Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദരോഗികൾക്ക് ടൈപ്പ് 2 പ്രമേഹം

diabetes

ആവശ്യത്തിനും അനാവശ്യത്തിനും മനസ്സിൽ ടെൻഷൻ സൂക്ഷിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നു മറക്കേണ്ട. വിഷാദം ടൈപ്പ് 2 പ്രമേഹസാധ്യത വർധിപ്പിക്കുന്നുവെന്നാണ് ടൊറന്റോയിൽ നടന്ന പഠനം വ്യക്തമാക്കുന്നത്. കാനഡയിലെ 40നും 70നും ഇടയിൽ പ്രായമുള്ള 2500 പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് ഈ നിഗമനം.

വിഷാദരോഗത്തിനൊപ്പം മറ്റു ചില ഘടകങ്ങൾ കൂടി ഒത്തുചേരുമ്പോഴാണ് പ്രമേഹസാധ്യത വർധിക്കുന്നത്. അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ നിലയിലെ വർധന എന്നിവയാണ് വിഷാദരോഗത്തിനൊപ്പം പ്രമേഹസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ. ഈ ജീവിതശൈലീ രോഗങ്ങൾ മാത്രമുള്ളവരിൽത്തന്നെ സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹസാധ്യത നാലിരട്ടിയാണ്. എന്നാൽ ജീവിതശൈലീ രോഗങ്ങൾക്കൊപ്പം വിഷാദരോഗം കൂടിയുള്ളവരിൽ പ്രമേഹസാധ്യത ആറിരട്ടി കൂടുതലാണ്.

വിഷാദരോഗം ബാധിച്ചവർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതിനും ഡോക്ടറെ കാണുന്നതിനും മരുന്നുകൾ കഴിക്കുന്നതിനും മടി കാണിക്കുന്നതും ഒരു പ്രധാനകാരണമാണ്. ഇവർ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾക്ക് അടിമപ്പെടാനും സാധ്യത കൂടുതലാണ്. മാത്രമല്ല, വ്യായാമങ്ങൾ ചെയ്യുന്നതിൽ താൽപര്യം കുറവായിരിക്കും. ഈ കാരണങ്ങൾകൊണ്ടു തന്നെ ഇവർക്ക് പെട്ടെന്ന് പ്രമേഹം പിടിപെടുന്നു.

ചിലർ വിഷാദം ബാധിക്കുമ്പോൾ ക്രമാതീതമായ അളവിൽ ഭക്ഷണം കൂടുതൽ കഴിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മ ഭാവിയിൽ ഇവരിൽ പ്രമേഹസാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട് വിഷാദരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടിക്കോളൂ