Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയറിന്റെ പ്രശ്നങ്ങൾ തടയാം ഒപ്പം രോഗങ്ങളും

stomach-problem

ഇന്നത്തെക്കാലത്ത് നമ്മൾ പലരുടേയും ദിവസം ആരംഭിക്കുന്നതു തന്നെ വയറ്റിൽ കൈവച്ച‍ു കൊണ്ടാണെന്നു പറയേണ്ടിവരും. അത്ര മാത്രം വ്യാപകവും രൂക്ഷവുമാണ് വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വസ്ഥതകളും രോഗങ്ങളും. ലോകജനസംഖ്യയിൽ ഏതാണ്ട് മൂന്നിലൊന്നാള‍ുകൾക്കും ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടെന്നാണു കണക്ക്. വയറുവീർപ്പ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, വയറുവേദന, മലബന്ധം എന്നിങ്ങനെ പോകുന്നു അവരിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ. ഈ പ്രശ്നങ്ങൾ പ്രമേഹം പോലുള്ള രോഗാവസ്ഥകൾക്ക് ഇടയാക്കുകയും പൊതുവായ ആരോഗ്യനിലയെ ബാധിക്കുകയും ചെയ്യാമെന്നതിനാൽ മാരകരോഗങ്ങളേക്കാൾ ആളുകൾ ഇവയെ ഭയപ്പെടുന്നു. ഇത്തരം ലക്ഷണങ്ങളുടെ അടിസ്ഥാനകാരണം തിരഞ്ഞ‍ുപോയാൽ ഭൂരിഭാഗം പേരിലും ദഹനേന്ദ്രിയവ്യവസ്ഥ (Gastro intestinal tract) യുമായി ബന്ധപ്പെട്ട ഘടനാപരമായ തകരാറുകളോ പ്രവർത്തന ക്ഷമതയില്ലായ്മയോ കാണാറില്ല. പകരം പ്രതിയാകുന്നത് അന്നന്നു കഴിച്ച ആഹാരപദാർഥങ്ങളാകും .
വയറിലെ പ്രശ്നത്തിനു ഭക്ഷണപ്ലേറ്റിലേക്കു കൂടി നോക്കണമെന്നു സാരം. ആയുർവേദം ഇതു പണ്ടേ പറഞ്ഞിട്ടുണ്ട്. ദഹന–കുടൽവ്യവസ്ഥയുടെ ആരോഗ്യവും ഭക്ഷണവും തമ്മിൽ ബന്ധമുണ്ടെന്നതിന് ആധുനികവൈദ്യവും അടിവരയിട്ടു കഴിഞ്ഞു. ലോകഗ്യാസ്ട്രോ എന്ററോളജി അസോസിയേഷന്റെ 2016–ലെ പ്രചരണ വിഷയം തന്നെ ഭക്ഷണവും കുടലിന്റെ ആരോഗ്യവും എന്നതാണ്. എങ്ങനെയാണ് ഭക്ഷണം ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ടാക്കുന്നത് എന്നാദ്യം നോക്കാം.

കുടലിന്റെ അനാരോഗ്യം
എന്താണ് ആരോഗ്യമുള്ള കുടൽ എന്നതിനു കൃത്യമായ ഒരുത്തരം നൽകുക എളുപ്പമല്ല. എങ്കിലും അതിനു ചില പ്രത്യേകതകൾ ഉണ്ടായിരിക്കുമെന്നു പറയാം. സൗഹൃദകാരികളായ സൂക്ഷ്മാണുക്കൾ ആവശ്യത്തിന് ഉണ്ടായിരിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങളെ യഥാവിധി ആഗിരണം ചെയ്യും, യാതൊരു അസ്വസ്ഥതയും വേദനയും ഉളവാക്കാതെ. വിസർജനപ്രക്രിയയും കൃത്യമായി നടത്തും. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ നമ്മളിൽ പലരുടേയും കാര്യത്തിൽ ഇതൊന്നും ശരിയായി നടക്കുന്നില്ല. അനാരോഗ്യകരവുമായ ഭക്ഷണം, വൈറസ് ബാധകൾ, കഫീന്റെയും മദ്യത്തിന്റെയും അമിത ഉപയോഗം, ഭക്ഷണശുചിത്വമില്ലായ്മ, ആന്റിബയോട്ടിക്ക് ദുരുപയോഗം എന്നിവയൊക്കെ കുടലിന്റെ ആരോഗ്യം ക്ഷയിപ്പിക്കാം.

