Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സർക്കാരിന്റെ കീഴിൽ എയർ ആംബുലൻസ് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി

heart നീലകണ്ഠശർമയുടെ ഹൃദയം എയർ ആംബുലൻസിലേക്ക് കയറ്റുന്നു

തിരുവനന്തപുരം∙ സംസ്ഥാനത്ത് സർക്കാർ സംവിധാനത്തിൽ എയർ ആംബുലൻസ് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ശ്രീചിത്ര ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശർമയുടെ ഹൃദയം പുറത്തെടുത്ത് ഇന്ത്യൻ നാവികസേനയുടെ ഡോണിയർ വിമാനത്തിന്റെ സഹായത്തോടെ കൊച്ചിയിലെ രോഗിക്ക് എത്തിച്ചിരുന്നു.

ഹൃദയം റോഡ് മാർഗം കൊച്ചിയിലെത്തിക്കുന്നതിലെ അപ്രായോഗികത കൊച്ചി ആശുപത്രി അധികൃതർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചതിനെ തുടർന്നാണ് എയർ ആംബുലൻസിനു സർക്കാർ ശ്രമം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ അഭ്യർഥനയെ തുടർന്നു വിമാനം വിട്ടുനിൽകാൻ നാവികസേന തയാറാകുകയായിരുന്നു. ഈ സംവിധാനം തുടർന്നും ലഭ്യമാക്കുന്നതിനാണ് സർക്കാരിന്റെ തീരുമാനം.

1185 പേരാണ് കേരളത്തിൽ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ റജിസ്റ്റർ ചെയ്തവരുടെ കണക്കാണിത്. ഏറ്റവും കൂടുതൽ പേർ വൃക്ക മാറ്റിവയ്ക്കാനാണ് അപേക്ഷ നൽകിയിട്ടുള്ളത് - 108 പേർ. 152 പേർ കരൾ മാറ്റത്തിനും ആറുപേർ ഹൃദയമാറ്റത്തിനും കാത്തിരിക്കുന്നു. രണ്ടവയവങ്ങൾ ഒന്നിച്ചുമാറ്റിവയ്ക്കേണ്ട എട്ടുരോഗികളുണ്ട്. ചെറുകുടൽ മാറ്റിവയ്ക്കേണ്ട ഒരു രോഗിയും പട്ടികയിലുണ്ട്.