Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദരോഗികൾക്ക് ടോക്കിങ് തെറാപ്പി

depression

വിഷാദരോഗത്തിന് അടിമപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ് നമ്മുടെ കൊച്ചുകേരളത്തിലും. അമിതമായ മാനസികസമ്മർദം താങ്ങാനാകാതെ വരുമ്പോഴാണ് പലരും വിഷാദരോഗത്തിന് അടിമപ്പെടുന്നത്. ഇത്തരക്കാർക്കുവേണ്ടി പ്രത്യേക ടോക്കിങ് തെറാപ്പി വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ലണ്ടനിലെ മനഃശാസ്ത്രജ്ഞന്മാർ.

മനസ്സിലെ സങ്കടങ്ങളും വിഷമങ്ങളും ആരോടു പറയാനില്ലാതെ വരുന്നതുകൊണ്ടാണ് പലരും അതെല്ലാം മനസ്സിൽതന്നെ കുഴിച്ചുമൂടി വിഷാദരോഗത്തിന് കീഴ്പ്പെടുന്നത്. ഇങ്ങനെ രോഗം ബാധിച്ചവരോട് പോസിറ്റീവ് ആയി സംസാരിച്ചും ഇടപഴകിയും രോഗശമനം വരുത്തുന്നതിനെയാണ് ടോക്കിങ് തെറാപ്പി എന്നു പറയുന്നത്.

ജൂനിയർ മെന്റൽ ഹെൽത്ത് വർക്കർമാർക്കുപോലും ഇതു ചെയ്യാവുന്നതാണ്. സംസാരിച്ചുസംസാരിച്ച് വിഷാദരോഗിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ചിലർക്ക് ടോക്കിങ് തെറാപ്പികൊണ്ടു തന്നെ വിഷാദരോഗം മാറിയേക്കാം. മറ്റു ചിലർക്ക് ടോക്കിങ് തെറാപ്പിയുടെകൂടെ അത്യാവശ്യം മരുന്നുകളും വേണ്ടിവന്നേക്കാം എന്നാണു ഡോക്ടർമാർ പറയുന്നത്.

ലോകത്താകെ 350 ദശലക്ഷം പേർക്കാണ് വിഷാദരോഗം പിടിപെട്ടതായി കണ്ടെത്തിയിട്ടുള്ളത്. രേഖപ്പെടുത്താത്ത കേസുകൾ ഒട്ടനവധി വേറെയും കാണും. പോസിറ്റീവ് ആയ സംസാരങ്ങളും പെരുമാറ്റങ്ങളും സൗഹൃദങ്ങളും ഇവരുടെ മാനസികാവസ്ഥയെ സന്തോഷകരമാക്കി മാറ്റും എന്ന ലളിതമായ തത്വം ആണ് ടോക്കിങ് തെറാപ്പിയുടെ പിന്നിൽ. നിങ്ങളുടെ സുഹൃത്തുക്കളിൽ ആർക്കെങ്കിലും വിഷാദരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ കഴിയുന്നതും നേരം അവരോടു സംസാരിച്ചും ഇടപെട്ടും നിങ്ങൾക്കും ഈ ടോക്കിങ് തെറാപ്പി നടത്താവുന്നതാണ്.  

Your Rating: