടെ മേൽ തന്റെ ശരീരം ഉരസി (Frotteurism) ലൈംഗിക ആനന്ദം അനുഭവിക്കുന്നവർ പങ്കാളിയെ ഉപദ്രവിച്ച് (Sadism) ആനന്ദിക്കുന്നവരുമൊക്ക തുറിച്ചു നോട്ടവും അസാധരണമായ ഭാവാധികളും പ്രകടിപ്പിക്കാറുണ്ട് അമിത ലൈംഗികതയുള്ള സ്ത്രീ (Nymphomaniac) അമിത ലൈംഗികതയുള്ള പുരുഷൻ (Satyriasis) വികാരങ്ങളുടെ നിയന്ത്രണം നഷ്ടപെടുന്നതിനെ തുടർന്ന്‌ മര്യാദയില്ലാത്ത ശരീര ഭാഷ പ്രകടിപ്പിക്കുന്നു. അസാധരണമായി നോക്കുന്നു.

മലയാളി പരുഷന്മാരുടെ തുറിച്ചു നോട്ടത്തിന്റെ അടിവേരുകൾ
കേരളത്തിലെ പുരുഷന്മാർ സ്ത്രീകളെ കളിയാക്കി വിളിക്കാറുണ്ട് അവൾ ഒരു ചരക്കാണെന്ന്. ചരക്ക് ഒരു ജഡ വസ്തുവാണ്. അതിനൊരു പ്രത്യേകമായ ചിന്തയോ അഭിപ്രായമോ ഇല്ല. ചരക്ക് വിൽക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ തോന്നിയതുപോലെ ഉപയോഗിക്കപ്പെടുകയോ ചെയ്യാം. ഒരു ചരക്ക് അത് നല്ലതാണോ എന്നു പരിശോധിക്കുന്ന മനോഭാവത്തോടെ മലയാളി പുരുഷന്മാർ സ്ത്രീകളെ നോക്കുന്നു. പുരുഷന്മാർ പൊതു സ്ഥലത്തുവച്ചും ബസിനുള്ളിൽവച്ചും സാധ്യമാകുന്ന ഇടത്തൊക്കെവച്ചും തുറിച്ചു നോക്കി പീഡിപ്പിക്കുന്നുണ്ട് .

മൃഗങ്ങളെ പോലെ ലൈംഗിക തൃഷ്ണ പ്രകടിപ്പിക്കാൻ പലരും തയാറാകുന്നു. ലൈംഗികതയെക്കുറിച്ചുള്ള മലയാളികളുടെ കാഴ്ചപ്പാട് ആരോഗ്യകരമല്ല. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശ ബോധമോ മലയാളിക്ക് ഇല്ല. മലയാളിയുടെ സദാചാര ബോധം രഹസ്യമായി എന്തുമാകാം എന്നുള്ളതുള്ളതാണ്.

ഒന്നാം ക്ലാസ് മുതൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ടുഭാഗത്തു ഇരുത്തി പഠിപ്പിക്കുന്നു. രണ്ടു വ്യത്യസ്ത ലിംഗവിഭാഗങ്ങളെ എത്രത്തോളം അകറ്റി നിർത്താമോ അത്രത്തോളം അകറ്റി നിർത്തുന്ന സദാചാരമാണ് സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നുന്നത്. സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് പലതരത്തിൽപ്പെട്ട അടിച്ചമർത്തൽ ഉണ്ടാവുകയും അതേസമയം ഇതിന്റെ ദുഷിച്ച കച്ചവടം മറ്റൊരു സാഹചര്യത്തിലൂടെ അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ വലിയ ആശയകുഴപ്പം ഉണ്ടാക്കും. കൗമാര പ്രായക്കാരിലും, പ്രത്യേകിച്ചു പാടില്ല എന്ന് പറയുന്നതിലേക്ക് സ്വാഭാവികമായും ആകർഷണം കൂടും.

മനുഷ്യരുടെ ലൈംഗിക വാസനയെ ആക്രമണ തലത്തിലേക്ക് ഉയർത്തി ലൈംഗികത മോശമാണെന്ന് അവരെ ബോധിപ്പിച്ചു ലൈംഗികതയെകുറിച്ചു തെറ്റായ വിവരങ്ങൾ നൽകി ലൈംഗിക വൈകൃതങ്ങൾക്കും അരാജകത്വത്തിനും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അത് നടമാടുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും ചെയുന്ന ഇരട്ടത്താപ്പാണ് കേരളീയ മനസുകൾക്കുള്ളത്.

