Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരി വെയിൽ കൊണ്ടാൽ രോഗങ്ങൾ ഇങ്ങനെ

summer-tips

കത്തുന്ന ചൂട് അസുഖങ്ങളുടെ കാലമാണ്. കത്തിത്തീർന്ന പകൽ കൂടെക്കൂട്ടുന്നത് അസുഖങ്ങളുടെ ഘോഷയാത്രയും. വൈറൽ പനി മുതൽ സൂര്യാതപം വരെ വേനൽ തരുന്ന അസുഖങ്ങളാണ്. കണ്ണിനെ ഏറെ ശ്രദ്ധിക്കേണ്ട കാലവും ഇതുതന്നെ

സൂര്യാതപം ഇവിടെയുണ്ട്; സൂര്യാഘാതം തൊട്ടടുത്ത്

കത്തും വെയിൽ മനുഷ്യരിൽ പൊള്ളലേൽപ്പിക്കുന്ന സംഭവങ്ങൾ കൊച്ചിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നട്ടുച്ചയ്ക്കു സൂര്യൻ കത്തിക്കാളുന്ന സമയത്ത് ഏറെ നേരം സൂര്യ രശ്മികൾ ദേഹത്തു പതിക്കാൻ സാഹചര്യമുണ്ടാകുമ്പോഴാണു പൊള്ളൽ അനുഭവപ്പെടുന്നത്. സൂര്യാതപം എന്ന വിളിപ്പേരുള്ള ഈ പൊള്ളൽ കൊച്ചിയിലും സമീപ പ്രദേശത്തും വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു കഴിഞ്ഞു. സൂര്യാതപത്തിന്റെ അടുത്ത ഘട്ടമാണു സൂര്യാഘാതം. മരണ കാരണം വരെയാകാവുന്ന സൂര്യാഘാതം ഇതു വരെ ആധികാരികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സൂക്ഷിക്കേണ്ട അവസ്ഥയിലേക്കാണു താപനില ഉയരുന്നത്. കേരളത്തിലെ അൾട്രാ വയലറ്റ് ഇൻഡക്സും അപകടകരമായ അളവിൽ ഉയർന്നിട്ടുണ്ടെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ വെയിലിലേക്ക് ഇറങ്ങുന്നത് സൂക്ഷിച്ചു വേണമെന്നു സാരം.

സൂക്ഷിക്കണം;പേശീ വേദന

പൊരിവെയിലിൽ കൂടുതൽ സമയം ജോലി നോക്കുമ്പോൾ അതി കഠിനമായ പേശീവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ചൂടു മൂലമാണ് ഇതു സംഭവിക്കുന്നതെന്നു പലരും തിരിച്ചറിയാറില്ല. പൊരിവെയിലിൽ അമിതമായി വിയർക്കുമ്പോൾ ശരീരത്തിലെ സോഡിയം നഷ്ടപ്പെടുന്നതാണു പേശീവേദനയുണ്ടാകാൻ പ്രധാന കാരണം. ഈ വേദന ശ്രദ്ധിച്ചാൽ കാര്യം എളുപ്പം മനസ്സിലാക്കാം. സാധാരണ വേദന പോലെയല്ല, കാലിലെ പേശികൾ വലിഞ്ഞു മുറുകുന്ന പോലെയോ വലിച്ചു പറിക്കുന്നതു പോലെയോ ആണു വേദന വരുന്നത്. കൈകളിലും ഈ വേദന ഉണ്ടാകാൻ സാധ്യതയുണ്ട്.

ചെറുതായി കാണരുത്; പനിയെ

മഴക്കാലമാണു പനിക്കാലം എന്നാണു വയ്പ്പ്. എന്നാൽ വേനൽക്കാലത്തും വൈറൽ പനി പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. എച്ച്1 എൻ1, ഡെങ്കി പോലെയുള്ള വൈറൽ പനികൾ വേനൽക്കാലത്തും വരാം. വേനലിൽ വൈറസുകൾക്കു മാറ്റം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ സ്വയം ചികിൽസ അരുത്. പനിയെ ചെറുതായി കാണുകയും ചെയ്യരുത്. കൂടാതെ ജലജന്യ രോഗങ്ങളായ വയറിളക്കം, ഛർദി, മഞ്ഞപ്പിത്തം എന്നിവയും ഇക്കാലത്തു പടരാനുള്ള സാധ്യതയുമുണ്ട്. ശുദ്ധലക്ഷാമം രൂക്ഷമായ കൊച്ചിയിൽ ഏറെ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം തന്നെ. യാത്രകളിലും ജലക്ഷാമം പ്രശ്നം സൃഷ്ടിക്കും. ചൂട് ഏറുന്നതിനാൽ കിട്ടുന്നതെന്തും കുടിക്കാനുള്ള സാധ്യതയുമുണ്ട്. വഴിയിൽ കൂണുപോലെ ശീതളപാനീയ വിതരണ കേന്ദ്രങ്ങൾ ഇക്കാലത്ത് ഉണ്ടാവുകയും ചെയ്യും. ഇതിൽ എത്രത്തോളം ശുദ്ധമായ വെള്ളമാണ് ഉപയോഗിക്കുന്നതെന്നു തിരിച്ചറിയുക അസാധ്യം. ശുദ്ധജലം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുള്ള കടകളിൽ നിന്നു മാത്രം കഴിക്കുകയാണു പ്രതിവിധി.

കരുതൽ വേണം; കണ്ണിന്

കണ്ണിനു വരുന്ന അസുഖങ്ങൾ ഏറെയുണ്ടാകുന്നതും വേനൽ കടുക്കുമ്പോഴാണ്. വേനലിലുണ്ടാകുന്ന പൊടി ഏറ്റവും അധികം ബാധിക്കുക കണ്ണുകളെ തന്നെ. ചൂടേറുമ്പോൾ കണ്ണുകളുടെ മർദം കൂടുകയും വെള്ളം ഒഴുകുകയും ചെയ്യാറുണ്ട്. ചൂടിൽ വിയർക്കുമ്പോൾ കൈകളുടെ വൃത്തി കുറയാൻ സാധ്യതയുണ്ട്. കണ്ണു കൈ വച്ചു തുടയ്ക്കുമ്പോൾ അഴുക്കു കണ്ണിലേക്കു വ്യാപിക്കാം. കൂടാതെ കംപ്യൂട്ടറുകളും മറ്റും ദീർഘ നേരം നോക്കിയിരിക്കുന്നതു കണ്ണുകളിലെ ജലാംശം ഇല്ലാതാക്കുകയും ചെയ്യും. ഡോക്ടറുടെ അനുമതിയോടെ കണ്ണിൽ ഉപയോഗിക്കാവുന്ന തുള്ളി മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്.

സംരക്ഷിക്കാം; ചർമത്തെ

വിയർപ്പും അമിതമായ ചൂടും മൂലം ഏറ്റവുമധികം കഷ്ടപ്പെടുന്നതു ചർമമാണ്. ചുണങ്ങ്, പൂപ്പൽ ബാധ, ഫംഗസ്, ചൂടുകുരു, ചർമം കരുവാളിച്ചു പോവുക.... ഒട്ടേറെ പ്രശ്നങ്ങളാണു കാത്തിരിക്കുന്നത്. വേനൽക്കാലത്തു ചർമം വരണ്ടുണങ്ങുന്നതു സാധാരണം. മുഖമുൾപ്പെടെയുള്ള ഭാഗങ്ങളിലെ ചർമം കരുവാളിച്ചു പോകാറുമുണ്ട്. സൂര്യപ്രകാശത്തോട് അലർജിയുണ്ടാകുന്ന അസുഖവും കാണപ്പെടാറുണ്ട്. ശരീരത്തിൽ വരുന്ന മാറ്റം ശ്രദ്ധിച്ച് അതിനനുസരിച്ചുള്ള പ്രതിവിധി ചെയ്യുകയാണു വേണ്ടത്. ചെറിയ കരുവാളിപ്പുകൾ മാറ്റാൻ സൺ സ്ക്രീൻ ലേപനങ്ങൾ പുരട്ടിയാൽ മതിയാകും. വിയർപ്പ് അധികമാകുമ്പോൾ ഫംഗസ് ബാധ, ചുണങ്ങ് തുടങ്ങിയവയുമുണ്ടാകാൻ സാധ്യതയുണ്ട്. വിരലുകൾക്കും മറ്റുമിടയിൽ വിയർപ്പു തങ്ങി നിൽക്കുന്നതാണു ഫംഗസ് ബാധയ്ക്കു കാരണം. ശരീരം എപ്പോഴും ശുചിയാക്കുകയാണു പ്രതിവിധി. ലേപനങ്ങളും ഉപയോഗിക്കാം.

ചൂടുകാലത്ത് ശ്രദ്ധിക്കാൻ

ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക, കോട്ടൺ, ഖദർ വസ്ത്രങ്ങൾ അനുയോജ്യം, സിന്തറ്റിക് വസ്ത്രങ്ങൾ നന്നല്ല

ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക

പുറത്തിറങ്ങുമ്പോൾ അൾട്രാ വയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക

ദിവസം രണ്ടോ മൂന്നോ തവണ കുളിക്കുന്നതു നല്ലതാണ്. അമിതമായ സോപ്പ് ഉപയോഗം കുറയ്ക്കുക

കുളിക്കാൻ തണുത്ത വെള്ളം ഉപയോഗിക്കുക

കൈകൾ ഇടയ്ക്കിടെ കഴുകുന്നതു നല്ലതാണ്.

എസി ഉപയോഗിക്കുന്നത് ഒഴിവാക്കാനാകില്ല. പക്ഷേ, 25–28 ഡിഗ്രി സെൽഷ്യസിൽ താപനില ക്രമപ്പെടുത്തുന്നതാണു നല്ലത്. അതിനും താഴെപ്പോയാൽ അസുഖങ്ങൾ പിടിപെടാം.

ഇടയ്ക്കിടെ മുഖവും കണ്ണും തണുത്ത വെള്ളത്തിൽ കഴുകുക.

എന്ത് കഴിക്കണം?

ശുദ്ധജലം ഉപയോഗിക്കാൻ ശ്രദ്ധിക്കുക

തിളപ്പിച്ചാറിയ വെള്ളം ഉത്തമം

ജ്യൂസ്, കരിക്കിൻ വെള്ളം തുടങ്ങിയവ കഴിക്കാം

സസ്യാഹാരമാണു നല്ലത്. മാംസഭക്ഷണം കുറയ്ക്കുക.

മസാല, എരിവ് എന്നിവ അധികമാകാതെ നോക്കുക.

ഫൈബർ അടങ്ങിയ പച്ചക്കറികൾ കഴിക്കുക.

മൂന്നു ലീറ്റർ വെള്ളമെങ്കിലും കുടിക്കുക.

ജോലിക്കിടെ വെള്ളം ധാരാളം കുടിക്കുക

ശുദ്ധ ജലം കിട്ടാൻ ബുദ്ധിമുട്ടുള്ളതിനാൽ യാത്രയിൽ വെള്ളം കൊണ്ടുപോകുന്നത് അഭികാമ്യം.