Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിക്കണം..! കടന്നലും അപകടകാരി

wasp

വലുപ്പത്തില്‍ ചെറിയവനെങ്കിലും കടന്നല്‍ അപകടകാരിയാണ്. പ്രത്യേകിച്ചും കൂട്ടമായി ആക്രമിക്കുമ്പോള്‍. പാമ്പിന്‍വിഷത്തിന്റെ പത്തിലൊന്നു വിഷം ഓരോ കടന്നലിലുമുണ്ടെന്നറിയുക. പത്തു കടന്നല്‍ ചേര്‍ന്നാല്‍ പാമ്പു കടിച്ചതിനു തുല്യമായില്ലേ. കടന്നലില്‍ ഏറ്റവും അപകടകാരി കാട്ടു കടന്നലാണ്. കാഴ്ചയില്‍ തേനീച്ച പോലെ തോന്നിക്കുമെങ്കിലും കടന്നല്‍ തേന്‍ ഉല്‍പാദിപ്പിക്കുന്നില്ല.

മര്‍മത്തിലാണു കടന്നല്‍ കുത്തുക. ശരീരത്തിലെ 107 മര്‍മ ഭാഗങ്ങളില്‍ വിഷദംശം ഏറ്റാല്‍ പ്രഹരശേഷി പതിന്മടങ്ങാകും. മര്‍മം നോക്കി കുത്താനും കടന്നലുകള്‍ക്കറിയാം. പ്രത്യേകിച്ചും അരയ്ക്കു മുകളിലായിരിക്കും ആക്രമണം. നെറ്റിയുടെ മധ്യം, ഹൃദയഭാഗം, ചെന്നി, കഴുത്തിന്റെ വശങ്ങള്‍, തൊണ്ടയുടെ അടുത്ത് എന്നിവിടങ്ങളില്‍ കുത്തേറ്റാല്‍ വിഷം പെട്ടെന്നു സംക്രമിക്കും.

പാമ്പിന്‍ വിഷത്തിനു സമാനമാണു കടന്നലിന്റെ വിഷത്തിന്റെയും പ്രവര്‍ത്തനം. രക്തം, നാഡീവ്യവസ്ഥ, ശ്വാസകോശം എന്നിവിടങ്ങളെയും ബാധിക്കും. അതിനേക്കാളുപരി കുത്തേറ്റ ഭാഗത്തു പ്രതിരോധം ശക്തമാക്കുന്നതിനു ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളും വിപരീതഫലം സൃഷ്ടിക്കും. കടുത്ത അലര്‍ജിയാണു കടന്നല്‍ കുത്ത് നല്‍കുന്നത്. ഇതിനെതിരെ വ്യാപകമായി ആന്റി ഹിസ്റ്റമിനുകള്‍ പുറപ്പെടുവിക്കുന്നതു മൂലമാണു ദേഹം മുഴുവനും നീര് വരുന്നത്.

100ലും 101ലും രക്ഷയില്ല

കടന്നലിനു മുന്നില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കൈമലര്‍ത്തുന്നു. അഗ്നിശമനസേനയ്ക്കോ പൊലീസിനോ വനംവകുപ്പിനോ കടന്നലിനെ നേരിടാന്‍ പരിശീലനം പോലുമില്ല. നിയമപരമായി അവയെ ഉപദ്രവിക്കാനും പാടില്ല. എന്നാല്‍ കടന്നല്‍കൂട് കണ്ടെത്തിയാല്‍ ഇപ്പോള്‍ അഗ്നിശമനസേനയുടെ സഹായം തേടുന്നതു പതിവായിട്ടുണ്ട്. മുന്‍പു രാത്രികാലങ്ങളില്‍ ആദിവാസികളുടെ സഹായത്തോടെ കത്തിച്ചു കളഞ്ഞിരുന്നു. ചില സ്ഥലങ്ങളില്‍ അഗ്നിശമനസേന ശക്തിയായി വെള്ളം ചീറ്റിച്ചു കൂടു നശിപ്പിച്ചു കളയുന്നുണ്ട്. സന്ധ്യയ്ക്കാണ് ഓപറേഷന്‍ കടന്നല്‍ നടപ്പാക്കുന്നത്. പൊതുവെ ചലനശേഷി കുറവായ റാണി ഈച്ച ജലപ്രവാഹത്തില്‍ ചത്തു പോകുന്നതോടെ കടന്നല്‍ക്കൂട്ടം മറ്റു സ്ഥലങ്ങളിലേക്കു പോകുമെന്നാണു പറയപ്പെടുന്നത്.

വൈകരുത് വൈദ്യസഹായം

മരണത്തില്‍ നിന്നു രക്ഷപ്പെട്ടാലും കുത്തേറ്റ ഭാഗത്തു സ്പര്‍ശനം നഷ്ടപ്പെടുക പോലുള്ള അവസ്ഥയും ഭാവിയിലുണ്ടാകും. ഓടിരക്ഷപ്പെട്ട് വെള്ളത്തില്‍ മുങ്ങുകയാണു കാട്ടിലുള്ളവര്‍ ചെയ്യുന്നത്. എന്നാല്‍ പോലും ഇര പോയ വഴി പിന്തുടരാനും ഏറെ നേരം കാത്തു നില്‍ക്കാനും കടന്നലുകള്‍ക്കറിയാം. ഉടനടി വൈദ്യസഹായം നല്‍കണം. ശരീരത്തില്‍ നിന്നു കൊമ്പ് ഊരി മാറ്റുകയും അലര്‍ജിക്കുള്ള മരുന്നുകള്‍ നല്‍കുന്നതും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. കുത്തേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തണം. ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനം, രക്തസമ്മര്‍ദം താഴുക തുടങ്ങിയ അവസ്ഥയും ജീവനു ഭീഷണി ഉയര്‍ത്തുന്നതാണ്.

കടന്നൽ കുത്തേറ്റാലുള്ള അലർജി മാരകമാകും

വിഷത്തേക്കാളേറെ അലർജിയാണ് കടന്നൽ കുത്തേറ്റുള്ള മരണത്തിനു വഴിയൊരുക്കുന്നത്. ശരീരത്തിൽ പ്രവേശിക്കുന്ന കടന്നൽകൊമ്പിനെതിരെ ശരീരം പ്രവർത്തിക്കും. ദേഹത്തിനു പുറത്തു കാണുന്നതുപോലെ അകത്തും നീരുവ്യാപിക്കും. രക്തക്കുഴലുകൾ അടക്കം നീരുവന്നു തടിക്കുന്നതോടെ ശ്വാസംമുട്ടൽ അനുഭവപ്പെടും. ഇതാകും മരണകാരണമാകുകയെന്നു ഡോക്ടർമാർ പറയുന്നു. കൂട്ടമായി കടന്നലുകൾ ആക്രമിക്കുമ്പോൾ ശരീരമാകെ അലർജി വ്യാപിക്കുന്നു. കുത്തേറ്റാൽ രക്തസമ്മർദം താഴുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്നത് മരണകാരണമാകും. ഇത്തരം കേസുകളിൽ ഒരു കടന്നൽക്കുത്ത് ഏറ്റാലും മരണം സംഭവിക്കാം.

വിവരങ്ങള്‍ക്കു കടപ്പാട് ഡോ. ടി.ഡി. ഉണ്ണിക്കൃഷ്ണന്‍ കര്‍ത്ത, ഡോ. കെ.ടി. വിനോദ് കൃഷ്ണന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.