Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകുത്തു കൊടുത്തത് പ്രാണകോശം; പുണ്യനിയോഗമായി ഒരു കണ്ടുമുട്ടൽ

praveen-sivaraman മൂലകോശങ്ങൾ സ്വീകരിച്ച കോഴിക്കോട് സ്വദേശി കെ.വി.ശിവരാമകൃഷ്ണനും ദാനം ചെയ്ത അഹമ്മദാബാദ് സ്വദേശി പ്രവീണ്‍കുമാർ പട്ടേലും കൊച്ചിയിൽ കണ്ടുമുട്ടിയപ്പോൾ. ചിത്രം: റോബർട്ട് വിനോദ്

ശിവരാമകൃഷ്ണൻ ഇന്നലെയാണു പ്രവീൺ കുമാർ പട്ടേലിനെ കാണുന്നതും പരിചയപ്പെടുന്നതും. എന്നാൽ അവർ പരസ്പരം അടുത്തിട്ട് രണ്ടു വർഷമായി. കോഴിക്കോടു സ്വദേശിയായ കെ.വി.ശിവരാമകൃഷ്ണനെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചെത്തിച്ച മൂലകോശങ്ങൾ ദാനം ചെയ്തതു അഹമ്മദാബാദ് സ്വദേശിയായ പ്രവീൺ കുമാർ പട്ടേലായിരുന്നു. 2014 ജൂലൈ ഒന്നിനു ശിവരാമകൃഷ്ണനു മൂലകോശങ്ങൾ മാറ്റിവച്ചിരുന്നു. പൂർണസുഖം പ്രാപിച്ച ശിവരാമകൃഷ്ണനും പ്രവീൺകുമാറും ആദ്യമായി കണ്ടു മുട്ടുകയായിരുന്നു ഇന്നലെ. മൂലകോശ ദാനത്തിനു നേതൃത്വം സന്നദ്ധ സംഘടനയായ ദാത്രിയുടെ നേതൃത്വത്തിലായിരുന്നു ഇരുകുടുംബങ്ങളും പങ്കെടുത്ത കൂടിക്കാഴ്ച.
ആദ്യമായാണു കേരളത്തിൽ ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതെന്നു ദാത്രി കേരള കോഓർഡിനേറ്റർ എബി സാം ജോൺ പറഞ്ഞു.

പ്രവീൺ കുമാർ പട്ടേലാണു തനിക്കു മൂലകോശങ്ങൾ ദാനം ചെയ്തതെന്നു കാണുന്നതു വരെ അറിയില്ലായിരുന്നെന്നു ശിവരാമകൃഷ്ണൻ പറയുന്നു. വാക്കുകൾ കൊണ്ടു പറയാൻ സാധിക്കാത്തത്ര വികാരങ്ങൾ മനസിലേക്കെത്തി. ഒരു പാടു ദൈവങ്ങളെ കണ്ട നാളുകളായിരുന്നു കടന്നു പോയത്. എല്ലാത്തിലും കൗതുകകരം ഒ പോസിറ്റീവ് ആയിരുന്ന രക്തഗ്രൂപ്പ് ബി പോസിറ്റീവായി മാറി, നിറഞ്ഞ ചിരിയോടെ ശിവരാമകൃഷ്ണൻ പറയുമ്പോൾ ചെറുചിരിയുമായി പ്രവീൺകുമാർ പട്ടേലും ഒപ്പം കൂടി. ഇപ്പോൾ ഒരു ടെൻഷനും ബാധിക്കുന്നില്ല. ബിസിനസുകാരനായ ശിവരാമകൃഷ്ണൻ പറഞ്ഞപ്പോൾ പ്രവീൺകുമാറിനും സന്തോഷം. മൂലകോശ ദാനത്തെക്കുറിച്ചു കൂടൂതൽ അവബോധം ആളുകളിൽ എത്തണമെന്നും ശിവരാമകൃഷ്ണൻ പറയുന്നു. ഒരു ജീവൻ രക്ഷിക്കാനുള്ള അവസരം നൽകിയതിനു ദൈവത്തോടു നന്ദിപറയുകയാണെന്നു പ്രവീൺകുമാർ പറയുന്നു. അഹമ്മദാബാദിൽ ബിസിനസുകാരനാണ് അദ്ദേഹം. ആദ്യമായാണു ശിവരാമകൃഷ്ണനെ കാണുന്നത്. ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014 ജനുവരിയിലാണു കോഴിക്കോട് മലാപ്പറമ്പ് ശ്രീശങ്കരത്തിൽ കെ.വി.ശിവരാമകൃഷ്ണനു ബ്ലഡ് കാൻസർ കണ്ടെത്തുന്നത്. മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം സ്ഥിരീകരിച്ച ശിവരാമകൃഷ്ണനു ബോൺ മാരോ ട്രാൻസ്ഫറും കിമോ തെറപ്പിയുമാണു ഡോക്ടർമാർ നിർദേശിച്ചത്. തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി അസിസ്റ്റന്റ് പ്രഫസർ ഡോ. നീരജ് സിദ്ധാർഥന്റെ കീഴിൽ ചികിൽസ ആരംഭിച്ചു. കുടുംബത്തിൽ നിന്നു സാമ്യം ലഭിക്കാത്തതിനാൽ മൂലകോശങ്ങൾക്കായി ചെന്നൈ ആസ്ഥാനമായ ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണേഴ്സ് റജിസ്ട്രിയിൽ പേരു നൽകുകയും ചെയ്തു.

2012ൽ ദാത്രി നടത്തിയ ഡോണേഴ്സ് റജിസ്ട്രി ക്യാംപിൽ പേരു റജിസ്റ്റർ ചെയ്ത പ്രവീൺകുമാറിനെ അങ്ങനെയാണു കണ്ടെത്തിയത്. 2014 ജൂലൈ ഒന്നിനു മൂലകോശങ്ങൾ മാറ്റിവച്ചു. രണ്ടു വർഷം കൊണ്ടു പൂർണ ആരോഗ്യവാനായി ശിവരാമകൃഷ്ണൻ മാറി. തുടർന്നാണ് ഇങ്ങനൊരു കൂടിക്കാഴ്ചയെക്കുറിച്ചു ചിന്തിച്ചത്.

കൊച്ചി റേഞ്ച് ഐജി എസ്.ശ്രീജിത്ത്, ഡോ. നീരജ് സിദ്ധാർഥൻ, അമൃത ആശുപത്രി ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിെല ഡോ. വീണ ഷേണായി, എബി സാം ജോൺ, ബ്ലഡ് ഡോണേഴ്സ് കേരള എറണാകുളം പ്രവർത്തകരായ ജിഷ്ണു രാജ്, സ്വാദിൻ സന്തോഷ്, വിനു നായർ തുടങ്ങിയവർ പ്രസംഗിച്ചു. ശിവരാമകൃഷ്ണന്റെയും പ്രവീൺകുമാറിന്റെയും കുടുംബാംഗങ്ങളും ഒത്തുചേരലിൽ പങ്കെടുക്കാനെത്തിയിരുന്നു.

മാരക രക്തജന്യ രോഗമുള്ളവർക്കു ജനിതക സാമ്യമുള്ള മൂലകോശ ദാതാവിനെ കണ്ടെത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ 2009ൽ ആരംഭിച്ചതാണു ദാത്രി ബ്ലഡ് ഡോണേഴ്സ് റജിസ്ട്രിയെന്നു കോ ഫൗണ്ടറും സിഇഒയുമായ രഘു രാജഗോപാൽ പറഞ്ഞു. രഘുരാജഗോപാൽ, ഡോ.നെസീഹ് സെറബ്, ഡോ.യൂ സുങ് യാങ് എന്നിവർ ചേർന്നാണു ദാത്രിക്കു തുടക്കമിട്ടത്. ഇതുവരെ 187 മൂലകോശ ദാനങ്ങൾ നടത്തിയിട്ടുള്ള ദാത്രിയിൽ 140015 അംഗങ്ങളുണ്ട്. 29404 അംഗങ്ങൾ കേരളത്തിൽ നിന്നാണെന്നും രഘു രാജഗോപാൽ പറഞ്ഞു.