Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡപകടത്തിൽ പരുക്കേൽക്കാത്ത മനുഷ്യൻ–ഗ്രഹാം

graham

റോഡപകടങ്ങളില്‍ രാജ്യത്തു പ്രതിദിനം കൊല്ലപ്പെടുന്നത് ശരാശരി 400 പേരാണ്. മണിക്കൂറില്‍ ശരാശരി 57 അപകടങ്ങള്‍ നടക്കുന്നു. 17 പേര്‍ മരിക്കുന്നു. കഴിഞ്ഞവര്‍ഷം 1.46 ലക്ഷം ആളുകളാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ഇത്തരം ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിട്ടും സുരക്ഷാ മുൻകരുതലുകളെടുക്കാത്തവർക്കും അമിതവേഗത്തിൽ പായുന്നവർക്കും ഗ്രഹാമിനെ പരിചയപ്പെടാം.

ഓസ്ട്രേലിയൻ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനാണ് ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി, ‘ഗ്രഹാം’ എന്ന് പേരിട്ട ‘വിചിത്ര’ മനുഷ്യനെ നിര്‍മിച്ചത്. ഭീമന്‍തല, കഴുത്തില്ലാതെ ഇടതിങ്ങിയ ഉടൽ, ശരീരത്തിൽ മുഴച്ചുനിൽക്കുന്ന അസ്ഥികൾ, ചെറിയ ചെവിയും കട്ടിയേറിയ ത്വക്കും. അതെ, കാറപകടത്തെ അതിജീവിക്കാന്‍ കഴിയുന്ന ശരീരഘടനയുള്ള മനുഷ്യന്‍ ഇങ്ങനെയാവുംഇരിക്കുക.

ഓസ്‌ട്രേലിയയിലെ ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് കമ്മിഷനും (ടിഎസി) മെല്‍ബണിലെ ഒരു കൂട്ടം കലാകാരന്മാരുമാണ് യഥാർഥ മനുഷ്യന്റെ വലിപ്പത്തിൽത്തന്നെ കൃത്രിമ രൂപം നിർമിച്ചിരിക്കുന്നത്. മനുഷ്യന്റെ രൂപഘടന ഇങ്ങനെയാണെങ്കില്‍ മാത്രം കാറപകടത്തില്‍നിന്നു രക്ഷപ്പെടാമെന്ന് അധികൃതർ പറയുന്നു.

ട്രോമ സർജൻമാരുടെയും കാർ ക്രാഷ് ഇൻവെസ്റ്റിഗേറ്റർമാരുടെയും പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പാട്രീഷ്യ പിസ്സിനി എന്ന ആർട്ടിസ്റ്റും സഹപ്രവർത്തകരും ഗ്രഹാമിനെ സൃഷ്ടിച്ചത്. ഗ്രഹാമിന്റെ ഭീമന്‍ തല ഒരു ഹെൽമറ്റ് പോലെ പ്രവർത്തിക്കും. തലയുടെ പ്രത്യേക ആകൃതി തലച്ചോറിനേൽക്കുന്ന ആഘാതം തടയാൻ പര്യാപ്തമാണ്. ആഘാതം തടയാൻ ചെറിയ മൂക്കാണ് നൽകിയിരിക്കുന്നത്. വലിയ നെഞ്ചും അനേകം മാറിടങ്ങളും എയര്‍ബാഗുകൾപോലെ നെഞ്ചിന്‍കൂടിനെ സംരക്ഷിക്കുന്നു. കഴുത്തില്ലാത്തതിനാല്‍ അസ്ഥി ഒടിയുന്ന അവസ്ഥയുണ്ടാകില്ല. പരന്നു തടിച്ച മുഖം ചെവികളെയും മറ്റും പരുക്കിൽനിന്നു സംരക്ഷിക്കും.

ഗ്രഹാമിന്റെ ത്വക്കിനും കട്ടി കൂടുതലാണ്. കാലുകളുടെ ശക്തിയും എല്ലാ ദിശയിലും തിരിയാന്‍ കഴിവുള്ള കാല്‍മുട്ടും കാലൊടിയാതെ നോക്കുന്നു. ചുരുക്കത്തില്‍ മനുഷ്യശരീരത്തിന്റെ ഘടന ഗ്രഹാമിന്റേതുപോലെയായിരുന്നെങ്കിൽ കാറപകടങ്ങളെ ഭയപ്പെടേണ്ടിവരില്ലായിരുന്നു. അതായത്, നിലവിലെ മനുഷ്യന്റെ ശരീരഘടന അപകടങ്ങളിൽനിന്നു രക്ഷപ്പെടാൻ പര്യാപ്തമല്ല. അതുകൊണ്ടുതന്നെ, ഡ്രൈവിങ്ങിൽ ശ്രദ്ധിക്കൂ, അപകടങ്ങൾ ഒഴിവാക്കൂ എന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് കമ്മിഷന്‍ പൗരന്മാരോടു പറയുന്നത്.