പുളിച്ചുതികട്ടലും ഭക്ഷണവും
അടുക്കളയിൽ നിന്നു ഹോട്ടലുകളിലേക്കുള്ള ചുവടുമാറ്റമാണ് നമ്മുടെ ഭക്ഷണസംസ്കാരത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ്. അതിനു നമ്മൾ കൊടുക്കുന്ന വിലയാണ് അസിഡിറ്റിയും ഡിസ്പെപ്സിയയും പോലുള്ള പ്രശ്നങ്ങൾ. സംസ്കരിച്ച ഭക്ഷണങ്ങൾ, അമിത എണ്ണയും കൊഴുപ്പും മസാലയും, അജിനോമോട്ടോയും കൃത്രിമ നിറങ്ങളും പോലുള്ള ദോഷകാരികളായ ഘടകങ്ങൾ, വറുത്തതും പൊരിച്ചതുമായ മാംസം ഇവയെല്ലാം പതിവായാൽ ക‍ുടലിന് അസ്വസ്ഥതയുണ്ടാകും. പുളിച്ചുതികിട്ടൽ , ഏമ്പക്കം, നെഞ്ചെരിച്ചി‌ൽ, വയറിന്റെ മുകൾഭാഗത്ത് അസ്വാസ്ഥ്യങ്ങൾ എന്നീ ലക്ഷണങ്ങളോടെ വരുന്ന ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് എന്ന ഗർഡിന്റെ പ്രധാനകാരണം ഇത്തരം ഭക്ഷണശീലങ്ങളാണ്. ഇത്തരം ഭക്ഷണങ്ങൾ അന്നനാളത്തെയും ആമാശയത്തെയും വേർതിരിക്കുന്ന വാൽവിന്റ‍െ പ്രവർത്തനത്തെ താളംതെറ്റിക്കും. വീടുകളിലാണെങ്കിൽ നമ്മൾ കൃത്യസമയത്തു തന്നെ കഴിക്കും. ഇനി അത്ര കൃത്യനിഷ്ഠയില്ലെങ്കിലും വിശന്നുതുടങ്ങുമ്പോഴെങ്കിലും കഴിക്കും. എല്ലാവരും സന്തോഷത്തോടെയിരുന്ന് ആവശ്യത്തിന് സമയമെടുത്ത് ചവച്ചരച്ചാണ് കഴിക്കുക. ഹോട്ടലുകളിൽ പോയി കഴിക്കുമ്പോഴോ? വിശപ്പോടെ ചെന്നിരുന്ന് ഏറെ സമയം കഴിഞ്ഞാവും ഭക്ഷണം ലഭിക്കുക. ചിലപ്പോൾ രുചിയുണ്ടാകില്ല, തിരക്കാണെങ്കിൽ വേഗം കഴിച്ചെഴുന്നേൽക്കുകയും വേണം. ഈ ശീലങ്ങൾ ദഹനവ്യവസ്ഥയ്ക്ക് അമിതായാസമുണ്ടാക്കും.

ശുചിത്വമില്ലായ്മ
ഭക്ഷണവുമായി ബന്ധപ്പെട്ട ശുചിത്വമാണ് മറ്റൊരു പ്രധാനഘടകം. ആമാശയ അൾസറിനു പ്രധാനകാരണം ഹെലിക്കോബാക്ടർ പൈലോറി എന്ന ബാക്ടീരിയ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഹാരത്തിലൂടെയും ജലത്തിലൂടെയുമാണ് മുഖ്യമായും ഈ ബാക്ടീരിയ പകരുന്നത്. ഭക്ഷണം പാചകം ചെയ്യുന്നവരും കഴിക്കുന്നവരും ഒരുപോലെ ശുച‍ിത്വം പാലിച്ചാൽ ഇതിന്റെ വ്യാപനം തടയാം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുന്നതു നല്ലതാണ്.

ഇൻടോളറൻസും അലർജിയും
ഏതെങ്ക‍ിലും പ്രത്യേകഭക്ഷണത്തോടുള്ള അസാധാരണമായ അസഹിഷ്ണതയാണു ഫൂഡ് ഇൻടോളറൻസ്. ലാക്ടോസ് എന്നത് പാലിലടങ്ങിയിരിക്കുന്ന അന്നജമാണ്. ഇത് ദഹിക്കണമെങ്കിൽ ലാക്ടേസ് എന്ന എൻസൈം കൂടിയേതീരൂ. പ്രായപൂർത്തിയായ ചിലരിൽ ഇതു കുറവായിരിക്കും. ഇങ്ങനെയുള്ളവർ പാലോ പാൽ ഉൽപന്നങ്ങളോ കഴിച്ചാൽ വയറുവീർക്കൽ, വയറിളക്കം, വയറ്റിൽ ഉരുണ്ടുകയറ്റം എന്നിവയൊക്കെ വരാം. എൻസൈം അടങ്ങിയ ഗുളികകൾ കഴിക്കേണ്ടിവരും. ലാക്ടോസ് അളവു കുറഞ്ഞ ആട്ടിൻപാൽ പോലുള്ളവ ഉപയോഗിക്കുകയുമാവാം.

ഫൂഡ് ഇൻടോളറൻസും ഫൂഡ് അലർജിയും തമ്മിൽ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഏതെങ്കിലും പ്രത്യേകഭക്ഷണങ്ങളിലെ പ്രോട്ടീനോടുള്ള പ്രതിരോധവ്യവസ്ഥയുടെ പ്രതികൂലമായ പ്രതികരണമാണ് ഭക്ഷണ അലർജി. അലർ‍ജിയുള്ളവരിൽ അതിനു കാരണമാകുന്ന ഭക്ഷണം കുടലിലെത്തുന്നതോടെ ഹിസ്റ്റമിനുകൾ പുറപ്പെടുവിക്കപ്പെടും. തുടർന്ന് ശ്വാസമെടുക്കാൻ പ്രയാസമനുഭവപ്പടുന്നതോടൊപ്പം തലചുറ്റൽ, ഛർദി, വയറുവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും പ്രകടമാകും. ചുണ്ടും നാവും തടിച്ചുവീർക്കുകയും ചെയ്യാം. കക്കയിറച്ചി, ചെമ്മീൻ, പീനട്സ്, ഗോതമ്പ് എന്നിവയൊക്കെ അലർജിയുണ്ടാക്കാം.

സീലിയാക് രോഗം
ഗോതമ്പിലെ ഗ്ലൂട്ടൻ എന്ന മാംസ്യത്തോടുള്ള അലർജിക്ക് സീലിയാക് ഡിസീസ് എന്നു പറയും. ഇപ്പോൾ ഇന്ത്യയിലും വ്യാപകമാണിത്. ഗോതമ്പിലെ ഗ്ലൂട്ടൻ ചെറുകുടലിന്റ‍െ ആവരണത്തെ കേടുവരുത്തുന്നതിനാൽ പോഷകങ്ങളുടെ ആഗിരണം കുറയുന്നു. ഗ്ലൂട്ടനടങ്ങിയ ഭക്ഷണം കഴിച്ചാൽ വയറിളക്കം, വയറുവേദന, ഗ്യാസ് നിറഞ്ഞതായി തോന്നുക, ചർമത്തിൽ ചൊറിഞ്ഞുതടിക്കൽ, വായിൽ വ്രണങ്ങൾ എന്നിവ വരാം.

ഒ‌ൗഷധഭക്ഷണങ്ങൾ
ഉദരരോഗങ്ങൾ പരിഹരിക്കാൻ ഭക്ഷണം തന്നെ ഒൗഷധമാകുന്ന രീതിയിൽ മാറ്റിയെഴുതലുകൾ വേണം.

∙ ദോഷകാരിയായ ഭക്ഷണം നീക്കുക. പ്രശ്നങ്ങളുണ്ടക്കുന്ന ഭക്ഷണങ്ങൾ കണ്ടെത്തി ഒഴിവാക്കുക. ഉദാഹരണത്തിന് കഫീൻ, മദ്യപാനം, സംസ്കരിച്ച ഭക്ഷണം, അധികം മസാലയും എരിവും എന്നിവയൊക്കെ പൊതുവായി ഒഴിവാക്കാവുന്നവയാണ്.

∙ പ്രശ്നക്കാരായ ഭക്ഷണം മൂലം കുടലിനുണ്ടായ സമ്മർദം സുഖമാകാനുള്ള സമയം കൊടുക്കുക. ഈ കാലയളവിൽ പച്ചക്കറികളും പഴങ്ങളും പോലുള്ള ആന്റി ഒാക്സിഡന്റുകളും നാരുകളുമുള്ള ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. ദിവസവും 30–40 ഗ്രാം നാരുകൾ കഴിക്കണം. ഭക്ഷണശുചിത്വത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കൽ താൽക്കാലികമായെങ്കിലും നിർത്തുക. കൃത്യസമയത്ത് സാവധാനം ചവച്ചരച്ച് കഴിക്കുക. മൂന്നുനേരം കഴിച്ചിരുന്ന ഭക്ഷണം ആറുനേരമായി കഴിക്കുക.

