Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചസാര കഞ്ചാവിനേക്കാൾ ഭീകരനോ?

sugar

കഞ്ചാവും പ‍ഞ്ചസാരയും തമ്മിൽ എന്തു ബന്ധം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ബന്ധമുണ്ട്. മയക്കുമരുന്നും ക‍ഞ്ചാവും പോലെ തന്നെ ഒരു ലഹരിയായി പഞ്ചസാര മാറിയിട്ടുണ്ടെന്നും പഞ്ചസാരയ്ക്ക് അടിമപ്പെട്ടവർക്ക് ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരെപ്പോലെതന്നെ ചികിൽസ വേണമെന്നുമാണ് മെൽബണിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.

നിക്കോട്ടിന് അടിമപ്പെട്ടവരെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന അതേ മരുന്നുകൾ കൊണ്ടു തന്നെവേണം പ‍ഞ്ചസാരയ്ക്ക് അടിമപ്പെട്ടവരെയും ചികിൽസിക്കാൻ എന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ലോകത്താകെയുള്ള ജനസംഖ്യയിൽ 1.9 ബില്യൺ ആളുകൾക്കാണ് അമിതവണ്ണമുള്ളതായി ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അമിതവണ്ണത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് പഞ്ചസാരയുടെ അമിത ഉപയോഗം തന്നെ.

കൃത്രിമമധുരപദാർഥങ്ങളുടെ ഉപയോഗം നിങ്ങളുടെ തലച്ചോറിനെ മത്തുപിടിപ്പിക്കുന്നു. പഞ്ചസാര അമിതമായ അളവിൽ ശരീരത്തിലെത്തിയാൽ ഡോപമൈൻ ഉൽപാദനം കൂടുന്നു. കഞ്ചാവും മറ്റു ലഹരി പദാർഥങ്ങളും ഉപയോഗിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന പ്രത്യേക അനുഭൂതി ഉണർത്തിവിടാൻ പഞ്ചസാരയ്ക്കു സാധിക്കുന്നു. പിന്നീട് ഇതേ അളവിൽ പഞ്ചസാര ലഭിക്കാതെ വന്നാൽ ശരീരം തളർച്ചയിലേക്കും മറ്റും നീങ്ങുന്നു. ഇതു നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും മന്ദീഭവിക്കുകയും ചെയ്യുന്നു. ഇനി പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവർ തങ്ങൾ ഒരു ലഹരിക്ക് അടിമപ്പെടുകയാണെന്ന കാര്യം മറക്കേണ്ട.