Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞരമ്പിനെ ബാധിക്കുന്ന 10 വേദനകൾ

vein-pain

നാഡികൾക്ക് ഭാഗികമായോ പൂർണമായോ തകരാർ സംഭവിക്കുമ്പോഴാണ് ഞരമ്പുസംബന്ധമായ വേദന അനുഭവപ്പെടുന്നത്

1 കാർപൽ ടണൽ സിൻഡ്രോം

കൈയിലെ വേദനയ്ക്കുളള ഏറ്റവും പ്രധാനപ്പെട്ട കാരണം ആണ് കാർപൽ ടണൽ സിൻഡ്രോം. മീഡിയൻ നേർവ് (Median nerve) എന്ന ഞരമ്പ് മണിബന്ധത്തിൽ ട്രാൻസ്‍വേഴ്സ് കാർപൽ ലിഗമെന്റിന്റെ (transverse carpel ligament) അടിയിൽ ഞെരിയുമ്പോൾ ആണിതു സംഭവിക്കുക. കൈയിൽ ഷോക്കും മരവിപ്പും അനുഭവപ്പെടുന്നു. ചിലപ്പോൾ കുറെ കഴിഞ്ഞാൽ കൈ ശോഷിച്ചുവരെ പോകാം. തളളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരലിന്റെ പകുതിയിൽ ആണ് സാധാരണ വേദന ഉണ്ടാകാറ്. ഉറക്കത്തിനിടയിൽ കൈയ്ക്ക് വേദനയും കഴപ്പും അനുഭവപ്പെടാം. തൈറോയിഡ് ഹോർമോൺ കുറവ്, ഗർഭിണി ആകുമ്പോൾ ഒക്കെ ഇത് ഉണ്ടാകാം.

സൂഷ്മപരിശോധനയിലൂടെ നേർവ് കണ്ടക്ഷൻ സ്റ്റഡി വഴിയും (Nerve conduction study) ഇതു കണ്ടുപിടിക്കാം. ആദ്യഘട്ടത്തിൽ മണിബന്ധത്തിൽ സ്പ്ലിന്റ് ഇടുകയും വേദന കുറയ്ക്കുന്നതിനുളള മരുന്നുകൾ നൽകേണ്ടിയും വരും. നാഡീഞെരുക്കത്തിനു കാരണമാകുന്ന നീർക്കെട്ട് കുറയ്ക്കുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പ്പും എടുക്കാം. ചികിത്സ ഫലിച്ചില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും.

2 പെരിഫറൽ ന്യൂറോപതി

ഇന്ന് വളരെയധികം കാണപ്പെടുന്ന ഒരു രോഗമാണ് പെരിഫറൽ ന്യൂറോപതി (Peripheral Neuropathy). ഈ രോഗാവസ്ഥയിൽ കൈയിലും കാലുകളിലും കഠിനമായ പുകച്ചിൽ/പെരുപ്പ്/ഷോക്ക് എന്നിവ അനുഭവപ്പെടുന്നു. കൂടാതെ മരവിപ്പും ഉണ്ടാകുന്നു. കാലിലാണു കൂടുതൽ ഉണ്ടാകുന്നത്. വളരെ പതുക്കെ വേദന കൂടിക്കൂടി വരും. കഴുത്തുവേദനയോ നടുവേദനയോ സാധാരണ ഉണ്ടാകാറില്ല. കഠിനമായ പ്രമേഹം, കീമോതെറാപ്പി, എച്ച്ഐവി, ചില മരുന്നുകൾ, വിറ്റമിൻ B12 കുറവ് മുതലായവ കാരണങ്ങളാലാണ് ഇതുണ്ടാകുന്നത്. കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. വേദന കുറയ്ക്കാനുളള മരുന്നുകളുണ്ട്. വേദനയെ നിയന്ത്രിക്കാൻ ആന്റിഡിപ്രസന്റ് മരുന്നുകളും സഹായിക്കാറുണ്ട്.

3. കൈയിലും കാലിലുമുളള വേദന

നട്ടെല്ലിലെ ഡിസ്ക് തെറ്റുമ്പോൾ അത് ആ നിരയിൽ ഉളള ഞരമ്പുകളെ പ്രകോപിപ്പിച്ചു കഠിന ഷോക്ക് പോലെ വേദന ഉണ്ടാകുന്നു. ഡിസ്കിന്റെ പ്രകോപനം കാരണം ഞരമ്പുകളിൽ രക്തയോട്ടം കുറയുന്നു. അതിനാൽ ഞരമ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഈ വേദന, ചുമയ്ക്കുമ്പോഴും മുമ്പിലേക്ക് കുനിയുമ്പോഴും ആണു കൂടുന്നത്. സൂക്ഷ്മമായ പരിശോധനയിലൂടെയും എം.ആർ.ഐ സ്കാനിങ്ങിലൂടെയും ഏതു ഞരമ്പാണെന്ന് അറിയാൻ കഴിയും. ഈ പ്രശ്നത്തിനു പരിഹാരമായി വിശ്രമം, ചില വ്യായാമങ്ങൾ, ചില പ്രത്യേക മരുന്നുകൾ എന്നിവ പ്രയോഗിക്കാവുന്നതാണ്. ചിലപ്പോൾ എപ്പിഡ്യൂറൽ സ്റ്റിറോയ്ഡ് ഇൻജക്ഷൻ താൽക്കാലികമായി വേദന കുറയ്ക്കും. ഈ വക ചികിത്സകൾ ഫലപ്രദമായില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും.

4 കാൽ മുറിച്ച ശേഷം ഫാന്റം ലിംബ്

ഫാന്റം ലിംബ് എന്ന രോഗാവസ്ഥ കാൽ മുറിച്ചു മാറ്റിയവർക്ക് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്. ഇവർക്ക് കാൽ മുറിച്ചു മാറ്റിയശേഷം കാൽ ഉളളത് പോലെ അനുഭവപ്പെടും. ഇതോടൊപ്പം ഇല്ലാത്ത കാലിൽ കഠിനമായ വേദന, പുകച്ചിൽ എന്നിവയും അനുഭവപ്പെടാം. കാലുമുറിച്ച 90 ശതമാനം രോഗികളിലും ഇത് കാണപ്പെടാറുണ്ട്. പക്ഷെ കാലക്രമേണ വേദന കുറഞ്ഞു വരും. ഇതിനു മാനസികമായ ചില ചികിത്സാരീതികളും പ്രയോജനപ്പെട്ടേക്കാം. ടെൻസ്(TENS) എന്ന ഷോക്ക് ചികിത്സ ചെയ്യാറുണ്ട്. ഞരമ്പ് ബ്ലോക്ക് ചികിത്സയും ചിലപ്പോൾ ഗുണം ചെയ്യും.

5 റേഡിയേഷനു ശേഷം

കാൻസർ ചികിത്സയ്ക്ക് റേഡിയേഷൻ നൽകുമ്പോള്‍ ഞരമ്പുകൾ രക്തയോട്ടം നിലച്ചു പ്രവർത്തനശൂന്യം ആകാം. ഈ ഭാഗത്ത് വേദനയും മറ്റ് പ്രശ്നങ്ങളും അനുഭവപ്പെടാം. ഈ അവസ്ഥയെ റേഡിയേഷൻ ഇൻഡ്യൂസ്ഡ് ന്യൂറോപതിക് പെയ്ൻ എന്നു പറയുന്നു. സാധാരണ റേഡിയേഷൻ കഴിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞാണ് ഇതു സംഭവിക്കുക. കൈകാൽ ഞരമ്പുകളെയാണു കൂടുതൽ ബാധിക്കുക. സ്തനാർബുദത്തിന് റേഡിയേഷൻ ചികിത്സയ്ക്കു വിധേരായവരിലും ഇതു കൂടുതലായി കാണുന്നു. ഇക്കൂട്ടരിൽ സ്തനത്തിലും കക്ഷത്തിലും മറ്റും വേദന, മരവിപ്പ്, ഷോക്ക് പോലുളള വേദന എന്നിവ ഉണ്ടാകാം. ബലക്ഷയവും സംഭവിക്കാം. ഇതു ചികിത്സിച്ചു ഭേദമാക്കാൻ വളരെ പ്രയാസമാണ്. ഇതിന്റെ പ്രതിരോധത്തിനും ചികിത്സയ്ക്കുളള ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

6 ഞരമ്പു സംബന്ധമായ വേദനകളില്‍ ഏറ്റവും കഠിനമായ വേദനയാണ് ട്രൈജെമിനൽ ന്യൂറാൾജിയ (Trigeminal Neuralgia). കഠിനമായ വേദന കാരണം ചിലപ്പോൾ ആത്മഹത്യ വരെ ചിലർ ചെയ്തു പോകും. കാറ്റടിച്ചാൽ, തണുത്ത വെളളം കുടിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ ഈ വേദന ഉണ്ടാകാം. മുഖത്തിന്റെ ഒരു ഭാഗത്തു മാത്രമാണ് സാധാരണ ഇത് അനുഭവപ്പെടുന്നത്. ട്രൈജെമിനൽ ഞരമ്പ് ചില രക്തക്കുഴലുകൾ കാരണം ഞെരിയുമ്പോഴാണ് ഇത് സംഭവിക്കുക. ഇതു കാരണം മുഖത്തിന്റെ ഒരു ഭാഗത്തു കഠിനമായ ഷോക്ക് പോലത്തെ വേദന അനുഭവപ്പെടുന്നു. രോഗനിർണയം സൂക്ഷ്മപരിശോധനകളിലൂടെ മാത്രമെ സാധിക്കൂ. ചിലപ്പോൾ ട്രൈജെമിനല്‍ ഞരമ്പിനെ കുത്തിവെയ്പു വഴി ബ്ലോക്ക് ചെയ്യാം. ശസ്ത്രക്രിയ വഴി പ്രശ്നമുണ്ടാക്കുന്ന രക്തക്കുഴലിനെ നീക്കം ചെയ്യാം.

7 മദ്യപാന ന്യൂറോപതി

കഠിനമായ മദ്യപാനം കാരണം കൈകാൽ തരിപ്പും മരവിപ്പും വേദനയും ഉണ്ടാകുന്ന അവസ്ഥയാണ് മദ്യപാന ന്യൂറോപതി. ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടാകുന്നതു കാരണം ഞരമ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമുളള ചില വിറ്റമിനുകൾ ശരീരത്തില്‍ കുറയുന്നു. അതിനാൽ ഞരമ്പുകളുടെ പ്രവർത്തനത്തിനു തകരാർ സംഭവിക്കുന്നു.

ഈ രോഗത്തിന്റെ ചികിത്സയുടെ ആദ്യഭാഗം മദ്യപാനം അവസാനിപ്പിക്കുക എന്നതാണ്. ഇതു ഞരമ്പുകൾക്കു കൂടുതൽ കേടുപാടു സംഭവിക്കാതെ സഹായിക്കും. പിന്നെ ഞരമ്പുകള്‍ക്കും ആവശ്യമുളള വിറ്റമിനുകൾ നൽകാം. അതു സപ്ലിമെന്റു രൂപത്തിലാകാം. കൂടാതെ ഞരമ്പിന്റെ പ്രവർത്തനം പുനരാരംഭിക്കാനുളള മരുന്നുകളും ഉണ്ട്. പക്ഷേ, ചിലപ്പോൾ ഞരമ്പു പൂർണമായും എന്നന്നേക്കുമായി നശിച്ചുപോയേക്കാം.

8 പൊളളൽ പോലെ ഹെർപ്പെറ്റിക്

പോസ്റ്റ് ഹെർപ്പെറ്റിക് ന്യൂറാൾജിയ എന്ന പ്രശ്നത്തിൽ നെഞ്ചിലോ വയറിലോ പൊളളൽ പോലത്തെ വേദന അനുഭവപ്പെടുന്നു. ഹെർപ്പിസ് അണുബാധയ്ക്കു മൂന്നോ അതിലധികമോ മാസത്തിനു ശേഷമാണ് വേദന ഉണ്ടാകുന്നത്. അതികഠിനമായ വേദനയോടൊപ്പം ദേഹത്ത് കുമിളകളും പ്രത്യക്ഷപ്പെടും. ഹെർപിസ് വൈറസ് ഞരമ്പിനെ പ്രകോപിപ്പിക്കുമ്പോഴാണ് ഇതുപോലത്തെ പൊള്ളുന്ന വേദന അഥവാ ഷോക്ക് അടിക്കുന്നതുപോലെ അനുഭവപ്പെടുന്നത്. ഈ വൈറസിന് എതിരെയുളള ചികിത്സ ഉടൻ ആരംഭിക്കണം. വേദന കുറയ്ക്കാനുളള മരുന്നുകളും ഉപയോഗിക്കണം. മരുന്നുകൾ കഴിച്ചിട്ടും വേദന കുറയുന്നില്ലെങ്കില്‍ ഞരമ്പിനെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഫലപ്രദമാകും.

9 തുടയുടെ പുറംഭാഗത്തു മരവിപ്പ് അഥവാ പുകച്ചിൽ അഥവാ ഷോക്ക് പോലുളള വേദന അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് മെറാൾജിയ പാരാസ്തെറ്റിക. തുടയുടെ പുറംഭാഗത്തെ സംവേദനത്തിനു കാരണമായ ലാറ്ററൽ ഫിമോറൽ ക്യൂട്ടേനിയസ് നെർവ് (Lateral femoral cutaneous) എന്ന ഞരമ്പിനു കേടു സംഭവിക്കുമ്പോഴാണ് ഈ വേദന അനുഭവപ്പെടുക. അമിതവണ്ണം, ഗർഭം, വയറിൽ വെള്ളം കെട്ടുക(ascitis), വയറില്‍മുഴ, പരിക്ക് മുതലായ കാരണങ്ങളാണ് ഇതുണ്ടാക്കുന്നത്. കാരണം കണ്ടുപിടിച്ചു ചികിത്സിക്കുകയാണു പ്രധാനം. ചികിത്സയുടെ ഭാഗമായി ഞരമ്പിനെ മരവിപ്പിക്കാനുളള കുത്തിവയ്പ് ചെയ്യാം. കൂടാതെ വേദന കുറയ്ക്കാനുളള മരുന്നുകളും ഉണ്ട്. ഫിസിയതെറാപ്പിയും ഈ രോഗാവസ്ഥയ്ക്കു ഫലപ്രദമാണ്.

10 കഠിനമായ നടുവേദന

പ്രായസംബന്ധമായുളള കഠിനമായ തേയ്മാനം കാരണം സുഷുമ്നാനാഡിക്കും (Spinal cord) ഞരമ്പുകൾക്കും ഞെരുക്കം(compression) ഉണ്ടാകുന്നു. ഇതുമൂലം കഠിന നടുവേദന, പിൻഭാഗവേദന(Buttocks), കാലുവേദന കൂടാതെ മരവിപ്പും തരിപ്പും അനുഭവപ്പെടുന്നു. ഈ അവസ്ഥയാണ് ന്യൂറോജനിക് ക്ലോഡിക്കേഷൻ. ഇതിനെ സ്യൂഡോക്ലോഡിക്കേഷൻ എന്നും പറയുന്നു. ഈ രോഗാവസ്ഥയിൽ സാധാരണ നടക്കുമ്പോൾ വേദന കൂടുകയും വിശ്രമിക്കുമ്പോൾ വേദന കുറയുകയും ചെയ്യുന്നു. പലപ്പോഴും രണ്ടു കാലിലും ഒരേ പോലെ വേദന ഉണ്ടാകാം. ഇവർക്ക് പടികൾ കയറാനും ഭാരം വലിക്കാനുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാകും. ചികിത്സയുടെ ഭാഗമായി വേദന കുറയ്ക്കാൻ മരുന്നുകളുണ്ട്. പക്ഷേ, മരുന്നുകൊണ്ട് ഫലം കണ്ടില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.

ഡോ.അരുൺ ഉമ്മൻ
ചീഫ് കൺസൽറ്റന്റ്
ന്യൂറോ സർജൻ
ലേക്്ഷോർ ഹോസ്പിറ്റൽ
കൊച്ചി
 

Your Rating: