Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവി: നിങ്ങളുടെ മരണത്തിന്റെ എട്ടാമത്തെ കാരണം

tv-watching Image Courtesy : The Week Smartlife Magazine

ടിവി കാണുന്നതിനെക്കുറിച്ചൊക്കെ ഇത്ര ചർച്ച ചെയ്യാനുണ്ടോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ കേട്ടോളൂ, നിങ്ങൾ മരിക്കാനുള്ള എട്ടാമത്തെ കാരണമാണ് ടിവി. യുഎസിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന വാർത്ത ലോകത്തെ അറിയിച്ചിരിക്കുന്നത്. ദിവസവും നാലുമണിക്കൂറിലധികം നേരം ടിവി കാണുന്നവരെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ മുന്നറിയിപ്പ്. കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെപ്പോലെ തന്നെ നിങ്ങളുടെ മരണകാരണങ്ങളിൽ ഒന്നായി അമിതമായ ടിവികാഴ്ച മാറിയിട്ടുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

അൻപതിനും എഴുപതിനും ഇടയിൽ പ്രായമുള്ള രണ്ടരലക്ഷം പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഏറ്റവും അലസമായി ഏർപ്പെടുന്ന വിനോദങ്ങളിൽ ഒന്നാണ് ടിവികാഴ്ച. മണിക്കൂറുകളോളം ടിവിക്കു മുന്നിൽ കുത്തിയിരിക്കുന്നവരെ പല ജീവിതശൈലിരോഗങ്ങളും വിടാതെ പിന്തുടരുന്നു. അമിതമായ ടിവികാഴ്ച ഗുരുതരമായ മറ്റുപല രോഗങ്ങളിലേക്കും നിങ്ങളെ കൊണ്ടെത്തിക്കുന്നു. വ്യായാമക്കുറവും അമിതമായ ഭക്ഷണരീതിയും കൂടിയാകുമ്പോൾ നിങ്ങൾക്ക് മരണത്തിലേക്ക് ഫ്രീ പാസ് ലഭിക്കുകയായി.

ദിവസവും ഒരു മണിക്കൂറിൽ താഴെ മാത്രം ടിവി കാണുന്നവർക്ക് താരതമ്യേന മറ്റു രോഗങ്ങൾ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. നാലു മണിക്കൂറിലധികം ടിവി കാഴ്ചയ്ക്കു വേണ്ടി നീക്കി വയ്ക്കുന്നവരിൽ രോഗങ്ങളും വർധിച്ചുവരുന്നുണ്ടത്രേ. ഇവരിൽ മരണസാധ്യത 15 ശതമാനം കൂടുതലാണ്. ദിവസവും ഏഴുമണിക്കൂറിൽ അധികം ടിവി കാണുന്നവരുടെ മരണസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 47 ശതമാനം കൂടുതലാണ്.\