ജൻഡർ സെൻസിബിലിറ്റി (Gender sensibility)
സ്ത്രീകളുമായി ആശയ വിനിമയം നടത്തുമ്പോൾ പുരുഷന്മാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജൻഡർ സെൻസിബിലിറ്റി (Gender Sesnsibility) പ്രകടിപ്പിക്കണം. ജൻഡർ സെൻസിറ്റിറ്റീഷൻ (Gendersensititation)വളർത്തിയെടുക്കണം. സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാവുകയും ഈ വിവേചനങ്ങൾ സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് മനസിലാക്കുകയുമാണ് വേണ്ടത്. സ്ത്രീ പുരുഷ തുല്യതക്ക് വേണ്ടിയുള്ള ബോധവൽക്കരണത്തിന്റെ മേഖലയാണിത്.

സ്ത്രീ പുരുഷ ലിംഗ വ്യത്യാസം (Sexual difference)ശാരീരികമായ ഒന്നാണ്. ജീവശാസ്ത്ര ലിംഗ വ്യത്യാസത്തെ സാമൂഹിക പദവിയിലുള്ള വ്യത്യാസമായി കണക്കാക്കപ്പെട്ട അവസ്ഥയെ ലിംഗ പദവി(Gender) എന്നുവിളിക്കുന്നു. ജീവശാസ്ത്രപരമായ വ്യത്യാസം മാറ്റത്തിന് വിധേയമല്ല. ലിംഗ പദവി സൃഷ്ടിക്കപ്പെട്ടതായതുകൊണ്ട് അതു മാറ്റത്തിന് വിധേയമാണ്.

ആശയ വിനിമയത്തിൽ ശരീര ഭാഷക്കാണ് മുഖ്യ സ്ഥാനം. രണ്ടാം സ്ഥാനം വാക്കുകളിൽ അടങ്ങിയിരിക്കുന്ന വൈകാരിക ഭാവത്തിനാണ്. അടുത്ത സ്ഥാനം വാക്കുകളുടെ അർത്ഥത്തിനാണ്. തുറിച്ചു നോട്ടം, ഉരുളക്കുപ്പേരി എന്ന പോലുള്ള മറുപടി, കൈ ചൂണ്ടി സംസാരിക്കൽ, പുച്ഛത്തോടെയുള്ള മുഖഭാവം പ്രകടിപ്പിക്കൽ, വിലക്കുകളും ആജ്ഞകളും പ്രകടിപ്പിക്കൽ എന്നിവയെല്ലാം വെറുപ്പ് ഏറ്റുവാങ്ങാൻ മാത്രമാണ് ഉപകരിക്കുക .

പലതരത്തിൽ ആശയവിനിമയം നടത്താവുന്ന ഒരു അവയവമാണ് കണ്ണ്. നോക്കുന്നു എന്നതല്ല പ്രശനം. അപ്പുറത്ത് നിൽക്കുന്ന ആൾക്ക് അസ്വസ്ഥത ഉളവാക്കുന്നതോ ബുദ്ധിമുട്ട് ഉളവാക്കുന്നതോ ആയ നോട്ടങ്ങളാണ് പ്രശ്നം. ഇത് സ്ത്രീയുടെ മാത്രം പ്രശ്നമല്ല. മൃഗം ഇരയെ നോക്കുന്നത് പോലെയുള്ള നോട്ടം കുറ്റകരം തന്നെയാണ്. അത് 14 സെക്കന്റ് എന്നല്ല ഒരു സെക്കന്റ് ആയാലും.

എത്രനേരം നോക്കുന്നു എന്നതിൽ കാര്യമില്ല. പരസ്പരം ഇഷ്ടപ്പെടുന്നവർ എത്ര നോക്കിയാലും അതൊരു പ്രശ്നമായി പറയാറില്ല. ഒരു നോട്ടത്തിൽ എന്താണ് വിനിമയം ചെയുന്നുവെന്നതാണ് പ്രാധാന്യമർഹിക്കുന്നത്. മറ്റുള്ളവരിൽ ആത്മവിശ്വാസം ഉണർത്തുന്ന പരസ്പരബഹുമാനവും പുലർത്തുന്ന ഊഷ്മളമായ ഒരു നോട്ടം– അതാണ് വേണ്ടത്.

ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
സോഫ്റ്റ് മൈൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