∙ ഗുണകാരികളായ ബാക്ടീരിയകളെ വീണ്ടെടുക്കുക– പണ്ടൊക്കെ വീടുകളിൽ വയറിളക്കം പോലുള്ള ചെറിയ ഉദരപ്രശ്നങ്ങൾക്കൊക്കെ തൈരും മോരും ഉപയോഗിച്ചിരുന്നു. കുടലിനു ഗുണകാരികളായ ബാക്ടീരിയകൾ അവയില‍ുണ്ട്. ഇവയെ പ്രോബയോട്ടിക് ഭക്ഷണമെന്നു പറയും. യോഗർട്ടും മോരും ഉദാഹരണം.

Best foodപ്രീബയോട്ടിക്
പ്രോബയോട്ടിക്കുകൾ കൂടാതെ പ്രീബയോട്ടിക്കുകളും സിംബയോട്ടിക്കുകളും ഇന്നു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉപകാരികളായ അനെയ്രോബിക് ബാക്ടീരിയകളുടെ എണ്ണം കൂട്ടുകയും രോഗകാരികളായ സൂക്ഷ്മജീവികളുടെ എണ്ണം കുറയ്ക്കുകയമാണ് പ്രീബയോട്ടിക്കുകൾ ചെയ്യുന്നത്. ഏത്തപ്പഴം, വെളുത്തുള്ളി, പച്ചിലക്കറികൾ, സോയ ബീൻ എന്നിവയിലൊക്കെ പ്രീബയോട്ടിക്കുകൾ ധാരാളമായുണ്ട്. പ്രീബയോട്ടിക്കുകളും പ്രോബയോട്ടിക്കുകളും ചേരുന്നതാണ് സിൻബയോട്ടിക്കുകൾ .

Food therapy രോഗങ്ങൾക്ക് ഭക്ഷണ ചികിത്സ
ഭക്ഷണം ശരീരത്തിനു വേണ്ട ഇന്ധനം മാത്രമല്ല എന്ന തിരിച്ചറിവിലാണ് ആധുനികവൈദ്യശാസ്ത്രം. അടിസ്ഥാനകോശ ഘട്ടത്തിൽ വരെ മാറ്റങ്ങൾ വരുത്തുവാൻ പോന്ന ശക്തിയുള്ള ഒൗഷധമാണ് ഭക്ഷണമെന്ന തിര‍ിച്ചറിയലാണ് ഫൂഡ് തെറപ്പി അഥവാ ഭക്ഷണചികിത്സ എന്ന പുതിയ ആശയത്തിന്റെ അടിസ്ഥാനം. ബിപിയും പ്രമേഹവും ഹൃദ്രോഗവും പോലുള്ള ഭക്ഷണപ്രശ്നങ്ങൾ അടിസ്ഥാനകാരണമായ രോഗങ്ങൾക്കു മാത്രമല്ല മറ്റു നിരവധി രോഗാവസ്ഥകളിലും ഭക്ഷണത്തെ എങ്ങനെ ഒൗഷധമായി ഉപയോഗിക്കാമെന്നു ഗവേഷണങ്ങൾ നടക്കുകയാണ്. ഭക്ഷണങ്ങൾ മാത്രമല്ല ആരോഗ്യകരമെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ട മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള ഭക്ഷണരീത‍ികളും ഫൂഡ് തെറപ്പിയുടെ ഭാഗമായി ഉപയോഗിക്കുന്നു. ഒരോ രോഗത്തേയും തടയാൻ കഴിവുള്ള ഭക്ഷണം ഉൾപ്പെടുത്തുക, രോഗാവസ്ഥ വഷളാക്കാൻ ഇടയുള്ള ഭക്ഷണങ്ങളെ ഒഴിവാക്കുക. ചില പ്രത്യേക ഭക്ഷണക്കൂട്ടുകൾ രൂപപ്പെടുത്തുക എന്നിവയൊക്കെയാണ് ഈ തെറപ്പിയുടെ അടിസ്ഥാനം. ഹാർവാർഡ് ഉൾപ്പെടെയുള്ള വൈദ്യഗവേഷണ സ്ഥാപനങ്ങൾ ഒാരേ‍ാ രോഗത്തിനും ഫലപ്രദമാകുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലാണ്. രോഗത്തിന് മരുന്നുപെട്ടിയിൽ തിരയുന്നതിനു പകരം ഭക്ഷണമേശയിലേക്കു തിരിഞ്ഞാൽ മതി എന്നു പറയാൻ അധികം വൈകില്ല.  

Your Rating: