Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങളിലെ ഡയബറ്റിസ് അവഗണിക്കരുതേ...

type1-diabetes

ടൈപ്പ് 1 ഡയബറ്റിസ് എതു പ്രായത്തിലും വരാം. പക്ഷെ 99% ടൈപ്പ് 1 ഡയബറ്റിസ് രോഗികളും പ്രായം കുറഞ്ഞവരാണ്. ചികിത്സ വളരെ സങ്കീർണവുമാണ്. മാതാപിതാക്കളും അധ്യാപകരും ഈ സങ്കീര്‍ണതകള്‍ മനസ്സിലാക്കുകയും പരിശോധനകളിലും ഔഷധങ്ങളുടെ ഉപയോഗത്തിലും വൈദഗ്ധ്യം നേടുകയും ചെയ്യണമെന്നുമാത്രം. സ്വാഭാവികമായ ജീവിതം സാധ്യമാണെങ്കില്‍ക്കൂടിയും, എണ്ണത്തില്‍ കുറവാണ് എന്ന ഒരു ഒറ്റക്കാരണത്താല്‍ അവഗണിക്കപ്പെട്ടുപോകുന്ന ഒരു വിഭാഗമാണ് ടൈപ്പ് 1 ഡയബറ്റിസ് രോഗികള്‍.

എന്താണ് ടൈപ്പ് 1 ഡയബറ്റിസ് ?
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന പ്രധാന ഹോര്‍മോണായ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നത് പാന്‍ക്രിയാസില്‍ നിന്നാണ്. ചില പ്രത്യേക കാരണങ്ങളാല്‍ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ പെട്ടെന്നു നശിച്ചു പോകുന്നു. ശരാശരി അഞ്ചോ ആറോ വയസ്സുളളപ്പോഴാണ്, ഒരു കാരണവും കൂടാതെ ഈ രോഗം വരിക. ദിവസങ്ങള്‍ക്കുളളില്‍ ശരീരം ക്ഷീണിക്കുക, ശരീരഭാരം നഷ്ടപ്പെടുക, കടുത്ത ദാഹം, ധാരാളം മൂത്രം പോകുക, വയറുവേദന, ഛര്‍ദ്ദി‍, എന്നിവയും പ്രകടമാകും. പണ്ടൊക്കെ പ്രമേഹമാണ് എന്നു തിരിച്ചറിയപ്പെടാതെ ധാരാളം മരണങ്ങള്‍ സംഭവിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ വയറിളക്കവും പനിയുമായി കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ എത്തിയാല്‍പോലും പഞ്ചസാരയുടെ അളവും കൂടി പരിശോധിച്ചു നോക്കാറുണ്ട്. സാധരണഗതിയില്‍ രക്തത്തിലെ പഞ്ചസാര ഭക്ഷണം കഴിച്ചതിനുശേഷവും 140 mg യില്‍ കൂടാറില്ല. എന്നാല്‍ പ്രമേഹം ഉളളപ്പോള്‍, ഇത് ഇരുനൂറില്‍ കൂടുതലാകും. കൂടാതെ HbA1c രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരി, 6.5 ശതമാനമോ അതിലധികമോ ആയിരിക്കും.

ടൈപ്പ് 1 ഡയബറ്റിസ് മറ്റു പ്രമേഹരോഗങ്ങളില്‍നിന്നു വേര്‍തിരിച്ചറിയാൻ സി പെപ്റ്റൈഡ്, ആന്‍റി ജിഎഡി തുടങ്ങിയ നിരവധി പരിശോധനകളുണ്ട്. ഇതില്‍ സി പെപ്റ്റൈഡ് ആണ് പ്രധാനപ്പെട്ടത്. വെറുംവയറ്റില്‍ സി പെപ്റ്റൈഡ് നോക്കുേമ്പാള്‍ ശരീരത്തിലെ ഇന്‍സുലിന്‍റെ ഉൽപാദനം എത്രത്തോളം ബാക്കിയുണ്ട് എന്നു തിരിച്ചറിയുവാന്‍ കഴിയും. ടൈപ്പ് 1 പ്രമേഹമുണ്ടെങ്കിൽ ഇതു തീരെ കുറഞ്ഞുവരികയും ആഴ്ചകളോ മാസങ്ങളോ കൊണ്ട് പൂജ്യത്തില്‍ എത്തുകയും ചെയ്യും.

ചികിത്സ എങ്ങനെ?
ടൈപ്പ് 1 പ്രമേഹം ചികിത്സിക്കുന്നത് ഇന്‍സുലിന്‍ ഉപയോഗിച്ചാണ്. ഇതിനു ഗുളിക ഉപയോഗിക്കാന്‍ കഴിയില്ല. കാരണം ശരീരത്തില്‍ ഇന്‍സുലിന്‍ ബാക്കിയില്ല എന്നതുതന്നെ. ഏറ്റവും നല്ല ചികിത്സാരീതി കൃത്രിമ പാന്‍ക്രിയാസും ഇന്‍സുലിന്‍ പമ്പും ആണ്. ഈ രീതി കേരളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലായിക്കഴിഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കൃത്രിമ പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉളളിലേക്കു കടത്തിവിടുന്നു. പഞ്ചസാര അപകടകരമാം വിധം താഴ്ന്നു പോകുന്ന ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുളള സാധ്യത നേരത്തെ തിരിച്ചറിഞ്ഞ്, അങ്ങനെ സംഭവിക്കുന്നതിനും ഏകദേശം അരമണിക്കൂര്‍ മുമ്പുതന്നെ ഇന്‍സുലിന്‍ കടത്തിവിടുന്നത് നിർത്തുന്നു. ഈ ഉപകരണത്തിനു ലക്ഷങ്ങള്‍ ചെലവു വരും എന്നതിനാല്‍ ഒരു ശതമാനം രോഗികള്‍ക്കു പോലും ഇത് ഉപയോഗിക്കാന്‍ കഴിയുന്നില്ല. അത്തരക്കാർക്ക് ആശ്രയിക്കാവുന്ന ചികിത്സാവിധി ഇന്‍സുലിന്‍ ഇന്‍ജക്‌ഷനാണ്. കുറഞ്ഞതു നാലു കുത്തിവയ്പുകള്‍ ഒരു ദിവസം വേണ്ടി വരും. ഉച്ചയ്ക്ക് ഊണുകഴിക്കുന്നതിനു മുമ്പുളള കുത്തിവയ്പ് അത്യന്താപേക്ഷിതമാണ്. പല മാതാപിതാക്കളും ഈ കുത്തിവയ്പ് ഒഴിവാക്കാൻ ഡോക്ടര്‍മാരോട് അഭ്യര്‍ഥിക്കാറുണ്ട്. അങ്ങനെ ഒഴിവാക്കിയാൽ ഭാവിയില്‍ അത് ജീവനുതന്നെ അപകടമാകും. ടൈപ്പ് 1 ഡയബറ്റിസ് രോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പാണ് നല്‍കുന്നതെങ്കില്‍, അവര്‍ക്കു സജീവമായ ഒരു ഭാവിയാണ് ആഗ്രഹിക്കുന്നതെങ്കില്‍, ഒന്നോ രണ്ടോ കുത്തിവയ്പു മാത്രം കൊണ്ട് അതിനു സാധിക്കുകയില്ല.

ദിവസം ഒരു നേരം എടുക്കുന്ന, ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ബേസല്‍ ഇന്‍സുലിനും പ്രധാന ഭക്ഷണത്തിനു 15 മിനിറ്റ് മുന്‍പ് എടുക്കേണ്ട, പെട്ടെന്നു പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനും കൂടിയേ തീരു. ഇന്‍സുലിന്‍ ഇന്‍ജക്‌ഷനുകള്‍ വേദനാരഹിതമാണ്. അതുകൊണ്ട്് അതിനെ ഭയക്കേണ്ടതില്ല.

ഗ്ലൂക്കോസ് എങ്ങനെ നിരീക്ഷിക്കണം?
ടൈപ്പ് 2 പ്രമേഹത്തെ അപേക്ഷിച്ച് ടൈപ്പ് 1 ഡയബറ്റിസില്‍ ദിവസവും നാലോ എട്ടോ പ്രാവശ്യം ഗ്ലൂക്കോസ് നിരീക്ഷിച്ചു കൊണ്ടിരിക്കണം. ഗ്ലൂക്കോമീറ്ററില്‍ രക്തപരിശോധന നടത്തിയിട്ടുവേണം ഓരോ ഇന്‍സുലിന്‍ ഇന്‍ജക്‌ഷന്‍റെയും ഡോസ് തീരുമാനിക്കാന്‍. ഇതാണ് രാജ്യാന്തരതലത്തില്‍ നിര്‍ദേശിക്കപ്പെടുന്ന ചികിത്സാരീതി.

എന്തുകൊണ്ടാണ് ടൈപ്പ് 1 പ്രമേഹ ചികിത്സ ഒരു കീറാമുട്ടിയാകുന്നത്?
അപ്രതീക്ഷിതമായി രക്തത്തിലെ പഞ്ചസാര കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരിക്കും. ഇതു നിരവധി മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകും. പഞ്ചസാര കൂടി നില്‍ക്കുന്നത് അവയവങ്ങള്‍ക്കു ദോഷകരമാണ്. പെട്ടെന്നു കുറഞ്ഞുപോയാല്‍ അതു മരണത്തിനും കാരണമാകും. മിതമായ അളവു നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്. രാത്രിയിൽ ഉറക്കത്തിനിടെ പഞ്ചസാര കുറഞ്ഞുപോകുന്നതാണ് മറ്റൊരു ഭീഷണി. പല അച്ഛനമ്മമാരും ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ രക്തപരിശോധന നടത്തി, അവരെ വിളിച്ചുണര്‍ത്തി ഇന്‍ജക്‌ഷന്‍ എടുക്കുകയോ ആഹാരം കൊടുക്കുകയോ ചെയ്യാറുണ്ട്.

അച്ഛനമ്മമാരുടെ അടിസ്ഥാന വിദ്യാഭ്യാസം ചികിത്സയെ സ്വാധീനിക്കും. അവര്‍ക്ക് അത്യാവശ്യ വിദ്യാഭ്യാസം ഉണ്ടെങ്കില്‍ ചികിത്സാവിധികള്‍ പഠിച്ച് ചെയ്യാനാകും. വിദ്യാഭ്യാമില്ലാത്തവർക്കു തുടർപരിശീലനം നല്‍കേണ്ടിവരും. വിദ്യാഭ്യാസമുള്ളവർക്കും ചിലപ്പോൾ ജോലിത്തിരക്കു കാരണം കുഞ്ഞുങ്ങൾക്കായി സമയം കണ്ടെത്താനാവാറില്ല. അതു ചികിത്സയെ ബാധിക്കും.

ഭാവി ജീവിതവും പ്രതിസന്ധികളും
ടൈപ്പ് 1 പ്രമേഹരോഗികള്‍ ഒരുപാടു മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. വികസിത രാജ്യങ്ങളില്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സാധാരണ ജീവിതം നയിക്കുന്ന രോഗികളെപ്പോലെയല്ല നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾ. പഠിക്കാനും ജോലി കിട്ടാനും വിവാഹം നടക്കാൻപോലും ബുദ്ധിമുട്ടുകളുണ്ടാകാം.
ടൈപ്പ് 1 രോഗിയാണെന്നതിനാൽ വിവാഹം മുടങ്ങുന്നതു പതിവാണ്. ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്നതിനാൽ ജോലി നിരസിക്കപ്പെട്ടവരുമുണ്ട്. ഇതൊക്കെ അജ്ഞത മൂലമാണ്. ദിവസവും ഇന്‍ജക്‌ഷന്‍ എടുക്കുന്നവർക്കും ഗ്ലൂക്കോസ് പരിശോധിക്കുന്നവര്‌‍ക്കും ഇന്‍സുലിന്‍ പമ്പ്, ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ്, കിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് ഉപാധികള്‍ തുടങ്ങിയവ ഉപയോഗിക്കുന്നവർക്കുമൊക്കെയാണ് ഭാവിയില്‍ സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നത്. സാധാരണക്കാരെപ്പോലെ വിവാഹം കഴിക്കുവാനും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും ഗര്‍ഭിണിയാകാനും ആരോഗ്യമുളള കുഞ്ഞുങ്ങളെ പ്രസവിക്കാനുമൊക്കെ കഴിയുന്നതും ഇത്തരക്കാര്‍ക്കു മാത്രമാണ്. രോഗം രഹസ്യമായി സൂക്ഷിക്കുന്നവര്‍ മരണം ക്ഷണിച്ചുവരുത്തുകയാണ്.

എപ്പോഴൊക്കെയാണ് ചികിത്സ പരാജയപ്പെടുന്നത് ?
1. ഇന്‍സുലിന്‍ ഉപേക്ഷിക്കുമ്പോള്‍
2. ആധുനിക വൈദ്യശാസ്ത്രം നിര്‍ദേശിച്ച ചികിത്സാവിധി സ്വീകരിക്കാതിരിക്കുമ്പോള്‍
3. അത്ഭുത ചികിത്സാവിധികള്‍ തേടിപ്പോയി, സ്വയം പരീക്ഷണ വസ്തു ആകുമ്പോള്‍.
4. രോഗം മറ്റുളളവരില്‍നിന്നു മറച്ചു വയ്ക്കുമ്പോള്‍.
ഉദാഹരണത്തിന്: സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍, എന്നിവരില്‍നിന്നു രോഗം മറച്ചുവയ്ക്കുമ്പോള്‍ ആഘോഷവേളകളിലും മറ്റു മധുരവും പലഹാരങ്ങളും മറ്റും കഴിക്കേണ്ടതായിവരും. ഇവരിൽ ചികിത്സ തീര്‍ച്ചയായും പരാജയപ്പെടും.

ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്കു വേണ്ടത് രോഗത്തെക്കുറിച്ചുളള അറിവാണ്. അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും ഭാര്യയ്ക്കും ഭര്‍ത്താവിനും ഒക്കെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിവു വേണം.

രോഗത്തെക്കുറിച്ചോർത്തു ദുഃഖിച്ചിരിക്കുകയോ പമ്പും കുത്തിവയ്പുകളുമൊന്നുമില്ലാത്ത ചികിത്സയന്വേഷിച്ച് അബദ്ധങ്ങള്‍ ക്ഷണിച്ചുവരുത്തുകയോ ചെയ്യരുത്.

ഡോ.ജ്യോതിദേവ് കേശവദേവ്
ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍
ജ്യോതിദേവ്സ് ഡയബറ്റീസ് റിസര്‍ച് സെന്‍റേഴ്സ്
തിരുവനന്തപുരം, കൊച്ചി

Your Rating: