Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട്ട്ഫോൺ ഉപയോഗം കൂടിയാൽ?

smartphone-bp

സ്മാർട്ട്ഫോണുമായി മണിക്കൂറുകളോളം ചെലവഴിക്കുന്ന കൗമാരക്കാരായ മക്കൾ ഉള്ളവരുടെ ശ്രദ്ധയ്ക്ക്– ഈ ശീലം കുട്ടികളെ പൊണ്ണത്തടിയൻമാരാക്കും. ദിവസവും അഞ്ചു മണിക്കൂറോ അതിലധികമോ സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ്, കംപ്യൂട്ടർ എന്നിവയിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നവർ പൊണ്ണത്തടിയൻമാരാകുമെന്ന് ഒരു ഹാർവാർഡ് പഠനം മുന്നറിയിപ്പു നൽകുന്നു.

സ്മാർട്ട്ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്ന കുട്ടികളിൽ പൊണ്ണത്തടിക്കുള്ള സാധ്യത 43 ശതമാനം അധികമായിരിക്കുമെന്ന് പഠനം പറയുന്നു. അഞ്ചു മണിക്കൂറിലധികം ഈ സ്ക്രീനുകൾക്കു മുന്നിലിരിക്കുന്ന കൗമാരക്കാർ ദിവസവും മധുരപാനീയങ്ങൾ കുടിക്കുന്നവരും മതിയായ വ്യായാമമോ ഉറക്കമോ ഇല്ലാത്തവരാണെന്നും കണ്ടു. യു.എസിലെ ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ 24,800 കൗമാരക്കാരിലാണു പഠനം നടത്തിയത്.

സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ്, കംപ്യൂട്ടർ, വിഡിയോ എന്നിവയ്ക്കു മുന്നിൽ ചെലവഴിക്കുന്ന മണിക്കൂറുകൾ, ടി.വി കാഴ്ച, എത്ര മണിക്കൂർ ഉറങ്ങുന്നു, കഴിഞ്ഞ ഒരാഴ്ച ഉപയോഗിച്ച മധുരപാനീയങ്ങളുടെ അളവ്, വ്യായാമം തുടങ്ങിയ വിവരങ്ങളെല്ലാം ഒരു സർവേയിലൂടെ ശേഖരിച്ചു.

20 ശതമാനത്തോളം കൗമാരക്കാർ ദിവസവും അഞ്ചു മണിക്കൂറിലധികം സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ് മുതലായവ ഉപയോഗിക്കുന്നതായി കണ്ടു. ടിവിക്കു മുന്നിൽ അഞ്ചു മണിക്കൂറിലധികം ചെലവഴിക്കുന്നവർ 8% മാത്രമായിരുന്നു.

കുട്ടികളുടെയും കൗമാരക്കാരുടെയും ടിവി കാഴ്ച നിയന്ത്രിക്കുന്നതിനോടൊപ്പം അവരുടെ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കേണ്ടതും പ്രധാനമാണെന്നു പഠനത്തിനു നേതൃത്വം നൽകിയ എറിക്ക. എൽ. കെന്നി പറഞ്ഞു. പീഡിയാട്രിക്സ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.